ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാകിസ്താൻ വീണ്ടും വ്യോമപാത നിഷേധിച്ചു. സൗദി അറേബ്യയിലേക്ക് പോകാനായി തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷ നിരസിച്ചതായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു. ജമ്മുകശ്മീരിൽ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നുവെന്നാരോപിച്ചാണ് പാക് നടപടിയെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. തീരുമാനം ഇന്ത്യൻ ഹൈക്കമ്മിഷണറെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഖുറേഷി പറഞ്ഞു. കശ്മീരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്താൻ ഞായറാഴ്ച കരിദിനം ആചരിച്ചിരുന്നു. അന്താരാഷ്ട്ര ബിസിനസ് ഫോറത്തിൽ പങ്കെടുക്കാനും സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയ്ക്കുമായി തിങ്കളാഴ്ചയാണ് മോദി സൗദിയിലേക്ക് പോകുന്നത്. സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭ പൊതുസഭയിൽ പങ്കെടുക്കുന്നതിനായി യു.എസിലേക്ക് പോകാനും പാകിസ്താൻ മോദിക്ക് വ്യോമപാത നിഷേധിച്ചിരുന്നു. സെപ്റ്റംബറിൽത്തന്നെ ഐസ്ലൻഡിലേക്ക് പോകുന്നതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും വ്യോമപാത നിഷേധിക്കുകയുണ്ടായി. ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന മിന്നലാക്രമണം നടത്തിയതിനെത്തുടർന്നാണ് ഫെബ്രുവരിയിൽ പാകിസ്താൻ തങ്ങളുടെ വ്യോമപാത മുഴുവനായും അടച്ചത്. മാർച്ച് 27-ന് ഭാഗികമായി തുറന്നെങ്കിലും ഇന്ത്യയ്ക്ക് പാത ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നില്ല. തുടർന്ന് ജൂലായ് 16-നാണ് ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് അനുമതിനൽകിയത്. content highlights:Pakistan denies use of airspace to PM Modi
from mathrubhumi.latestnews.rssfeed https://ift.tt/2WfIMl4
via
IFTTT