Breaking

Tuesday, October 29, 2019

വൻമതിലായി വിശ്വാസികൾ; കോതമംഗലം ചെറിയ പള്ളിയിൽ കയറാനാകാതെ ഓർത്തഡോക്സ് വിഭാഗം പിൻമാറി

കോതമംഗലം: പ്രതിഷേധത്തിന്റെ വൻമതിലായി യാക്കോബായ വിശ്വാസികൾ അണിനിരന്നപ്പോൾ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കയറാനാകാതെ ഓർത്തഡോക്സ് വിഭാഗം പിൻവാങ്ങി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ നൂറിൽ താഴെ മാത്രം വരുന്ന ഓർത്തഡോക്സ് വിഭാഗം തിങ്കളാഴ്ച പത്തുമണിയോടെ ചെറിയ പള്ളിയിലേക്ക് എത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നുമണി വരെ അവർ പള്ളിക്ക് സമീപമായി നിന്നു. ആലുവ റൂറൽ അഡീഷണൽ എസ്.പി. എം.ജെ. സോജന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ഇവർക്ക് സംരക്ഷണം നൽകാനായി ഉണ്ടായിരുന്നു. എന്നാൽ, ചെറിയ പള്ളിയിലേക്കുള്ള ഗെയിറ്റുകളെല്ലാം അടച്ചിട്ട് പള്ളിയങ്കണത്തിൽ അണിനിരന്ന ആയിരക്കണക്കിന് വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് ഒാർത്തഡോക്സ് വിഭാഗം പിൻമാറുകയായിരുന്നു. തോമസ് പോൾ റമ്പാനോടൊപ്പം ഓർത്തഡോക്സ് മെത്രാപ്പോലീത്തമാരായ തോമസ് മാർ അത്തനാസിയോസ്, ഗീവർഗീസ് മാർ യൂലിയോസ്, യൂഹാനോൻ മാർ പോളികാർപ്പസ് തുടങ്ങിയവരും ഏതാനും വൈദികരും വിശ്വാസികളും മാത്രമാണ് ഉണ്ടായിരുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് പോലീസ് സംരക്ഷണം നൽകാത്തതിനാൽ പിൻമാറുന്നതായാണ് ഒാർത്തഡോക്സ് വിഭാഗം മാധ്യമങ്ങളോട് പറഞ്ഞത്. ചെറിയ പള്ളിയുടെ കിഴക്കു ഭാഗത്തുള്ള പ്രധാന കവാടത്തിലൂടെയാണ് ഓർത്തഡോക്സ് വിഭാഗം എത്തിയത്. ഇവിടെ ഗെയ്റ്റ് അടച്ചിട്ട് പ്രതിഷേധ മുദ്രാവാക്യങ്ങളുമായി വിശ്വാസികൾ അണിനിരക്കുകയായിരുന്നു. ഇതിനൊപ്പം മറ്റ് ഗെയിറ്റുകൾക്കു മുൻപിലും അവർ കാവൽ നിന്നിരുന്നു. നാല് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിൽ 650 പോലീസുകാരെയാണ് സംഘർഷ സാഹചര്യം കണക്കിലെടുത്ത് സ്ഥലത്ത് വിന്യസിച്ചിരുന്നത്. 11 മണിയോടെ സബ് ഡിവിഷണൽ മജിസ്ട്രേറ്റു കൂടിയായ മൂവാറ്റുപുഴ ആർ.ഡി.ഒ. എം.ടി. അനിൽകുമാർ കോടതി വിധിയനുസരിച്ച് എത്തിയ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ കയറുന്നതിന് തടസ്സം നിൽക്കരുതെന്ന് മൈക്കിലൂടെ ആവശ്യപ്പെട്ടു. പക്ഷെ വിശ്വാസികൾ പിൻവാങ്ങാൻ തയ്യാറായില്ല. ഇതിനു പിന്നാലെ യാക്കോബായക്കാരുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പൗരസമിതി കോതമംഗലത്ത് ഹർത്താൽ പ്രഖ്യാപിച്ചു. ജനപ്രതിനിധികളും വ്യാപാരികളും അടക്കമുള്ളവർ പള്ളിയുടെ പരിസരത്തേക്ക് പ്രകടനവുമായി എത്തി. ഇവരെ പോലീസ് തടഞ്ഞു. ടൗണിലെ വ്യാപാര സ്ഥാപനങ്ങളൊക്കെ അടച്ചു. സ്വകാര്യ ബസുകൾ സർവീസ് നിർത്തി. 12 മണിയോടെ ആർ.ഡി.ഒ. യുടെ പ്രഖ്യാപനം വീണ്ടും ഉണ്ടായി. ചട്ടവിരുദ്ധമായി കൂട്ടംകൂടി നിൽക്കാനാകില്ലെന്നും പള്ളിയങ്കണത്തിൽ നിന്ന് പിരിഞ്ഞുപോകണമെന്നുമായിരുന്നു ആർ.ഡി.ഒ. പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ വിശ്വാസികൾ ഇവിടത്തെ ഗെയ്റ്റ് ഇരുമ്പ് ചങ്ങല ഉപയോഗിച്ച് പൂട്ടി. പ്രതിഷേധം ശക്തമാക്കുകയായിരുന്നു വിശ്വാസികൾ. സ്കൂൾ വിട്ട വിദ്യാർഥികളും പള്ളിയിലേക്ക് പ്രതിഷേധവുമായി എത്തി. അതിനിടെ ഓർത്തഡോക്സ് വിഭാഗത്തിന് ഭക്ഷണവുമായി എത്തിയ വാഹനവും തടഞ്ഞു. രണ്ട് മണിയോടെ ഓർത്തഡോക്സുകാരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടായി. ഇതിനു പിന്നാലെ പള്ളിയങ്കണത്തിനു സമീപമുള്ള റോഡിൽ നിന്നിരുന്ന യാക്കോബായ വിശ്വാസികളെ പോലീസ് വിരട്ടിയോടിച്ചു. പോലീസിനെ ഗെയ്റ്റിനു മുന്നിലായി വിന്യസിക്കുകയും ചെയ്തു. പോലീസ് ബലപ്രയോഗത്തിലേക്ക് നീങ്ങുകയാണെന്ന പ്രതീതി ഇതുണ്ടാക്കി. വിശ്വാസികളുടെ മുദ്രാവാക്യം വിളി ശക്തമായി. ആറടി മണ്ണിനായുള്ള സഹന സമരമാണ് നടത്തുന്നതെന്ന വികാരപരമായ പ്രഖ്യാപനവും വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായി. ഇതിനു പിന്നാലെ ഓർത്തഡോക്സ് വിഭാഗം പിൻവാങ്ങാൻ തയ്യാറാകുകയായിരുന്നു. അതോടെ പള്ളിയങ്കണത്തിൽനിന്ന് ഹർഷാരവവും ഉയർന്നു. Content Highlights:Kothamangalam Church, Malankara Church dispute


from mathrubhumi.latestnews.rssfeed https://ift.tt/2NiGfT7
via IFTTT