Breaking

Tuesday, October 29, 2019

വേദിയിൽ പുരുഷാധിപത്യം വേണ്ടെന്ന് മുഖ്യമന്ത്രി

കണ്ണൂർ: പൊതുപരിപാടികളിൽ പ്രസംഗവേദിയിൽ പുരുഷന്മാരുടെ സർവാധിപത്യം വേണ്ടെന്ന് മുഖ്യമന്ത്രി. താൻ പ്രസംഗിക്കുന്ന വേദിയിൽ സ്ത്രീപങ്കാളിത്തം നിർബന്ധമായുമുണ്ടാകണമെന്ന് അദ്ദേഹം നിർദേശിച്ചു. സി.പി.എമ്മും സി.പി.എം. നേതൃത്വത്തിലുള്ള സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിലും ചടങ്ങുകളിലും നിർദേശം നടപ്പാക്കിത്തുടങ്ങി. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ പ്രസംഗകരുടെ കൂട്ടത്തിൽ രണ്ടുസ്ത്രീകളെങ്കിലും വേണമെന്നാണ് അനൗദ്യോഗിക നിർദേശം. വനിതാമതിലുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായാണ് പൊതുവേദികളിൽ സ്ത്രീപങ്കാളിത്തം നിർബന്ധമാക്കാൻ സി.പി.എം. തീരുമാനിച്ചത്. ഇക്കാര്യം പാർട്ടി കേന്ദ്രനേതൃത്വം പലതവണ നിർദേശിച്ചിട്ടും നടപ്പാക്കാനായിരുന്നില്ല. തുടർന്നാണ് വനിതാ പ്രാതിനിധ്യം നിർബന്ധമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. മുഖ്യമന്ത്രി പങ്കെടുത്ത നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ ഇത് നടപ്പാക്കിയിരുന്നു. അടുത്ത് നടക്കാനിരിക്കുന്ന ലൈബ്രറി കൗൺസിൽ തിരഞ്ഞെടുപ്പിലുൾപ്പെടെ സ്ത്രീ പ്രാതിനിധ്യം നിർബന്ധമാക്കിയിട്ടുണ്ട്. ഗ്രാമങ്ങളിൽ പാർട്ടിക്ക് വലിയ സ്വാധീനമുണ്ടാക്കുന്നതിൽ സഹായിക്കുന്ന ഗ്രന്ഥശാലാ-കലാസമിതി ഭാരവാഹികളിൽ സ്ത്രീ പ്രാതിനിധ്യം നാമമാത്രമാണെന്ന് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ലൈബ്രേറിയന്മാരായും മറ്റും ഗ്രന്ഥശാലകളുടെ പ്രവർത്തനത്തിൽ സ്ത്രീകൾ സജീവമാണ്. എന്നാൽ ഭാരവാഹികളായി കുറച്ചുപേരേയുള്ളൂ. താലൂക്ക് ലൈബ്രറി കൗൺസിൽ, ജില്ലാ ലൈബ്രറി കൗൺസിൽ, സംസ്ഥാന ലൈബ്രറി കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ സ്ത്രീ പങ്കാളിത്തം തീരെയില്ലെന്നാണ് സ്ഥിതി. ഇക്കാര്യത്തിൽ മാറ്റംവരുത്താനും തീരുമാനിച്ചു. മറ്റുസ്ഥാപനങ്ങളിലും സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സി.പി.എം. നിർദേശിച്ചെന്നാണ് വിവരം.


from mathrubhumi.latestnews.rssfeed https://ift.tt/2PsGUUO
via IFTTT