Breaking

Saturday, May 30, 2020

സ്പ്രിംഗ്ലര്‍ റിപ്പോര്‍ട്ട് വൈകുമെന്ന് അന്വേഷണ സമിതി

ചെന്നൈ: സ്പ്രിംഗ്ലർ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പൂർത്തിയായിട്ടില്ലെന്ന് അന്വേഷണസമിതി തലവൻ എം മാധവൻ നമ്പ്യാർ പറഞ്ഞു. തെളിവെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണം പൂർത്തിയാവാൻ ഇനിയും സമയമെടുക്കും. മാതൃഭൂമി ഡോട്ട്കോമിനോട് തിരുവനന്തപുരത്തുനിന്ന് ടെലിഫോണിൽ സംസാരിക്കവെയാണ് മാധവൻ നമ്പ്യാർ ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണ റിപ്പോർട്ട് എന്നേയ്ക്ക് സമർപ്പിക്കാനാവും എന്ന ചോദ്യത്തിന് മാധവൻ നമ്പ്യാർ വ്യക്തമായ മറുപടി നൽകിയില്ല. അസാധാരണമായ സാഹചര്യങ്ങളിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോവുന്നത്. അതുകൊണ്ടുതന്നെ വിചാരിക്കുന്ന സമയത്ത് കാര്യങ്ങൾ നടക്കണമെന്നില്ല. ഏപ്രിൽ 22നാണ് കേരള സർക്കാർ അന്വേഷണ സമിതിക്ക് രൂപം നൽകിയത്. മുൻ കേന്ദ്ര വ്യോമയാന സെക്രട്ടറി എം മാധവൻ നമ്പ്യാരും മുൻ കേരള സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനുമാണ് സമിതിയിലുള്ളത്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. നാലു കാര്യങ്ങളാണ് സർക്കാർ അന്വേഷണ സമിതിക്ക് വിട്ടത്. കൊവിഡ് 19 ബാധിതരുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനം സ്പ്രിംഗ്ലറുമായുള്ള കരാറിൽ ഉറപ്പാക്കിയിട്ടുണ്ടോ എന്നതാണ് ആദ്യത്തേത്. സ്പ്രിംഗ്ലറുമായി കരാറിലേർപ്പെട്ടപ്പോൾ നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതാണ് സമിതി അന്വേഷിക്കുന്ന രണ്ടാമത്തെ കാര്യം. എന്തെങ്കിലും വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ കൊവിഡ് 19 ഉയർത്തുന്ന അസാധാരണ സാഹചര്യം അവ അനിവാര്യമാക്കിയിരുന്നോ എന്നതാണ് സമിതിയുടെ അന്വേഷണപരിധിയിലുള്ള മൂന്നാമത്തെ കാര്യം. ഭാവിയിൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകാനും സർക്കാർ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പ്രിംഗ്ലറുമായുണ്ടാക്കിയ കരാറിൽ അഴിമതിയുണ്ടെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് കരാറിന് രൂപം നൽകിയതെന്നും വ്യക്തികളുടെ സ്വകാര്യത സ്പ്രിംഗ്ലർ ലംഘിക്കുകയാണെന്നും ആക്ഷേപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കേരള സർക്കാരിനെതിരെ ഈ വിഷയത്തിൽ രംഗത്തു വന്നത്. Content Highlights:Sprinklr controversy


from mathrubhumi.latestnews.rssfeed https://ift.tt/3dn2TFO
via IFTTT