കൊൽക്കത്ത: ബംഗാളിൽ കോവിഡ് കേസുകളും മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ച് ബംഗാൾ സർക്കാർ. അതേസമയം ഓഡിറ്റ് കമ്മിറ്റി കണ്ടെത്തിയ 72 കോവിഡ് രോഗികളുടെ മരണങ്ങൾ ആകെ സംഖ്യയിലേക്ക് ഉൾപ്പെടുത്തില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി രാജീവ് സിൻഹ പറഞ്ഞു. കോവിഡ് ബാധയ്ക്ക് മുൻപ് മറ്റ് രോഗങ്ങൾ മൂലമാണ് ഈ മരണങ്ങൾ എന്നാണ് ചീഫ് സെക്രട്ടറിയുടെ വാദം. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 കോവിഡ് രോഗികൾ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണസംഖ്യ 61 ആയി. എന്നാൽ ഓഡിറ്റ് കമ്മിറ്റി റിപ്പോർട്ട് ചെയ്ത 72 അധിക മരണങ്ങൾ മറ്റ് ഗുരുതരരോഗങ്ങൾ മൂലമുള്ള മരണമാണെന്ന് സിൻഹ പറഞ്ഞു. 105 മരണം റിപ്പോർട്ട് ചെയ്തുവെന്നാണ് ഓഡിറ്റ് കമ്മിറ്റിയുടെ കണ്ടെത്തൽ. ഇതിൽ 33 പേർ കോവിഡ് ബാധിച്ച് മരിച്ചതാണ്. എന്നാൽ 72 പേർ മറ്റ് ഗുരുതര ആരോഗ്യപ്രശ്നം മൂലമാണ് മരണപ്പെട്ടത്. യാദൃശ്ചികമായാണ് ഈ കണക്കുകൾ ഇതിൽ ഉൾപ്പെട്ടത്. സംസ്ഥാനസർക്കാർ തെറ്റായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. ഓഡിറ്റ് കമ്മിറ്റിയുടെ കണക്കുകൾ പ്രകാരമുള്ള 72 മരണം കോവിഡ് മൂലമുള്ളതല്ല, കഴിഞ്ഞ മൂന്ന് ദിവസമായി കോവിഡ് കേസുകൾ സംബന്ധിച്ച വിവരം പുറത്തുവിടാൻ സാധിക്കാത്തത് സംസ്ഥാനത്തിന്റെ കോവിഡ് റിപ്പോർട്ടിങ് സംവിധാനത്തിൽ ചെറിയ പിഴവ് സംഭവിച്ചതിനാലാണ്. ആശുപത്രിയിൽ നിന്നും കോവിഡ് അല്ലാത്ത മരണവും കൂടെ റിപ്പോർട്ട് ചെയ്തതാണ് പ്രശ്നത്തിന് കാരണമായത്. ഇത് പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് സിൻഹ പറഞ്ഞു. ബംഗാളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 61 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തിലെ കോവിഡ് കേസുകൾ 908 ആയതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി. വെള്ളിയാഴ്ച ഹെൽത്ത് സെക്രട്ടറിയും ഹെൽത്ത് ഡിപ്പാർട്ട്മെന്റും പുറത്തുവിട്ട കണക്കുകളിൽ വ്യത്യാസം വന്നതോടെയാണ് എണ്ണം സംബന്ധിച്ച ചർച്ച ശക്തമായത്.
from mathrubhumi.latestnews.rssfeed https://ift.tt/35vSMLD
via
IFTTT