Breaking

Monday, October 28, 2019

മടുത്തു... ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കും

കൊച്ചി: കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടാനുള്ള ആലോചനയിൽ. കൊച്ചി കോർപ്പറേഷൻ, ജി.സി.ഡി.എ., പോലീസ്, കേരള ഫുട്ബോൾ അസോസിയേഷൻ എന്നിവയുടെ നിസ്സഹകരണംമൂലം ഹോം ഗ്രൗണ്ടായ കൊച്ചി ജവാഹർലാൽ നെഹ്രു സ്റ്റേഡിയം വിടാൻ ആലോചിക്കുന്നതായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിലെ ഉന്നതകേന്ദ്രങ്ങൾ സൂചിപ്പിച്ചു. മൂന്നാം തീയതി നടക്കുന്ന ഉന്നതതല യോഗത്തിൽ തീരുമാനമുണ്ടായേക്കും. വർഷങ്ങൾക്കുമുമ്പ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ടീമായിരുന്ന കൊച്ചി ടസ്കേഴ്സ് കേരളയും സമാന സാഹചര്യങ്ങൾ നേരിട്ടിരുന്നു. കലൂർ സ്റ്റേഡിയത്തിൽ കളി നടത്താനുള്ള അനുമതിമുതൽ സുരക്ഷവരെ എല്ലാകാര്യങ്ങളിലും വൻ തടസ്സങ്ങളാണ് നേരിടേണ്ടിവരുന്നതെന്ന് മാനേജ്മെന്റ് വൃത്തങ്ങൾ പറഞ്ഞു. അതിനുപുറമേ വിനോദനികുതികൂടി അടിച്ചേൽപ്പിക്കുമെന്നാണ് കോർപ്പറേഷന്റെ പുതിയ ഭീഷണി. ഫുട്ബോൾ മത്സരങ്ങൾ നടത്താൻവേണ്ട സാഹചര്യമൊരുക്കേണ്ട കെ.എഫ്.എ.യും കാര്യമായൊന്നും ചെയ്യുന്നില്ലെന്നാണ് ബ്ലാസ്റ്റേഴ്സ് അധികൃതരുടെ വാദം. ടീമിന്റെ പരിശീലനത്തിന് പനമ്പിള്ളി നഗറിലെ സ്റ്റേഡിയം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുമുണ്ടായി തർക്കങ്ങൾ. ഇതുസംബന്ധിച്ച കരാർ ഒപ്പിടുന്നതിൽ കേരള സ്പോർട്സ് കൗൺസിലും ജില്ലാ സ്പോർട്സ് കൗൺസിലും തമ്മിലുള്ള വടംവലിയും ബ്ലാസ്റ്റഴ്സിനെ വലച്ചു. സർക്കാർ ഇടപെട്ട് കേരള സ്പോർട്സ് കൗൺസിൽ തന്നെ കരാറൊപ്പിടാൻ നിർദേശം നൽകുകയായിരുന്നു. സർക്കാർ ഇടപെടലുണ്ടായതുകൊണ്ടുമാത്രമാണ് മത്സരങ്ങൾ ഇത്രയെങ്കിലും നടത്താനായതെന്നും ഇത്തരത്തിൽ ഇനി മുന്നോട്ടുപോകാനാകില്ലെന്നുമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പറയുന്നത്. കോംപ്ലിമെന്ററി എന്ന കോടാലി അമ്പതിനായിരത്തോളം സീറ്റുള്ള കൊച്ചി സ്റ്റേഡിയത്തിലെ നാലിലൊന്ന് ടിക്കറ്റുകളും കോംപ്ലിമെന്ററിയാണ്. ജി.സി.ഡി.എ., കോർപ്പറേഷൻ, പോലീസ്, സ്പോർട്സ് കൗൺസിൽ, കേരള ഫുട്ബോൾ അസോസിയേഷൻ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവർക്കെല്ലാം ടിക്കറ്റുകൾ സൗജന്യമായി നൽകേണ്ടിവരുന്നു. ആവശ്യത്തിലധികം പിടിച്ചുവാങ്ങുന്നെന്ന് ബ്ലാസ്റ്റേഴ്സ് വൃത്തങ്ങൾ പറയുന്നു. കൊടുത്തില്ലെങ്കിൽ പ്രതികാരനടപടിയുണ്ടാകും. അനുമതിലഭിച്ചത് തലേന്ന് മത്സരത്തിന് അനുമതിക്കായി ഒന്നരമാസംമുമ്പ് നൽകിയ അപേക്ഷയിൽ കോർപ്പറേഷൻ നടപടിയെടുത്തത് മത്സരത്തലേന്ന്. ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞ് അനുമതി വൈകിച്ചത്രെ. 300 കോംപ്ലിമെന്ററി ടിക്കറ്റുമായി മത്സരത്തലേന്ന് കോർപ്പറേഷനിലെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധിയോട് ആവശ്യപ്പട്ടത് 700 പാസുകൾ. ഒപ്പം വലിയൊരു തുക സംഭാവനയായും ആവശ്യപ്പെട്ടു. അല്ലങ്കിൽ വിനോദനികുതി ഏർപ്പെടുത്തുമെന്ന ഭീഷണിയും. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ.യ്ക്ക് ഐ.എസ്.എൽ. ഓരോ വർഷവും ഏഴുകോടി രൂപയാണ് നൽകുന്നത്. എന്നിട്ടും സ്റ്റേഡിയത്തിന്റെ പരിപാലനവും അറ്റകുറ്റപ്പണികളും വേണ്ടവിധത്തിൽ നടക്കുന്നില്ലെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതർ കുറ്റപ്പെടുത്തുന്നു. വാടക വർധിപ്പിക്കണമെന്നും സെക്യൂരിറ്റി തുക കൂട്ടണമെന്നും ആവശ്യപ്പെട്ടിട്ടുമുണ്ട്. ഒരു കോടി രൂപയാണ് സെക്യൂരിറ്റി തുകയായി നൽകിയിരിക്കുന്നത്. ഇത് രണ്ടു കോടിയാക്കണമെന്നാണ് ആവശ്യം. നിലവിൽ ഓരോ കളിക്കും അഞ്ചുലക്ഷം രൂപയാണ് വാടക. പുറമേ ഒരു കളിക്ക് ഇരുപത് ലക്ഷം രൂപ മൂല്യമുള്ള ടിക്കറ്റുകൾ സൗജന്യമായി ജി.സി.ഡി.എ. വാങ്ങുന്നുണ്ട്. സുരക്ഷയ്ക്ക് പണം വേണമെന്ന് പോലീസ് ഓരോ മത്സരത്തിനും സുരക്ഷയൊരുക്കുന്നതിന് പത്തുലക്ഷം രൂപയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പോലീസിന് നൽകേണ്ടത്. പുറമേ 600 (ഏകദേശം ഏഴുലക്ഷം രൂപ) ടിക്കറ്റുകൾ സൗജന്യമായും നൽകുന്നു. ഇത് 1200 ആക്കണമെന്നാണ് പോലീസിന്റെ ആവശ്യം. അധിക ടിക്കറ്റ് നൽകാതിരുന്നതിന്റെ പ്രതികാരമായി കഴിഞ്ഞ ദിവസത്തെ കളിയിൽ സ്റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാതെ ആളുകളെ പോലീസ് കയറ്റിവിട്ടു. കളിയുടെ 24,000 ടിക്കറ്റുകളാണ് കോംപ്ലിമെന്ററിയായും വിൽപ്പനയിലൂടെയും നൽകിയിരുന്നത്. പക്ഷേ, സ്റ്റേഡിയത്തിലെ കാഴ്ചക്കാരുടെ എണ്ണം ഇരുപത്തിയെണ്ണായിരത്തിലധികമായിരുന്നു. Content Highlights:ISL Team Kerala Blasters Thinking About Leaving Kochi


from mathrubhumi.latestnews.rssfeed https://ift.tt/2WlblgJ
via IFTTT