Breaking

Wednesday, October 30, 2019

ബ്ലാസ്റ്റേഴ്സ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു; സമവായത്തിന് സമിതി

കൊച്ചി: ഹോംഗ്രൗണ്ടായ കൊച്ചി വിടാനുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ നീക്കത്തെത്തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു. പ്രശ്നങ്ങളെക്കുറിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. അതി ഗൗരവത്തോടെയാണ് സർക്കാർ ഈ വിഷയത്തെ കാണുന്നത്. ബ്ലാസ്റ്റേഴ്സിന് കൊച്ചി വിടേണ്ടിവരില്ലെന്നും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്തൊക്കെ ചെയ്യണമെന്ന് ആലോചിച്ച് തീരുമാനമെടുക്കും. വിഷയം ഉചിതമായി കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ കായിക മന്ത്രി ഇ.പി. ജയരാജന് പ്രാഥമികനിർദേശം നൽകിയതായി സൂചനയുണ്ട്. പ്രശ്നപരിഹാരത്തിനായി സമിതിയെ നിയോഗിച്ചേക്കും. ജി.സി.ഡി.എ, കോർപ്പറേഷൻ, കെ.എഫ്.എ. എന്നിവരുമായി ബന്ധപ്പെട്ടുകഴിഞ്ഞതായും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞതായും കായികമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊച്ചിയിലെ വിവിധ അധികൃതരുടെ നിസ്സഹകരണത്തെത്തുടർന്ന് ബ്ലാസ്റ്റേഴ്സ് കൊച്ചി വിടാൻ ആഗ്രഹിക്കുന്നതായി 'മാതൃഭൂമി' റിപ്പോർട്ടുചെയ്തത് വൻ വിവാദമായിരുന്നു. നേരത്തേ ഐ.പി.എൽ. ടീമായിരുന്ന കൊച്ചി ടസ്കേഴ്സ് കേരളയ്ക്കും ഇതേ സാഹചര്യങ്ങൾ നേരിടേണ്ടിവന്നിരുന്നു. ബ്ലാസ്റ്റേഴ്സും സമാനവഴിയിലാണെന്ന സൂചനയെത്തുടർന്നാണ് സർക്കാർ ഉടൻ ഇടപെട്ടത്. ഐ.എസ്.എൽ. കൊച്ചിയിൽ നിലനിർത്തുന്നതിന് സർക്കാർ മുൻകൈയെടുക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ തിങ്കളാഴ്ചതന്നെ ഫെയ്സ്ബുക്ക് പോസ്റ്റിടുകയും ചെയ്തു. ഇതോടെ വിവാദത്തിന് താത്കാലിക ശമനമായി. ഇന്ത്യയിൽ ഏറ്റവുംകൂടുതൽ ആരാധകരുള്ള ഐ.എസ്.എൽ. ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. അങ്ങനെയൊരു ടീം അധികൃതരുടെ അനാവശ്യ പിടിവാശികളിൽ കുടുങ്ങുകയായിരുന്നു. ചോദിക്കുന്നത്ര സൗജന്യപാസ് നൽകിയില്ലെങ്കിൽ ഉപദ്രവിക്കുന്നരീതിയിലാണ് വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഇടപെട്ടതെന്ന് ടീം ആരോപിച്ചു. അടുത്ത സീസണിൽ മറ്റേതെങ്കിലും നഗരത്തിലേക്ക് മാറാനാണ് ആലോചിച്ചത്. ഡൽഹി ഡൈനാമോസ് ഒഡിഷയും പുണെ എഫ്.സി. ഹൈദരാബാദുമായി ഇത്തവണ മാറിയിട്ടുണ്ട്. ഇതേപോലൊരു മാറ്റത്തിനായിരുന്നു ആലോചന. എന്നാൽ 'മാതൃഭൂമി'യിൽ വാർത്ത വന്നതോടെ സാമൂഹികമാധ്യമങ്ങളിലും പ്രതിഷേധം വ്യാപകമായി. ഇതോടെ സർക്കാർ ഉടൻ ഇടപെടുകയായിരുന്നു. ഇനിമുതൽ വിനോദനികുതി ചുമത്തുമെന്ന് കോർപ്പറേഷൻ മേയർ സൗമിനി ജെയിൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിനുമുമ്പ് സർക്കാർ ഇടപെടൽ ഉണ്ടായേക്കും. നവംബർ എട്ടിനാണ് കൊച്ചിയിലെ അടുത്ത കളി. അതിനുമുമ്പ് ടീം മാനേജ്മെന്റും നിർണായകയോഗം ചേരുമെന്നാണ് അറിയുന്നത്. സർക്കാർ ഇടപെടലിൽ ടീം മാനേജ്മെന്റ് സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടാം തീയതി എവേ മത്സരത്തിൽ ഹൈദരാബാദ് എഫ്.സി.ക്കെ തിരേയാണ് ടീമിന്റെ അടുത്ത കളി. Content Highlights:Will ISL Team Kerala Blasters Leave Kochi Indian Super League Football,Manjappada


from mathrubhumi.latestnews.rssfeed https://ift.tt/2qXWVrD
via IFTTT