Breaking

Monday, May 4, 2020

കൊച്ചയ്യപ്പന്റെ ലോക്‌ഡൗൺ നീങ്ങി; കൂട്ടിമുട്ടിയ കൊമ്പുകൾ മുറിച്ചുമാറ്റി

കൊട്ടാരക്കര : ഇരട്ട ലോക് ഡൗണിൽനിന്ന് വെള്ളിമൺ കൊച്ചയ്യപ്പൻ എന്ന ആനയ്ക്ക് മോചനം. വളർന്നു കൂട്ടിമുട്ടിയ കൊമ്പുകളുടെ അഗ്രങ്ങൾ മുറിച്ചുമാറ്റിയതോടെ ഇനി സ്വസ്ഥമായി തീറ്റയെടുക്കാം, വെള്ളം കുടിക്കാം. കൊമ്പുകൾ വളർന്നു ദുരിതത്തിലായ കൊച്ചയ്യപ്പൻ മാതൃഭൂമി പത്രത്തിലും ചാനലിലും വാർത്ത ആയതോടെയാണ് ലോക് ഡൗൺ കാലത്തുതന്നെ കൊമ്പ് മുറിക്കാൻ നടപടിയായത്. വാർത്ത ശ്രദ്ധയിൽപെട്ട കൽക്കട്ട ചീഫ് ജസ്റ്റിസും കൊല്ലം സ്വദേശിയുമായ തോട്ടത്തിൽ രാധാകൃഷ്ണൻ അടിയന്തര നടപടിയെടുക്കാൻ സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഞായറാഴ്ച തന്നെ കൊമ്പ് മുറിക്കണമെന്നായിരുന്നു നിർദ്ദേശം. തുടർന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അധികൃതർ ഇടപെട്ട് എറണാകുളത്തുനിന്ന് കൊമ്പ് മുറിച്ചുമാറ്റാനുള്ള വിദഗ്ധൻ വിനയൻ, റാന്നിയിൽനിന്ന് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ശ്യാം എന്നിവരെ സ്ഥലത്തെത്തിച്ചു. കൊല്ലം സബ് ജഡ്ജി സുനിത ചിറക്കടവ് മേൽനോട്ടം വഹിച്ചു. അഡീ. ഡി.എഫ്.ഒ. ഹീരാലാൽ, റേഞ്ച് ഓഫീസർ ബാബുരാജ് പ്രസാദ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. ആറിഞ്ചോളം നീളത്തിൽ ഇരുകൊമ്പുകളും മുറിച്ചുമാറ്റുകയും അഗ്രങ്ങൾ രാകി ഭംഗിവരുത്തുകയും ചെയ്തു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ഡൗണിനേക്കാൾ കൊച്ചയ്യപ്പനെ വലച്ചത് കൊമ്പുകൾ തീർത്ത ലോക്കായിരുന്നു. ഇനി തലയെടുപ്പോടെ കൊച്ചയ്യപ്പന് നിവർന്നുനിന്ന് തീറ്റയെടുക്കാം. ആനയുടമ ഓമനക്കുട്ടൻ മൂന്ന് മാസംമുമ്പ് കൊമ്പ് മുറിക്കാൻ വനം വകുപ്പിന് അപേക്ഷ നൽകിയിരുന്നു. അനുമതി ആയെങ്കിലും തുടർ നടപടികൾ ലോക്ഡൗണിൽ കുരുങ്ങി. ഇതോടെയാണ് കൊച്ചയ്യപ്പൻ ഇരട്ട ലോക്ഡൗണിലായത്. Content Highlight: Kochayappans Tusks trimmed


from mathrubhumi.latestnews.rssfeed https://ift.tt/2xwtBvL
via IFTTT