മുംബൈ: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയെന്ന കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അർണബിനെ കൂടാതെ റിപ്പബ്ലിക് ടിവി ചാനലിലെ രണ്ട് പേർക്കെതിരെ കൂടി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏപ്രിൽ 29ന് റിപ്പബ്ലിക് ടിവിയിലൂടെ ബാന്ദ്രയിലെ ഒരു മുസ്ലീം പള്ളിയെക്കുറിച്ച് തെറ്റായ പരാമർശം നടത്തിയെന്നാണ് കേസ്. പള്ളിക്ക് മുൻപിലുണ്ടായ ആൾക്കൂട്ടത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട് ഇതിനെ ചോദ്യം ചെയ്യുന്നതരത്തിലുള്ള പരാമർശങ്ങളാണ് ചാനലിലൂടെ ഉയർത്തിയത്. എന്നാൽ ഏപ്രിൽ 14ന് ലോക്ക് ഡൗൺ നീട്ടിയതിനെ തുടർന്ന് നാടുകളിലേക്ക് തിരികെ പോവണമെന്ന ആവശ്യമുന്നയിച്ച് സംഘം ചേർന്ന കുടിയേറ്റ തൊഴിലാളികളുടെ ചിത്രമായിരുന്നു ചാനൽ തെറ്റായി വ്യാഖ്യാനിച്ച് ഏപ്രിൽ 29ന് പുറത്തുവിട്ടതെന്നാണ് പരാതി. ഇതിനെതിരെ റാസ എജ്യുക്കേഷൻ വെൽഫെയർ സൊസൈറ്റി സെക്രട്ടറി ഇർഫാൻ അബൂബക്കർ ഷെയ്ക്ക് സൗത്ത് മുംബൈ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മുസ്ലീം പള്ളിക്കും പള്ളിക്ക് പുറത്തുണ്ടായ ആൾക്കൂട്ടത്തിനും തമ്മിൽ ബന്ധമില്ലെന്ന് പരാതിയിൽ ഇർഫാൻ അബൂബക്കർ പറയുന്നു. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെുള്ള പ്രകോപനം, മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, മത വികാരങ്ങളെ വ്രണപ്പെടുത്തി, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ സോണിയ ഗാന്ധിക്കെതിരായ വിവാദപരാമർശത്തിലും അർണബിനെതിരെ അന്വേഷണം നടന്നിരുന്നു. രാജ്യത്തെ 150ഓളം കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലായിരുന്നു അന്വേഷണം.മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ട് സന്യാസിമാർ ഉൾപ്പെടെ മൂന്ന് പേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് നടത്തിയ ചാനൽ ചർച്ചയ്ക്കിടെയാണ്കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെ അർണബ് പരാമർശം നടത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/35qemkH
via
IFTTT