അമൃത്സർ: സിഖുകാരുടെ വിശുദ്ധഗ്രന്ഥത്തെ അപമാനിച്ച കേസിലെ പ്രതി ജയിലിനുള്ളിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചാബിൽ സുരക്ഷ ശക്തിപ്പെടുത്തി. 2015ൽ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിനെ അപമാനിച്ച കേസിൽ ജയിലിലായ മൊഹിന്ദർ പാൽ ബിട്ടുവാണ് ജയിലിനുള്ളിൽ കൊല്ലപ്പെട്ടത്. പട്യാലയിലെ ന്യൂ നാഭ ജയിലിനുള്ളിൽ വെച്ച് രണ്ട് തടവുപുള്ളികളാണ് മൊഹീന്ദർ പാൽ ബിട്ടുവിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 5.45 ന് ഗുർസേവക് സിങ്, മനീന്ദർ സിങ് എന്നിവർ ചേർന്ന് കമ്പിവടി ഉപയോഗിച്ച് മൊഹീന്ദറിനെ മർദ്ദിച്ചിരുന്നു. മാരകമായി പരിക്കേറ്റ മൊഹീന്ദറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. ഇതേതുടർന്ന് സംസ്ഥാനത്ത് സംഘർഷം ഉണ്ടായാൽ നേരിടാൻ ബിഎസ്എഫ്, ദ്രുതകർമ സേന എന്നിവയുടെ 12 കമ്പനി സൈനികരെ വിന്യസിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മൊഹിന്ദർ പാൽ ബിട്ടു ദേരാ സച്ചാ സൗദ വിഭാഗത്തിൽ പെട്ട ആളാണ്. ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിച്ചതിന് പിന്നാലെ പഞ്ചാബിൽ കലാപം ഉണ്ടായിരുന്നു. തുടർന്ന് സംഘർഷം നിയന്ത്രിക്കാൻ മൊഗാ ജില്ലയിൽ പോലീസ് നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. അധികാരത്തിലെത്തിയ അമരീന്ദർ സിങ് സർക്കാർ വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. സിഖ് വിശ്വാസത്തെ അവഹേളിച്ചുവെന്ന വിഷയത്തിൽ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം മാപ്പ് പറയേണ്ടി വന്ന സംഭവത്തിന് ഗുരുഗ്രന്ഥ സാഹിബിനെ അപമാനിച്ചതുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സമയങ്ങളിൽ ഗുർമീതിനെ സംരക്ഷിച്ച് നിർത്തിയിരുന്നത് അന്നത്തെ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ ആണെന്ന് ആരോപണമുണ്ടായിരുന്നു. Content Highlights:Punjab Sacrilege Accused Killed In Jail, Security step up in Panjab
from mathrubhumi.latestnews.rssfeed http://bit.ly/31OsUs7
via
IFTTT