Breaking

Thursday, October 31, 2019

വ്യാജ ഏറ്റുമുട്ടലെന്നു സി.പി.ഐ.

തിരുവനന്തപുരം: മാവോവാദികളെ വധിച്ച സംഭവം വ്യാജ ഏറ്റുമുട്ടലാണെന്നു സി.പി.ഐ. ഏറ്റുമുട്ടലുണ്ടായ മഞ്ചക്കണ്ടി വനം പുതൂർ പഞ്ചായത്തിനോട് ചേർന്നാണ്. അവിടെ ഭരിക്കുന്നത് എൽ.ഡി.എഫ്. ആണ്. പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഐ. മണ്ഡലം കമ്മിറ്റി ഭാരവാഹിയാണ്. അവരിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാവോവാദികളെ കൊലപ്പെടുത്തിയത് വ്യാജഏറ്റുമുട്ടലിലാണെന്ന് പറയുന്നതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻ പറഞ്ഞു.സംഭവത്തിന് ഒന്നര കിലോമീറ്ററിനടുത്തായി ആദിവാസിക്കോളനിയുണ്ട്. അവിടെയുള്ളവർക്കും ഇതേഅഭിപ്രായമാണ്. ഒടുവിൽ കൊല്ലപ്പെട്ട മണിവാസകം രോഗാതുരനായി നടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഒരു ടെന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഏറ്റവും അടുത്തുനിന്ന് പോലീസ് വെടിയുതിർക്കുകയായിരുന്നുവെന്നും കാനം പറഞ്ഞു. പോലീസ്‌തന്നെ വിധിനടപ്പാക്കുന്നത് പ്രാകൃതമാണ്. ഇത്തരം ഗ്രൂപ്പുകളെ നേരിടാനുള്ള കേന്ദ്രസർക്കാരിന്റെ സൃഷ്ടിയാണ് തണ്ടർബോൾട്ട്. മാവോവാദികളെ കൊല്ലുകയെന്ന നിലപാട് കേന്ദ്രത്തിനുണ്ടെങ്കിൽ അതിന് കേരളത്തിലെ പോലീസ് കൂട്ടുനിൽക്കണോയെന്ന് ഗൗരവത്തോടെ ചിന്തിക്കണം. തോക്കുകൾകൊണ്ടല്ല സർക്കാർ മറുപടി പറയേണ്ടത്. പുതൂർ പഞ്ചായത്തിൽ സി.പി.എമ്മിനും സ്വാധീനമുണ്ട്. മുഖ്യമന്ത്രിക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ അവരോടും അന്വേഷിക്കാം- കാനം പറഞ്ഞു. ഗുജറാത്തിലെ ഇസ്രത്ത്ജഹാൻ കേസിൽ സുപ്രീംകോടതിയാണ് വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യക്തമാക്കിയത്. ഏറ്റുമുട്ടലിൽ പോലീസിന് പരിക്കേൽക്കാത്തതാണോ പ്രശ്‌നമായി കണക്കാക്കുന്നതെന്നായിരുന്നു അന്ന് നരേന്ദ്രമോദിയും ചോദിച്ചതെന്ന് കാനം പറഞ്ഞു. നിയമസഭയിൽ ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ചോദ്യവും ഇതായിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു കാനത്തിന്റെ മറുപടി. പോലീസിനുനേരെ മാവോവാദികൾ വെടിവെച്ചുവെന്നത് അർഥശൂന്യമായ വാദമാണ്. അവർ വെച്ച വെടി മരത്തിനാണോ കൊണ്ടതെന്നും കാനം ചോദിച്ചു. സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം നടത്തണം. മറ്റു കാര്യങ്ങൾ സർക്കാർ പരിശോധിക്കട്ടെയെന്നും കാനം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2PvbCMK
via IFTTT