Breaking

Sunday, June 2, 2019

കൊച്ചുവേളി-ഇന്ദോർ എക്സ്‌പ്രസിൽ മലയാളികളെ കൊള്ളയടിച്ചു

മുംബൈ: കൊച്ചുവേളിയിൽനിന്ന് ഇന്ദോറിലേക്ക് പോകുന്ന ഇന്ദോർ പ്രതിവാര എക്സ്‌പ്രസിൽ (19331) മലയാളികളെ കൊള്ളയടിച്ച് പണവും സ്വർണവും കവർന്നു. ശനിയാഴ്ച പുലർച്ചെ രണ്ടിന് മങ്കി സ്റ്റേഷനും ഹൊന്നാവർ സ്റ്റേഷനുമിടയിലാണ് സംഭവം. ഉഡുപ്പിക്കുശേഷം കാർവാറിലേ ഈ വണ്ടിക്ക് സ്റ്റോപ്പുണ്ടായിരുന്നുള്ളൂ. എന്നാൽ മോഷ്ടാവ് കവർച്ചസാധനങ്ങളുമായി അധികം വേഗതയില്ലാതിരുന്ന തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെട്ടു.മേയ് 31-ന് രാവിലെ കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട ട്രെയിനിലെ എസ് 6 കമ്പാർട്ട്മെന്റിലാണ് മോഷണം നടന്നത്. രണ്ടു മലയാളി വീട്ടമ്മമാരാണ് മോഷണത്തിനിരയായത്. വാതിലിനടുത്തുള്ള സീറ്റുകളിലാണ് ഇവർ ഇരുന്നത്.കായംകുളത്തുനിന്ന് പനവേലിലേക്ക് യാത്ര ചെയ്തിരുന്ന പത്തനംതിട്ട മാത്തൂർ അടകൽ വീട്ടിൽ റെജി വർഗീസിന്റെ അമ്മ പൊന്നമ്മ തോമസിന്റെ ബാഗാണ് ആദ്യം കവർന്നത്. ഇത് റെജിയും അമ്മയും അറിഞ്ഞില്ല. പുണെ പിംപ്രി വാസ്വാണി ലെയ്‌നിൽ താമസിക്കുന്ന റെജിയുടെ അമ്മയ്ക്ക് 5,000 രൂപയും മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്.’’അമ്മ നല്ല ഉറക്കത്തിലായിരുന്നു. അപ്പോൾ അറിഞ്ഞില്ല. സമീപത്തുകിടന്ന മറ്റൊരു സ്ത്രീയുടെ ബാഗ് നഷ്ടപ്പെട്ടപ്പോൾ ഒച്ചവെച്ചതു കേട്ട് ഉണർന്നപ്പോഴാണ് കാര്യമറിഞ്ഞത്. അപ്പോൾതന്നെ ടി.ടി.ആറിനെ അറിയിച്ചിട്ടും രാവിലെയാണ് പരാതി സ്വീകരിച്ചത്. പിന്നീട് വണ്ടി രത്നഗിരിയിൽ എത്തിയപ്പോൾ പരാതി ആർ.പി.എഫിന് കൈമാറി’’ - റെജി വർഗീസ് പറഞ്ഞു.ആലുവായിൽ നിന്ന്‌ ഗുജറാത്തിലെ വാപ്പിയിലേക്ക് യാത്രചെയ്ത രവി പിള്ളയുടെ കുടുംബത്തിന് വിലപിടിപ്പുള്ള രേഖകളും വീടിന്റെ താക്കോലും 20,000 രൂപയും പത്തു ഗ്രാം സ്വർണവും മൊബൈലും വാച്ചും നഷ്ടപ്പെട്ടു. രവി പിള്ളയുടെ ഭാര്യ വനജയുടെ വാനിറ്റി ബാഗാണ് കള്ളൻ കൊണ്ടുപോയത്. കാലടി സ്വദേശിയായ രവി പിള്ള സിൽവാസയിൽ ടെക്‌സ്റ്റൈൽ കമ്പനി ജോലിക്കാരനാണ്. ഭാര്യയും രണ്ടു കുട്ടികളുമൊത്താണ് ഇദ്ദേഹം യാത്ര ചെയ്തിരുന്നത്.’’ബാഗ് ചുരിദാറിന്റെ ദുപ്പട്ടയിൽ കെട്ടി കാലിൽ കുരുക്കിയാണ് ഉറങ്ങിയത്. മോഷ്ടാവ് ബാഗ് വലിച്ചപ്പോൾ ഞാൻ അറിഞ്ഞു. എന്നാൽ പിടികൂടാൻ കഴിയുന്നതിനു മുന്പ് അയാൾ ബാഗും ദുപ്പട്ടയുമടക്കം ഓടുകയും സാവധാനത്തിലായിരുന്ന തീവണ്ടിയിൽനിന്ന് ചാടുകയും ചെയ്തു. പാന്റ്സും ഷർട്ടും ധരിച്ച, അധികം ഉയരമില്ലാത്ത, ചെറുപ്പക്കാരനായ ഒരാളായിരുന്നു മോഷ്ടാവ്’’ - വനജ പറഞ്ഞു.ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ മൊബൈൽ ഫോൺ ഭീവണ്ടി ഭാഗത്തുള്ളതായി മനസ്സിലാക്കാനായതായി രവി പിള്ള പറഞ്ഞു.തീവണ്ടിയിൽ മോഷണങ്ങൾ തുടർക്കഥയാകുമ്പോഴും റെയിൽവേ മുൻകരുതലൊന്നുമെടുക്കാതെ യാത്രികരുടെ ജീവനും സ്വത്തിനും യാതൊരു വിലയും കൽപിക്കുന്നില്ലെന്ന് മറ്റു യാത്രികർ പരാതിപ്പെട്ടു.


from mathrubhumi.latestnews.rssfeed http://bit.ly/2HQCmmM
via IFTTT