സാവോപോളോ: കൊലപാതകക്കേസിൽ 22 വർഷത്തെ തടവിന് വിധിക്കപ്പെട്ട ഗോൾകീപ്പർ പരോളിലിറങ്ങി സ്വന്തം ക്ലബ്ബിന് വേണ്ടി കളിച്ചു. പകൽ ഫുട്ബോളും രാത്രി ജയിലുമായി കളി ഇനിയും തുടരും. ബ്രസീൽ ക്ലബ്ബ് ഫ്ളമംഗോയുടെ മുൻ ഗോൾകീപ്പർ ബ്രൂണോ ഫെർണാണ്ടസാണ് കഥാനായകൻ. ജയിലിൽ നിന്നെത്തിയ ബ്രൂണോയ്ക്ക് പുതിയ ക്ലബ്ബ് പോകോസ് ഡി കാൾഡാസ് ഗംഭീര സ്വീകരണം നൽകി. സൗഹൃദമത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ ബ്രൂണോ ചില മിന്നൽ സേവുകളും നടത്തി. പോകോസ് 2-0ന് ജയിക്കുകയും ചെയ്തു. മുൻ പങ്കാളിയും മോഡലുമായ എലിസ സമുദിയോയെ കൊലപ്പെടുത്തിയ കേസിലാണ് 2013ൽ ബ്രൂണോ ശിക്ഷിക്കപ്പെട്ടത്. ബ്രൂണോയിലുണ്ടായ മകന് ചെലവിന് നൽകണമെന്ന് എലിസ ആവശ്യപ്പെട്ടിരുന്നു. തന്റെ സുഹൃത്തുക്കൾ ചേർന്ന് എലിസയെ കഴുത്തുഞെരിച്ച് കൊന്നെന്നും ശരീരം വെട്ടിനുറുക്കി നായ്ക്കൾക്ക് ഇട്ടുകൊടുത്തെന്നും ബ്രൂണോ സമ്മതിച്ചത് ബ്രസീലിനെയും ഫുട്ബോൾ ലോകത്തെയും ഞെട്ടിച്ചിരുന്നു. എന്നാൽ കൊലയിൽ തനിക്ക് നേരിട്ടുപങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ വർഗിനായിലെ ജയിലിലേക്ക്. തടവിൽ കിടന്നു കൊണ്ടാണ് പോകോസ് ക്ലബ്ബുമായി കരാറിലെത്തുന്നത്. ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്ക് പകൽ പരിശീലനത്തിനോ മറ്റോ പോകാമെന്ന് അടുത്തിടെ കോടതിവിധി ഉണ്ടായിരുന്നു. രാത്രി ജയിലിലെത്തി ഉറങ്ങണമെന്നാണ് നിബന്ധന. ജയിലിൽനിന്ന് 160 കിലോമീറ്റർ അകലെയാണ് ബ്രൂണോയുടെ പുതിയ ക്ലബ്ബ്. കളികഴിഞ്ഞ് വന്ന് അദ്ദേഹം ജയിലിൽ ഉറങ്ങുകയും ചെയ്തു. 2009-ൽ ഫ്ളമംഗോ ബ്രസീലിയൻ ലീഗിൽ ചാമ്പ്യന്മാരാകുമ്പോൾ ബ്രൂണോയായിരുന്നു ഗോൾകീപ്പർ. Content Highlights: Bruno Fernandes makes professional return girlfriends murder
from mathrubhumi.latestnews.rssfeed https://ift.tt/2pRu5sh
via
IFTTT