Breaking

Tuesday, October 29, 2019

വ്യാജ ഐ.പി.എസുകാരൻ പോലീസ് കുടുംബസംഗമത്തിൽ മുഖ്യാതിഥിയായി

ഗുരുവായൂർ: ഐ.പി.എസ്. ഓഫീസർ ചമഞ്ഞ് വായ്പാതട്ടിപ്പ് നടത്തിയ വിബിൻ കാർത്തിക്, പോലീസിന്റെ കുടുംബസംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തതായി വിവരം. 2018 ഡിസംബറിൽ ടെമ്പിൾ സ്റ്റേഷൻ തൊട്ടടുത്തുള്ള ഹൊറൈസൺ ഹോട്ടലിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിലായിരുന്നു 'ഐ.പി.എസുകാരൻ' പങ്കെടുത്തത്. പോലീസുകാരുടെ മക്കൾക്ക് സമ്മാനം നൽകിയതും വിബിൻ ആയിരുന്നു. വേദിയിൽ ചെറിയൊരു പ്രസംഗവും അയാൾ നടത്തി. സമൂഹത്തിൽ വളരെ ഉത്തരവാദപ്പെട്ട ജോലിയാണ് പോലീസുകാരുടേതെന്നായിരുന്നു പ്രസംഗത്തിലെ സത്ത. കുടുംബസംഗമത്തിൽ വിബിൻ പ്രസംഗിക്കുന്നതിന്റെയും സമ്മാനങ്ങൾ നൽകുന്നതിന്റെയും ചിത്രങ്ങൾ തിങ്കളാഴ്ച ടെമ്പിൾ പോലീസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടു. ചിത്രം പുറത്തുപോകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന നിർദേശത്തോടെയാണ് ഒരു പോലീസുകാരൻ ചിത്രമിട്ടത്. ആ ചിത്രം കണ്ടപ്പോൾ 'നമ്മെ വിഡ്ഢികളാക്കിയ ഐ.പി.എസുകാരൻ' എന്നാണ് മറ്റൊരു പോലീസുകാരന്റെ കമന്റ്. 'അന്നേ എനിക്ക് സംശയം തോന്നിയിരുന്നുവെന്ന്' വേറൊരു പോലീസുകാരനും കമന്റിട്ടിട്ടുണ്ട്. ഐ.പി.എസ്. ഉദ്യോഗസ്ഥനാണെന്നതിന്റെ തിരിച്ചറിയൽ കാർഡ് ചോദിക്കണമായിരുന്നുവെന്ന് ഒരാൾ പോസ്റ്റിയപ്പോൾ, 'ഇനി ശരിക്കും ഐ.പി.എസുകാരനാണെങ്കിൽ പണി എപ്പോ കിട്ടീന്ന് പറഞ്ഞാൽ മതി'യെന്നാണ് മറ്റൊരാളുടെ മറുപടി. ചർച്ചകൾ ഈ നിലയ്ക്ക് ചൂടേറിയപ്പോൾ ടെമ്പിൾ സ്റ്റേഷനിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ നിർദേശം വന്നു, 'ഇയാൾ പ്രസംഗിക്കുന്ന ചിത്രം പെട്ടെന്ന് ഡിലീറ്റ് ചെയ്യണം, മറ്റൊരു ഗ്രൂപ്പിലേക്കും ഷെയർ ചെയ്തുപോകരുത്'. അതോടെ 'ഐ.പി.എസുകാരന്റെ' ചിത്രം അപ്രത്യക്ഷമായി. ജമ്മുകശ്മീരിൽ ഐ.പി.എസ്. ഓഫീസർ ട്രെയിനിയാണെന്നു പറഞ്ഞ് ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിൽ പലതവണ വിബിൻ കാർത്തിക് വന്നിട്ടുണ്ട്. അപ്പോഴൊക്കെ പോലീസുകാർ സല്യൂട്ട് നൽകി ബഹുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് പോലീസിന്റെ കുടുംബസംഗമത്തിലേക്ക് ഇയാൾ ക്ഷണിക്കപ്പെട്ടത്. വ്യാജശമ്പള സർട്ടിഫിക്കറ്റുണ്ടാക്കി ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് വിബിൻ കാർത്തിക് നടത്തിയ തട്ടിപ്പുകഥകൾ പുറത്തുവന്നതോടെ കുടുംബസമ്മേളനത്തിന്റെ സംഘാടകർക്ക് നാണക്കേടായി. വായ്പ നൽകിയ മറ്റ് ബാങ്കുകൾക്കും പരാതി ഗുരുവായൂർ: വ്യാജ ശമ്പള സർട്ടിഫിക്കറ്റുണ്ടാക്കിയും ഉന്നതോദ്യോഗസ്ഥർ ചമഞ്ഞും അമ്മയും മകനും ചേർന്ന് നടത്തിയ വായ്പാതട്ടിപ്പുകേസിൽ പരാതികൾ എത്തിത്തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂർ ശാഖാ മാനേജർ തിങ്കളാഴ്ച ഗുരുവായൂർ സി.ഐ.യ്ക്ക് പരാതി നൽകി. എസ്.ബി.ഐ.യിൽനിന്ന് കഴിഞ്ഞ വർഷം രണ്ട് കാറുകൾ വായ്പയെടുത്തിരുന്നു. ദീർഘകാലാവധിയുടെ വായ്പയാണ് എടുത്തിട്ടുള്ളതെങ്കിലും മാസത്തിലെ തിരിച്ചടവ് മുടങ്ങിയിട്ടില്ല. മറ്റുചില ബാങ്കുകളും സമീപിച്ചതായി അന്വേഷണച്ചുമതലയുള്ള ടെമ്പിൾ സി.ഐ. പ്രേമാനന്ദകൃഷ്ണൻ പറഞ്ഞു. തലശ്ശേരി തിരുവങ്ങാട്ട് കുനിയിൽ മണൽവട്ടം വീട്ടിൽ ശ്യാമള (58), മകൻ വിബിൻ കാർത്തിക് (29) എന്നിവരാണ് തട്ടിപ്പുകേസിലെ പ്രതികൾ. കോഴിക്കോട് ബിലാത്തിക്കുളത്തുള്ള വീട്ടിൽനിന്ന് ശ്യാമളയെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിബിൻ കാർത്തിക് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. ശ്യാമള ജില്ലാ ഇൻഫർമേഷൻ ഓഫീസറായും വിബിൻ ജമ്മുകശ്മീരിലെ ഐ.പി.എസ്. ഓഫീസറായും ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഗുരുവായൂരിലെ വിവിധ ബാങ്കുകളിൽനിന്നായി 12 കാറുകൾ ഇവർ വായ്പയെടുത്തു. ഇതിൽ 11 എണ്ണം മറിച്ചുവിറ്റു. ഒരു ബാങ്കിൽനിന്ന് വായ്പയെടുത്താൽ അതിന്റെ തിരിച്ചടവുകൾ കഴിഞ്ഞുവെന്ന് വ്യാജ സ്റ്റേറ്റ്മെന്റ് തയ്യാറാക്കി അടുത്ത ബാങ്കിൽ കൊടുത്താണ് ഇവർ തട്ടിപ്പ് വിപുലപ്പെടുത്തിയത്. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഗുരുവായൂർ ശാഖാ മാനേജരുടെ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ടുപേരുടെയും തട്ടിപ്പുകഥകൾ പുറത്തുവന്നത്. മാനേജരായ സുധാദേവിയിൽനിന്ന് 97 പവൻ സ്വർണവും 25 ലക്ഷം രൂപയും തട്ടിയെടുത്തതിനും ഇവരുടെ പേരിൽ കേസുണ്ട്. രക്ഷപ്പെട്ട വിബിൻ കാർത്തിക്കിനുവേണ്ടി പോലീസിന്റെ അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. content highlights:Fake IPS officer guruvayoor


from mathrubhumi.latestnews.rssfeed https://ift.tt/32R3aLI
via IFTTT