Breaking

Wednesday, October 30, 2019

'ഇരുട്ടില്‍ 'മനുഷ്യമൃഗ'ത്തെ കാണാന്‍ കഴിഞ്ഞില്ല' -ബലാത്സംഗ കേസിലെ പ്രതിയെ വെറുതെ വിട്ടു

ഇരുട്ടായിരുന്നു. എന്നെ ബലാത്സംഗം ചെയ്ത ആ മനുഷ്യമൃഗത്തെ കാണാൻ കഴിഞ്ഞില്ല.. ബലാത്സംഗക്കേസ് വിചാരണ വേളയിൽ ജഡ്ജിയോട് ഇരയായ യുവതി പറഞ്ഞ വാക്കുകളാണ്. സംഭവം നടന്നപ്പോൾ പോലീസിനു കൊടുത്ത മൊഴി പക്ഷെ ഇതായിരുന്നില്ല. സെഷൻസ് കോടതി മുതൽ സുപ്രീം കോടതി വരെ നീണ്ട നിയമപ്പോരാട്ടങ്ങൾക്കാണ് ഈ മൊഴിയും മൊഴിമാറ്റവും കാരണമായത്. ബലാത്സംഗ കേസ് വിചാരണകളിൽ പ്രസക്തമായ ഉത്തരവിനും നിരീക്ഷണങ്ങൾക്കും അതു വഴിവെക്കുകയും ചെയ്തു. 2000 ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലേക്കു വരുന്ന വഴിയാണ് പീഡിപ്പിക്കപ്പെട്ടതെന്നും എൻ.പി. രാജു എന്നാണ് പ്രതിയുടെ പേരെന്നുമുള്ള പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിലെത്തുന്നതോടെയാണ് സംഭവപരമ്പരകളുടെ തുടക്കം. ഭർത്താവിനോട് യുവതി സംഭവം വിവരിച്ചു. പോലീസ് സ്റ്റേഷനിൽ ഹാജരായി മൊഴിയും നൽകി. ഭാര്യയിൽ നിന്നറിഞ്ഞ വിവരങ്ങൾ വെച്ച് ഭർത്താവും മൊഴി നൽകി. പോലീസ് കേസ് ചാർജ് ചെയ്തു. അന്വേഷിച്ചു. പ്രതിയെ പിടികൂടി. കുറ്റപത്രവും നൽകി. സെഷൻസ് കോടതിയിൽ വിചാരണാവേളയിൽ പക്ഷെ, യുവതി മലക്കം മറിഞ്ഞു. ബലാത്സംഗം ചെയ്ത പ്രതിയെ തനിക്കു കാണാൻ സാധിച്ചില്ല. ഇരുട്ടായിരുന്നു. യുവതി പറഞ്ഞു. പ്രതിക്കൂട്ടിൽ നിന്നയാളെ അവർ തിരിച്ചറിഞ്ഞില്ല. മാത്രമല്ല, പ്രോസിക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളും യുവതി നിഷേധിച്ചു. അതോടെ പ്രോസിക്യൂഷൻ യുവതിക്കെതിരെ തിരിഞ്ഞു. യുവതി പ്രതിഭാഗം ചേർന്നതായി പ്രോസിക്യൂഷൻ ആരോപിച്ചു. എന്നിട്ടും വിചാരണവേളയിൽ ഒരിക്കൽ പോലും യുവതി പ്രോസിക്യൂഷനെ പിന്തുണച്ചില്ല. യുവതിയുടെ ഭർത്താവും മൊഴിമാറ്റി. പ്രോസിക്യൂഷനൊപ്പം നിൽക്കാൻ അദ്ദേഹവും തയ്യാറായില്ല. ബലാത്സംഗത്തെക്കുറിച്ച് പറഞ്ഞതുമില്ല. വിചാരണവേളയിൽ സാക്ഷികൾ പ്രോസിക്യൂഷന് പൂർണ പിന്തുണ നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇവിടെ സാക്ഷികൾ യുവതിയും ഭർത്താവുമാണ്. അവർ കൂറുമാറി. എന്നിട്ടും സെഷൻസ് കോടതി പ്രതിയെ പത്തുവർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. പോലീസിൽ യുവതിയും ഭർത്താവും ആദ്യം നൽകിയ മൊഴിയെ ആശ്രയിച്ചായിരുന്നു വിധി. അത് അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കോടതി പറഞ്ഞു. അപ്പീൽ വിചാരണക്കു വന്നപ്പോൾ തെലങ്കാന ഹൈക്കോടതിയും ശിക്ഷ ശരിവെച്ചു. പ്രതി സുപ്രീം കോടതിയിലെത്തി. സെഷൻസ് കോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾ തള്ളിക്കൊണ്ട് സുപ്രീം കോടതി പ്രതിയെ വെറുതെ വിട്ടു. സെഷൻസ് കോടതിയുടെ നടപടി നിയമവിരുദ്ധമായിപ്പോയി എന്നു നിരീക്ഷിക്കുകയും ചെയ്തു. യുവതിയും ഭർത്താവും നൽകിയ മൊഴിയെ മാത്രം ആശ്രയിച്ചുള്ള വിധി ശരിയായില്ലെന്നാണ് സുപ്രീം കോടതി നിലപാടെടുത്തത്. പ്രതിയെ ശിക്ഷിക്കണമെങ്കിൽ യുവതിയും ഭർത്താവും പ്രോസിക്യൂഷനെ പിന്തുണച്ച് മൊഴി നൽകണമായിരുന്നു. അങ്ങിനെ ഉണ്ടായില്ല. പ്രോസിക്യൂഷന്റെ ആരോപണങ്ങൾ യുവതി തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിൽ പ്രതിയെ സെഷൻസ് കോടതി ശിക്ഷിക്കാൻ പാടില്ലായിരുന്നു. സുപ്രീം കോടതി പറഞ്ഞു. ബലാത്സംഗ കേസുകളിൽ ഇര കോടതിയിൽ നൽകുന്ന മൊഴി വിചാരണ ചെയ്യുന്ന ജഡ്ജിയിൽ മതിപ്പ് ഉളവാക്കിയിരിക്കണം.സുപ്രീം കോടതി നിരവധി വിധികളിലൂടെ വ്യവസ്ഥ ചെയ്തിട്ടുള്ള കാര്യമാണ്. ശിക്ഷക്ക് അത് മതിയായ കാരണമാകും. എന്നാൽ ഇവിടെ പ്രതിയെ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ലെന്ന് യുവതി പറയുന്നു. പോലീസ് സ്റ്റേഷനിൽ നൽകിയ മൊഴിയിൽ നിന്ന് കടകവിരുദ്ധമായ മൊഴി സെഷൻസ് കോടതിയിൽ കൊടുത്ത യുവതിയെ വിശ്വസിക്കാൻ കഴിയില്ല -സുപ്രീം കോടതി നിരീക്ഷിച്ചു. പ്രതിയെ നിരുപാധികം വിട്ടയക്കാനും കോടതി ഉത്തരവിട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2WqGzTV
via IFTTT