ന്യൂഡൽഹി: സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹത്തിനുള്ള ചുരുങ്ങിയ പ്രായം തുല്യമാക്കുന്നതുസംബന്ധിച്ച് നിയമമന്ത്രാലയത്തിന്റെ അഭിപ്രായം തേടുമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയം. നിലവിൽ വ്യത്യസ്തപ്രായം നിശ്ചയിച്ചതിനെതിരേ ഡൽഹി ഹൈക്കോടതിയിൽ ഫയൽചെയ്ത ഹർജി പരിഗണിക്കവേയാണ് വനിത-ശിശുക്ഷേമ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. നിയമമന്ത്രാലയത്തിന്റെകൂടി അഭിപ്രായം തേടിയശേഷം പൊതുവായ മറുപടി ഫയൽ ചെയ്യാമെന്നാണ് അവർ അറിയിച്ചത്. തുടർന്ന് കേസ് ഫെബ്രുവരി 19-ലേക്കു മാറ്റി. ബി.ജെ.പി. നേതാവുകൂടിയായ അശ്വിനികുമാർ ഉപാധ്യായയാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീകൾക്ക് 18 വയസ്സിൽ വിവാഹം കഴിക്കാമെന്നിരിക്കേ പുരുഷന്മാർക്ക് 21 വയസ്സുവരെ കാത്തിരിക്കണം. വ്യത്യസ്ത വിവാഹപ്രായം ഏർപ്പെടുത്തിയതിന് ശാസ്ത്രീയാടിത്തറയൊന്നുമില്ല. പുരുഷകേന്ദ്രിത സമൂഹത്തിൽ നിന്നുണ്ടായ തീരുമാനമാണിത്. പുരുഷനാണ് അധികാരകേന്ദ്രമെന്നും സ്ത്രീകൾക്ക് അതിനുതാഴെയുള്ള പങ്കുമാത്രമേ വഹിക്കാനാകൂവെന്നുമുള്ള ചിന്താഗതിയാണ് അതിനു കാരണമെന്നും ഹർജിയിൽ പറഞ്ഞു. വിഷയം കോടതി പരിഗണിച്ചപ്പോൾ വനിത-ശിശുക്ഷേമ മന്ത്രാലയത്തിനുവേണ്ടി ഹാജരായ മോണിക്ക അറോറയാണ് കൂടുതൽ സമയം തേടിയത്. നിയമമന്ത്രാലയത്തിന്റെകൂടി അഭിപ്രായമറിഞ്ഞശേഷമേ മറുപടി നൽകാനാകൂവെന്നാണ് അവർ നിലപാടറിയിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2N3oQiq
via
IFTTT