Breaking

Monday, June 24, 2019

പ്രവർത്തകർ ജനമനസ്സറിയുന്നില്ല -സി.പി.എം.

തിരുവനന്തപുരം: കുറ്റം പറയാനില്ലാത്ത ഭരണമുണ്ടായിട്ടും ജനങ്ങൾ പാർട്ടിക്കൊപ്പം നിൽക്കുന്നില്ലെങ്കിൽ അതിന്റെ കാരണം കണ്ടെത്തണമെന്ന് സി.പി.എം. റിപ്പോർട്ട്. ജനങ്ങളുടെ മനസ്സറിയാൻ പ്രവർത്തകർക്കാവുന്നില്ല. കേരളത്തിൽ ബി.ജെ.പി. സ്വാധീനമുറപ്പിക്കുന്നത് കാണാതിരിക്കരുത്. പ്രവർത്തനവും പ്രചാരണവും ജനങ്ങളിലെത്താത്ത വെറും ചടങ്ങ് മാത്രമാകുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും സി.പി.എം. സംസ്ഥാനസമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബൂത്തുതലത്തിലുള്ള കണക്കുകൾ പിഴയ്ക്കുകയാണ്. തിരഞ്ഞെടുപ്പിൽ വലിയ വിജയമുണ്ടാകുമെന്നു കണക്ക് നിരത്തുകയും വലിയ പരാജയം ഏറ്റുവാങ്ങുകയുമാണുണ്ടായത്. ഇതിനർഥം, ജനങ്ങളുടെ മനസ്സറിയാൻ പ്രവർത്തകർക്കു കഴിയുന്നില്ല എന്നതാണ്. തിരുത്തലുകൾ വരുത്താൻ ഒരുപാടുണ്ട്. അത് ഓരോന്നായി കണ്ടെത്തി തിരുത്തൽ നടപടിയുണ്ടാകേണ്ടിയിരിക്കുന്നുവെന്നും സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെട്ടതാണെന്ന് എല്ലാവിഭാഗം ജനങ്ങളും സമ്മതിക്കുന്നുണ്ട്. അതു വോട്ടാക്കി മാറ്റാൻ കഴിയാത്തത് പാർട്ടി അംഗങ്ങളുടെ പ്രവർത്തനത്തിലെ വീഴ്ചയാണ്. ആശയ-രാഷ്ട്രീയ പ്രചാരണത്തിലും സംഘടനാ പ്രവർത്തനത്തിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. ബി.ജെ.പി.യുടെ വളർച്ച ഗൗരവത്തോടെ കാണാനാകണം. ഇടതുമുന്നണിയെ എങ്ങനെയെങ്കിലും തോൽപ്പിക്കണമെന്നതായിരുന്നു ബി.ജെ.പി.യുടെ ലക്ഷ്യം. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് എന്നീ അഞ്ചുമണ്ഡലങ്ങളിലൊഴികെ ബി.ജെ.പി.വോട്ടുകൾ യു.ഡി.എഫിന് ലഭിക്കുന്ന സ്ഥിതിയുണ്ടായി. എന്നിട്ടും 15.56 ശതമാനം വോട്ടുശതമാനം ബി.ജെ.പി.ക്ക് നിലനിർത്താനായി. ഇതിനെ നിസ്സാരവത്കരിക്കേണ്ടതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ ജനവിശ്വാസം വീണ്ടെടുക്കാനുള്ള തിരുത്തലുകൾ വേണമെന്നാണ് കേന്ദ്രകമ്മിറ്റിയുടെ നിർദേശമായി സംസ്ഥാനസമിതിയിൽ കോടിയേരി അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പിനുമുമ്പ് ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യമില്ലാത്തതും ത്രിപുര, ബംഗാൾ എന്നിവിടങ്ങളിലെ പാർട്ടിയുടെ തകർച്ചയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed http://bit.ly/2J5ZEo0
via IFTTT