Breaking

Sunday, May 17, 2020

തിരികെ എത്തിയ തൊഴിലാളികളെ ആരോഗ്യ പ്രവര്‍ത്തകരാക്കി മാറ്റും, ഒഡീഷയുടെ പദ്ധതി ഇങ്ങനെ

ഭുവനേശ്വർ: ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് തിരികെ എത്തുന്നവർ വിവിധ സംസ്ഥാനങ്ങൾക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇവരെ താത്കാലികമായി സാമ്പത്തികമായി സഹായിക്കുക എന്നത് സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യതയുമാണ്. എന്നാൽ ഇതിന് മറുവഴി കണ്ടെത്തിയിരിക്കുകയാണ് ഒഡീഷ സർക്കാർ. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങി വരുന്ന തൊഴിലാളികൾക്ക് പരിശീലനം നൽകി അവരെ കമ്യൂണിറ്റി ഹെൽത്ത് വർക്കർമാരായി മാറ്റുന്ന പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് മടങ്ങി വന്നവരെ നിലവിൽ അതാത് പഞ്ചായത്തുകളിൽ സജ്ജമാക്കിയ ക്വാറന്റൈൻ കേന്ദ്രങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകരാകാൻ സന്നദ്ധത അറിയിക്കുന്നവർക്ക് പരിശീലനം നൽകും. ജോലി തുടങ്ങിയാൽ ദിവസം 150 രൂപ പ്രതിഫലം നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ മടങ്ങിയെത്തിയതിന് പിന്നാലെ ഒഡീഷയിൽ കോവിഡ്-19 കേസുകളുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. സ്ഥാനത്ത് ഇപ്പോൾ 737 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നുപേർ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. ഒഡീഷയിലെ എല്ലാ പഞ്ചായത്തുകളിലായി 15,000 ക്വാറന്റൈൻ ക്യാമ്പുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇത്രയും കേന്ദ്രങ്ങളിലായി ആറുലക്ഷം പേരെ ഉൾക്കൊള്ളാനാകും. നിലവിൽ ഒരുലക്ഷം തൊഴിലാളികൾ മാത്രമാണ് ക്യാമ്പുകളിലുള്ളത്. എന്നാൽ തിരികെ വരുന്നവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതയിലുമാണ്. നിലവിൽ ഇവരെ പരിശീലിപ്പിച്ച് കമ്യൂണിറ്റി ഹെൽത്ത് വർക്കർമാരായി താത്കാലികമായി നിയോഗിക്കാമെന്നാണ് സർക്കാർ കരുതുന്നത്. എന്നാൽ തൊഴിലാളികൾ ലോക്ക് ഡൗണിന് ശേഷവും നാട്ടിൽ തങ്ങാനാണ് തീരുമാനിക്കുന്നതെങ്കിൽ മറ്റ് മേഖലകളിലേക്കും ഇവരെ പ്രയോജനപ്പെടുത്താമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. Colntent Highlights:at Odisha migrants being trained as health workers


from mathrubhumi.latestnews.rssfeed https://ift.tt/2LMJbXT
via IFTTT