Breaking

Monday, May 4, 2020

ലോക്ഡൗണ്‍: രാജസ്ഥാനിലേക്ക് മടങ്ങാന്‍ 11,051 പേര്‍,കേരളത്തിലേക്ക് മടങ്ങാന്‍ 2121 മലയാളികള്‍

ന്യൂഡൽഹി: കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികളടക്കം 11,051 രാജസ്ഥാനികളെയും രാജസ്ഥാനിൽ നിന്ന് 2121 മലയാളികളെയും നാട്ടിലയക്കുന്നതിനുള്ള നടപടികൾ തയ്യാറായി.ഇവരെ ഉടൻ തീവണ്ടി,ബസ് യാത്രാ മാർഗ്ഗങ്ങളിലൂടെ നാട്ടിലെത്തിക്കുമെന്ന് , ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള മടക്കയാത്രകളുടെ ഏകോപനം നിർവഹിക്കുന്ന രാജസ്ഥാൻ അഡീഷണൽ ഡി.ജി.പി ബിജു ജോർജ് ജോസഫ് മാതൃഭൂമിയോട് പറഞ്ഞു. 11,051 രാജസ്ഥാനികളും 2121 മലയാളികളുമാണ് നാടുകളിലേക്ക് മടങ്ങാൻ സർക്കാരിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്.എറണാകുളത്തു നിന്ന് രാജസ്ഥാനിലെ ജയ്പൂർ,ജോധ്പൂർ,അജ്മീർ,കോട്ട എന്നീ നാല് കേന്ദ്രങ്ങളിലേക്കാണ് തീവണ്ടി സർവീസുകൾ ഏർപ്പെടുത്തുക.സാമ്പത്തിക ശേഷിയില്ലാത്ത അതിഥി തൊഴിലാളികളെ തീവണ്ടികളിൽ ഈ സ്റ്റേഷനുകളിലെത്തിക്കും.ടിക്കറ്റ് നിരക്ക് തൊഴിലാളികൾ വഹിക്കണം.ഈ നാല് കേന്ദ്രങ്ങളിലും കോവിഡ് പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബിജു ജോസഫ് പറഞ്ഞു. കോവിഡ് ലക്ഷണം കണ്ടെത്തുന്നവരെ ഉടൻ തന്നെ ക്വാറന്റയിൻ കേന്ദ്രത്തിലേക്ക് മാറ്റും.അല്ലാത്തവരെ സർക്കാർ ഏർപ്പെടുത്തുന്ന ബസുകളിൽ അതത് ഗ്രാമങ്ങളിലേക്ക് കൊണ്ടു പോകും.ഗ്രാമങ്ങളിലെ സ്കൂളുകളിലും മറ്റും ഇവർക്ക് ക്വാറന്റയിൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.അവിടെ 14 ദിവസം ക്വാറന്റയിനിൽ കഴിഞ്ഞ ശേഷമായിരിക്കും വീടുകളിലേക്ക് വിടുന്നത്. അതിഥി തൊഴിലാളികൾക്ക് പുറമെ രാജസ്ഥാനികളായ കുറച്ച് ചെറുകിട ബിസിനസുകാരും വിദ്യാർഥികളും കേരളത്തിൽ ലോക്ഡൗണിൽ കുടുങ്ങിയിട്ടുണ്ട്.ഇവരെ സ്വന്തം നിലയിൽ ബസുകൾ ബുക്ക് ചെയ്ത് ജയ്പൂരിലേക്ക് മടങ്ങാൻ അനുവദിക്കും.കേരള സർക്കാരിന്റെ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്താൽ ഇവർക്ക് ചെറു ഗ്രൂപ്പുകളായി യാത്ര ചെയ്യാൻ പെർമിറ്റ് ലഭിക്കും.25 പേർക്ക് കയറാവുന്ന ബസുകളിൽ സാമൂഹിക അകലം പാലിച്ച് ഇവർക്ക് യാത്ര ചെയ്യാവുന്നതാണ്.ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് രാജസ്ഥാനികളെ കൊണ്ടു വരുന്ന ഈ ബസുകളിൽ മലയാളികളെ മടക്കി അയക്കാനാണ് ആലോചിക്കുന്നതെന്ന് അഡീഷണൽ ഡി.ജി.പി പറഞ്ഞു.ബസിന്റെ വാടക യാത്രക്കാർ വഹിക്കേണ്ടി വരും.എന്നാൽ സാമ്പത്തിക ശേഷിയില്ലാത്തവരെ സഹായിക്കുന്നതിനായി ചില വ്യക്തികളും സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്.അത് ലഭിക്കാത്തവരെ തീവണ്ടികളിൽ മടക്കും. ഇതിന് പുറമെ,രാജസ്ഥാനിലെ കോട്ടയിൽ വിവിധ പരിശീലന സ്ഥാപനങ്ങളിൽ വിദ്യാർഥികളായ 26 മലയാളികളെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.ഇവർ തിങ്കളാഴ്ച വൈകിട്ട് ബസിൽ നാട്ടിലെത്തും.കർണാടകയിൽ നിന്നുള്ള 200 വിദ്യാർഥികൾ,തമിഴ്നാട്ടിൽ നിന്നുള്ള 100 വിദ്യാർഥികൾ എന്നിവരെ നേരത്തെ തന്നെ മടക്കി അയച്ചിരുന്നു. അതുപോലെ തൃശൂർ നവോദയ വിദ്യാലയത്തിൽ 25 രാജസ്ഥാനി വിദ്യാർഥികളുണ്ടായിരുന്നു.ലോക്ഡൗൺ മൂലം യാത്ര മുടങ്ങിപ്പോയതാണ്.അവർക്കായി ഞായറാഴ്ച പ്രത്യേക ബസ് ഒരുക്കി.അവർ ചൊവ്വാഴ്ച ജയ്പൂരിലെത്തും.ഇവർക്ക് പകരം രാജസ്ഥാനിലുണ്ടായിരുന്ന 25 മലയാളി വിദ്യാർഥികൾ ലോക്ഡൗണിന് മുമ്പ് തന്നെ മടങ്ങിയിരുന്നു.മടക്കയാത്രയുടെ തയ്യാറെടുപ്പുകൾക്ക് കേരള സർക്കാരിന്റെ വിപുലമായ സഹകരണം ലഭിക്കുന്നുണ്ടെന്ന് ബിജു ജോസഫ് പറഞ്ഞു.മുഖ്യമന്ത്രിയുടെ ആഫീസ് വലിയ സഹായം നൽകുന്നുണ്ട്. 1995 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് തിരുവനന്തപുരം സ്വദേശിയായ ബിജു ജോർജ് ജോസഫ്.ജോധ്പൂർ പോലീസ് കമ്മീഷണറായിരിക്കുമ്പോൾ ബിജു ജോസഫിന്റെ നേതൃത്വത്തിലാണ് വിവാദ സ്വാമി അസാറാം ബാപ്പുവിനെ അറസ്റ്റ് ചെയ്ത്. Content Highlight: Lockdown: 11,051 return to Rajasthan, 2121 to return to Kerala


from mathrubhumi.latestnews.rssfeed https://ift.tt/3ddVJ69
via IFTTT