Breaking

Monday, October 28, 2019

കോടികളുടെ വായ്പാതട്ടിപ്പ്; അമ്മ അറസ്റ്റിൽ, പോലീസിനെ വെട്ടിച്ച് മകൻ രക്ഷപ്പെട്ടു

ഗുരുവായൂർ: അമ്മ ഇൻഫർമേഷൻ ഓഫീസറായും മകൻ ഐ.പി.എസ്. ഓഫീസറായും ചമഞ്ഞ് ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് തട്ടിപ്പ്. അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെ വെട്ടിച്ച് മകൻ രക്ഷപ്പെടുകയും ചെയ്തു. തലശ്ശേരി തിരുവങ്ങാട്ട് കുനിയിൽ മണൽവട്ടം വീട്ടിൽ ശ്യാമള(58)യെയാണ് കോഴിക്കോട് ബിലാത്തിക്കുളത്തുള്ള വീട്ടിൽനിന്ന് ഗുരുവായൂർ സി.ഐ. പ്രേമാനന്ദകൃഷ്ണൻ അറസ്റ്റ് ചെയ്തത്. പോലീസ് എത്തിയതറിഞ്ഞ് ശ്യാമളയുടെ മകൻ വിബിൻ കാർത്തിക് (29) പിൻവാതിലിലൂടെ ഓടിരക്ഷപ്പെട്ടു. രണ്ടുപേരും വ്യാജ ശമ്പളസർട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളിൽനിന്നായി 12 ആഡംബരക്കാറുകൾക്കാണ് വായ്പയെടുത്തത്. മൊത്തം രണ്ടുകോടിയോളം രൂപ വരുമെന്നാണ് കരുതുന്നത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് ഗുരുവായൂർ ശാഖാ മാനേജരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഇവിടെനിന്നുമാത്രം രണ്ടുപേരും രണ്ട് കാറുകൾക്കായി 30 ലക്ഷത്തോളം രൂപയാണ് വായ്പയെടുത്തിട്ടുള്ളത്. ബാങ്ക് മാനേജർ കൊല്ലം സ്വദേശിയായ സുധാദേവിയിൽനിന്ന് 97 പവൻ സ്വർണവും 25 ലക്ഷം രൂപയും തട്ടിയെടുത്തതായും കേസുണ്ട്. പോലീസ് പറയുന്നതിങ്ങനെ: വേഗത്തിൽ അടുപ്പം കൂടുകയും പിന്നീട് അവരുടെ കുടുംബത്തിലെ അംഗങ്ങളെന്നപോലെ ബന്ധമുണ്ടാക്കുകയും ചെയ്താണ് സുധാദേവിയെ കബളിപ്പിച്ചത്. ചികിത്സയ്ക്കും ചില ബാധ്യതകൾ തീർക്കാനുമായി പണം വേണമെന്നാവശ്യപ്പെട്ടാണ് സുധാദേവിയിൽനിന്ന് സ്വർണവും പണവും വാങ്ങിയത്. ശ്യാമളയ്ക്കും വിബിനും ഗുരുവായൂരിലെ മിക്ക ബാങ്കുകളിലും അക്കൗണ്ടുകളുണ്ട്. ഓരോ ബാങ്കിന്റെയും വ്യാജ സ്റ്റേറ്റ്മെന്റുകളും ഇവർ തയ്യാറാക്കും. ഒരു ബാങ്കിൽനിന്ന് വായ്പെടുത്തതിന്റെ തിരിച്ചടവുകൾ പൂർത്തിയാക്കിയതായുള്ള രേഖകൾ വ്യാജമായി തയ്യാറാക്കിയാണ് അടുത്ത ബാങ്കിൽ നൽകുക. മിനിമം ബാലൻസ് അഞ്ചുലക്ഷം രൂപയുണ്ടെന്ന് കാണിക്കുകയും ചെയ്യും. വായ്പയെടുത്ത് ആഡംബരക്കാറുകൾ വാങ്ങിയശേഷം മറിച്ചുവിൽക്കുകയായിരുന്നു. ഒന്നരവർഷത്തിനിടെയാണ് തട്ടിപ്പുകൾ നടത്തിയിട്ടുള്ളത്. കസ്റ്റഡിയിലെടുത്ത കാറും ബൈക്കും ശ്യാമളയുടെ ഭർത്താവ് നേരത്തെ മരിച്ചു. തലശ്ശേരിയിലും കോഴിക്കോട്ടും വീടുകളുള്ള ഇവർക്ക് ഗുരുവായൂർ താമരയൂരിൽ ഫ്ളാറ്റുമുണ്ട്. ഈ ഫ്ളാറ്റിൽനിന്ന് കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരിയിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിൽ പ്യൂണായിരുന്നു ശ്യാമള. അവിടത്തെ മേലധികാരിയുടെ ഒപ്പും സീലും വ്യാജമായി ഉപയോഗിച്ചായിരുന്നു ശമ്പളസർട്ടിഫിക്കറ്റ് തട്ടിപ്പിന്റെ തുടക്കം. ഇതേത്തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഐ.പി.എസ്. ഓഫീസറാണെന്നാണ് വിബിൻ പറഞ്ഞിരുന്നത്. കോടതിയിൽ ഹാജരാക്കിയ ശ്യാമളയെ റിമാൻഡ് െചയ്തു. തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെയും ഗുരുവായൂർ എ.സി.പി. ബിജുഭാസ്കറിന്റെയും നിർദേശപ്രകാരമായിരുന്നു അറസ്റ്റ്. എസ്.ഐ. എസ്. അനന്തകൃഷ്ണൻ, എ.എസ്.ഐ. അനിൽകുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ മിഥുൻ, പ്രിയേഷ്, ശ്രീജ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/347QsbA
via IFTTT