Breaking

Wednesday, October 30, 2019

മാവോവാദികളെ കുടുക്കിയത് തുലാമഴയും

പാലക്കാട്: അട്ടപ്പാടി വനമേഖലയിലെ മേലെ മഞ്ചിക്കണ്ടി വനത്തിൽ താത്കാലിക ക്യാമ്പ് ഒരുക്കുന്നതിന് മാവോവാദിസംഘത്തെ പ്രേരിപ്പിച്ചത് തുലാമഴയുടെ കാഠിന്യം. സാധാരണ ഒരാഴ്ചയിലേറെ ഒരിടത്തും തങ്ങാത്ത സ്വഭാവമാണ് മണിവാസകത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേത്. ഇത് തണ്ടർബോൾട്ട് സംഘത്തെ കുഴക്കിയിരുന്നതായി പോലീസ് പറഞ്ഞു. സെപ്റ്റംബർ 22-നാണ് സംഘം മഞ്ചിക്കണ്ടി വനമേഖലയിൽ തമ്പടിച്ചതെന്ന് കരുതുന്നു. ഇതിനുശേഷം വൈകുന്നേരങ്ങളിൽ തുലാമഴ ശക്തമാവുകയും സംഘത്തിന്റെ യാത്രകൾ തടസ്സപ്പെടുകയും ചെയ്തു. താരതമ്യേന സുരക്ഷിതമായ മഞ്ചിക്കണ്ടി വനമേഖലയിൽ തമ്പടിക്കുന്നതിന് സംഘത്തെ പ്രേരിപ്പിച്ചത് ഇതാണെന്ന് പോലീസ് കരുതുന്നു. ഒറ്റുകാരുള്ള ആദിവാസി ഊരുകളെ ഒഴിവാക്കി ആരുടെയും കണ്ണിൽപ്പെടാതെ എത്രകാലം വേണമെങ്കിലും കാട്ടിൽ കഴിയാൻ പരിശീലനം കിട്ടിയവരാണ് മണിവാസകത്തിന്റെ നേതൃത്വത്തിലുള്ള സംഘം. വനപാലകരുെട നിരീക്ഷണക്യാമറകളുള്ള ഇടങ്ങൾവരെ വ്യക്തമായി പഠിച്ചശേഷമാണ് ഇവർ നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഇവരെ കുരുക്കാൻ കേരള-തമിഴ്നാട് പോലീസ് സേനകൾ മാസങ്ങളായി തീവ്രശ്രമം നടത്തുകയായിരുന്നു. ഇത്രകാലവും പോലീസ് സേനകളുടെ കണ്ണിൽനിന്ന് മറഞ്ഞിരിക്കാൻ ഇവർക്ക് സഹായകരമായത് സ്ഥിരമായി ഒരിടത്തും തങ്ങാത്ത സ്വഭാവമായിരുന്നു. സമീപത്തെ ആദിവാസി ഊരുകളിലെത്തി ഭക്ഷണം ശേഖരിച്ച് മടങ്ങുന്നതൊഴിച്ചാൽ മറ്റു പ്രവർത്തനങ്ങളൊന്നും കുറച്ചുദിവസങ്ങളായി സംഘം നടത്തിയിരുന്നില്ല. പശ്ചിമഘട്ടത്തിലെ വനമേഖലകളിൽ ഗോവ, കർണാടകം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനമെന്ന് പ്രത്യേക ദൗത്യസേന അധികൃതർ പറയുന്നു. അടയാളംപോലെ പോസ്റ്ററുകളും ലഘുലേഖകളും തുടർച്ചയായി മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരങ്ങളും ഇത് തെളിയിക്കുന്നതരത്തിലുള്ള പോസ്റ്ററുകളും ലഘുലേഖകളും കഴിഞ്ഞ അഞ്ചുമാസമായി അട്ടപ്പാടി മേഖലയിൽ ഇടവിട്ട് പ്രത്യക്ഷപ്പെട്ടിരുന്നു. തണ്ടർബോൾട്ടും തമിഴ്നാട് പ്രത്യേക ദൗത്യസേനയും അട്ടപ്പാടി വനമേഖലകളിൽ തിരച്ചിൽ നടത്തിയെങ്കിലും കൂടുതൽ വിവരമൊന്നും കിട്ടിയില്ല. ഇതിനിടെ പ്രവർത്തനം നാടുകാണി വനമേഖലയിലേക്ക് മാറിയെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു. മഴക്കാലം സുരക്ഷിത സമയമായാണ് മാവോവാദികൾ കണക്കാക്കുന്നത്. ദൗത്യസേനകൾക്കും വനപാലകർക്കും എത്തിപ്പെടാൻ കഴിയാത്ത ഈ സമയത്താണ് സംഘം താത്കാലിക ടെൻറുകളും മറ്റുമൊരുക്കി താമസിക്കുക. സുരക്ഷിതവഴിയായി പശ്ചിമഘട്ടം സൈലന്റ് വാലി വനമേഖലയുൾപ്പെടുന്ന അട്ടപ്പാടി മുമ്പും മാവോവാദികൾക്ക് താരതമ്യേന സുരക്ഷിതതാവളമൊരുക്കിയിരുന്നു. കുറച്ച് വർഷങ്ങൾക്കിടെ ഒട്ടേറെത്തവണ ഇവിടെ മാവോവാദിസാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. ചെങ്കുത്തായ മലനിരകളും കുന്നുകളും സംരക്ഷിതവനപ്രദേശവുമാണ് മാവോവാദികൾക്ക് സുരക്ഷിത വഴിയൊരുക്കുന്നത്. തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നും പരിചയസമ്പന്നർക്ക് വനങ്ങൾ താണ്ടി അട്ടപ്പാടിയിലെത്താം. കർണാടക ഭാഗത്തുള്ള മാവോവാദി സംഘത്തിന് വയനാട് മേപ്പാടി, കാളികാവ് വഴി തമിഴ്നാട് കേരള അതിർത്തിയായ ശിശുപ്പാറയിലെത്താം. ഇവിടെനിന്ന് എളുപ്പത്തിൽ സൈലന്റ് വാലിയിലെ ആനവായ് ഊരിന് മുകളിലെ വനത്തിലുമെത്താം. തമിഴ്നാട് ഭാഗത്തുള്ള മാവോവാദി സംഘത്തിന് അപ്പർ ഭവാനി ഡാം പരിസരം വഴി മഞ്ചൂർ എത്തിയശേഷം ബെങ്കിതപാൽ, നാടുകാണി വഴി ശിശുപ്പാറയിൽ എത്താം. ഇവിടെനിന്ന് ആനവായ് ഭാഗത്തേക്ക് കാട്ടുപാതയുണ്ട്. കേരള-തമിഴ്നാട് അതിർത്തിയായ മുള്ളി മുതൽ സൈലന്റ് വാലി വരെയുള്ള വനമേഖല കേരളവും തമിഴ്നാടുമായി അതിർത്തിപങ്കിടുന്നവയാണ്. പരമ്പരാഗത ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന തുടുക്കി, ഗലസി, കടുകുമണ്ണ, കരുവാര, ഇടവാണി തുടങ്ങിയ ഇടങ്ങളിലാണ് മാവോവാദി സാന്നിധ്യം കൂടുതലായുള്ളത്. ഷോളയൂർ പഞ്ചായത്തിൽ വരടിമല ഭാഗത്തും മാവോവാദികളെത്താറുണ്ട്. Content Highlights:Maoists have been trapped in Forrest because of heavy rain


from mathrubhumi.latestnews.rssfeed https://ift.tt/2q6qarO
via IFTTT