Breaking

Thursday, October 31, 2019

മഴ: 4 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; എംജി യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവെച്ചു

കോഴിക്കോട്: പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂർ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എറണാകുളത്തെ ബീച്ചുകളിലും ഇന്ന് പ്രവേശനം നിരോധിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആയിരിക്കും.മഹാത്മാ ഗാന്ധി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യാപകമായി ഇന്ന് രാവിലെ മുതൽ കനത്ത മഴ പെയ്യുന്നുണ്ട്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 10 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ലക്ഷദ്വീപിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് മഹ ചുഴലിക്കാറ്റായതായി കേന്ദ്ര കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. മഹ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇനിയുള്ള സമയങ്ങളിലും കടൽ അതിപ്രക്ഷുബ്ധവസ്ഥയിൽ തുടരുന്നതാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്. അടച്ചുറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരെയും അപകട മേഖലകളിലുള്ളവരെയും മാറ്റി താമസിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2Npdm7P
via IFTTT