Breaking

Tuesday, May 5, 2020

ഉമ്മൻചാണ്ടിയുടെ കരുതൽ; 41 കുരുന്നുകൾ സ്വന്തം നാട്ടിലെത്തി

സുൽത്താൻബത്തേരി : ഏറെനാളത്തെ ചികിത്സയ്ക്കും കാത്തിരിപ്പിനുമൊടുവിൽ 41 കുരുന്നുകൾ സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തി. മൈസൂരുവിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് സെന്ററിൽ ചികിത്സയ്ക്കുപോയ 41 കുട്ടികളും ഇവരുടെ രക്ഷിതാക്കളുമടക്കമുള്ള 106 പേരടങ്ങിയ സംഘമാണ് തിങ്കളാഴ്ച ഉച്ചയോടെ മുത്തങ്ങവഴി കേരളത്തിലെത്തിയത്. ലോക്ഡൗണിനെ തുടർന്ന് കർണാടകയിൽ കുടുങ്ങിയ ഇവരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇടപെടലിനെ തുടർന്നാണ് സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തിക്കാനായത്. മാസങ്ങൾക്കുമുമ്പ് മൈസൂരുവിലെത്തിയ ഈ കുട്ടികളുടെ ചികിത്സ പൂർത്തിയാക്കിയെങ്കിലും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ തിരിച്ചുപോരാനായില്ല. ഇൻസ്റ്റിറ്റ്യൂട്ടിന് പുറത്ത് മുറികൾ വാടകയ്ക്കെടുത്ത് കഴിഞ്ഞിരുന്ന ഇവർ ഭക്ഷണമുൾപ്പെടെയുള്ള സൗകര്യങ്ങളില്ലാതെ കുടുങ്ങിയ വിവരം രക്ഷിതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉൾപ്പെടെ അറിയിച്ചിരുന്നു. എന്നാൽ, തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടിയുണ്ടായില്ല. ഇതേത്തുടർന്നാണ് സ്റ്റെപ്പ് ഇന്ത്യാ ഫൗണ്ടേഷൻ ഭാരവാഹികൾ ഈ വിഷയം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ ഭക്ഷണമുൾപ്പെടെയുള്ള സൗകര്യങ്ങൾ എത്തിച്ചുകൊടുക്കുന്നതിനായി യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി. ശ്രീനിവാസിനെ ഉമ്മൻചാണ്ടി ചുമതലപ്പെടുത്തി. ഇവരെ തിരികെയെത്തിക്കുന്നതിനായി കർണാടക, കേരള സർക്കാർവൃത്തങ്ങളുമായി ബന്ധപ്പെട്ട് അനുമതിനേടി. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള വാഹനസൗകര്യമൊരുക്കുന്നതിനായി കെ.എസ്.ആർ.ടി.സി. ബസ് വിട്ടുനൽകാൻ ആവശ്യപ്പെട്ടെങ്കിലും പണമടച്ചാൽ മാത്രമേ ബസ് വിട്ടുനൽകുവെന്നാണ് അധികൃതർ അറിയിച്ചതെന്ന് സ്റ്റൈപ്പ് ഇന്ത്യാ ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. ഇതേത്തുടർന്ന് ഉമ്മൻചാണ്ടിയുടെ നിർദേശപ്രകാരം ബി.വി. ശ്രീനിവാസ് ഏർപ്പെടുത്തിയ രണ്ടു ബസുകളിലാണ് ഇവർ കേരളാതിർത്തിയായ മുത്തങ്ങവരെ എത്തിയത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി കെ.ടി. അജ്മലാണ് ഇവിടെനിന്ന് വിവിധ ജില്ലകളിലേക്ക് പോകേണ്ട കുട്ടികൾക്കും രക്ഷിതാക്കൾക്കമുള്ള വാഹനങ്ങൾ ഏർപ്പാടാക്കിനൽകിയത്. കാസർകോട്, കണ്ണൂർ ജില്ലകളിലുള്ളവരെ ഒരു ബസിലാണ് നാട്ടിലെത്തിച്ചത്. കോഴിക്കോട് ജില്ലയിലുള്ളവരെ ട്രാവലറിലും മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവരെ മറ്റൊരു ബസിലും എത്തിച്ചു. എറണാകുളത്തുള്ളവരെ ട്രാവലറിലും തൃശ്ശൂരിലുള്ളവരെ കാറിലുമാണ് അവരവരുടെ വീടുകളിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ മൈസൂരുവിൽനിന്ന് രണ്ട് ബസുകളിലായി പുറപ്പെട്ട സംഘം ഉച്ചയ്ക്ക് 2.15-ഓടെയാണ് മുത്തങ്ങയിലെത്തിയത്. കല്ലൂരിലെ മിനി ആരോഗ്യ കേന്ദ്രത്തിന് സമീപം കാത്തുനിന്ന, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ ഇവർക്കാവശ്യമായ ഭക്ഷണവും കുടിവെള്ളവും നൽകിയാണ് യാത്രയയച്ചത്. Content Highlight: Oommen chandy helped: 41 Stranded kids reached their home


from mathrubhumi.latestnews.rssfeed https://ift.tt/2yhFO89
via IFTTT