കൊല്ലപ്പെട്ട ബാബു ചാലക്കുടി: ഒന്നരവർഷം മുമ്പ് അച്ഛനെ കൊന്നത് താനാെണന്ന് പോലീസിനോട് വെളിപ്പെടുത്തി യുവാവ്. ബൈക്ക് മോഷണത്തിന് പിടിയിലായ യുവാവിനെ ചോദ്യംചെയ്യുന്നതിനിടെയാണ് വെളിപ്പെടുത്തൽ. കൊന്നക്കുഴി സ്വദേശി കുന്നുമ്മൽ ബാലുവാണ് അച്ഛൻ ബാബു തന്റെ അടിയേറ്റാണ് മരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ബൈക്ക് മോഷണക്കേസിൽ ബാലു ഉൾപ്പെടെ മൂന്നുപേരെ ഒക്ടോബർ 22-ന് അറസ്റ്റ് ചെയ്തിരുന്നു. അടുത്ത ദിവസം ഒരാൾ കൂടി ഈ കേസിൽ അറസ്റ്റിലായിരുന്നു. ബൈക്ക് മോഷണത്തിന്റെ രീതികളെപ്പറ്റി വിശദമായി ചോദിച്ചറിയുന്നതിനിടെ ഡിവൈ.എസ്.പി. സി.ആർ. സന്തോഷിന്റെ മുൻപിൽ വച്ചായിരുന്നു ബാലുവിന്റെ വെളിപ്പെടുത്തൽ. മരത്തിൽനിന്നു വീണ് പരിക്കേറ്റാണ് ബാബു മരിച്ചതെന്നാണ് ഇതുവരെ കരുതിയിരുന്നത്. അച്ഛനും അമ്മയും തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണ് സംഭവം എന്നാണ് മൊഴി. തലയ്ക്കടിയേറ്റ് വീണ ബാബുവിനെ ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാൽ രക്ഷിക്കാനായില്ല. കൊന്നക്കുഴിയിൽ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവരുടെ വീട്. അതിനാലാണ് സംഭവം പുറത്തറിയാതെപോയതെന്ന് കരുതുന്നു. അമ്മയുടെ ആവശ്യപ്രകാരമാണ് അച്ഛൻ അപകടത്തിലാണ് മരിച്ചതെന്ന് അറിയിച്ചതെന്ന് ബാലു പോലീസിനോട് പറഞ്ഞു. കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. പ്രത്യേകാന്വേഷണസംഘം രൂപവത്കരിച്ച് ശാസ്ത്രീയ പരിശോധനകളും മറ്റും നടത്തി കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. ബൈക്ക് മോഷണക്കേസിൽ റിമാൻഡിലുള്ള ബാലുവിനെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം മുന്നോട്ടുകൊണ്ടുപോവുമെന്ന് പോലീസ് അറിയിച്ചു. എസ്.ഐ. ബി.കെ. അരുൺ, കെ.ജെ. ജോൺസൺ, ജിനുമോൻ തച്ചേത്ത്, കെ.ബി. സുനിൽകുമാർ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2Wgk4B9
via
IFTTT