Breaking

Thursday, October 31, 2019

യൂറോപ്യൻസംഘത്തിന്റെ കശ്മീർസന്ദർശനം ക്ഷണിച്ചത് അന്താരാഷ്ട്ര ബിസിനസ് ഇടനിലക്കാരി മാഡി ശർമ

ന്യൂഡൽഹി: ജമ്മുകശ്മീർ സന്ദർശിക്കാൻ യൂറോപ്യൻ പാർലമെന്റംഗങ്ങളെത്തിയത് അന്താരാഷ്ട്ര ബിസിനസ് ഇടനിലക്കാരി മാഡി ശർമയുടെ ക്ഷണം സ്വീകരിച്ച്. ബെൽജിയത്തിലെ ബ്രസൽസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നയരൂപവത്കരണ സ്ഥാപനമായ വിമൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ തിങ്ക് ടാങ്കിന്റെ (വെസ്റ്റ്) സ്ഥാപകയാണ് ഇന്ത്യൻ വംശജയായ ഈ ബ്രിട്ടീഷുകാരി. ഇവരുടെ ഇടപെടലിനെതിരേ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയപ്പാർട്ടികൾ രംഗത്തെത്തി. ഇതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിലായി. യൂറോപ്യൻ പാർലമെന്റംഗങ്ങളെ ജമ്മുകശ്മീർ സന്ദർശിക്കാൻ അനുവദിച്ചത് മോദിസർക്കാരിന്റെ 'ഏറ്റവുംവലിയ നയതന്ത്ര വങ്കത്ത'മാണെന്ന് കോൺഗ്രസ് ആരോപിച്ചു. ജമ്മുകശ്മീർ സന്ദർശിക്കാൻ യൂറോപ്യൻ പാർലമെന്റിലെ മുപ്പതോളം അംഗങ്ങളെ ക്ഷണിച്ചുകൊണ്ട് മാഡി ശർമ അയച്ച ഇ-മെയിൽ പുറത്തുവന്നതോടെയാണ് വിവാദമുയർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള ഉന്നതരുമായി ചർച്ചനടത്താനും ജമ്മുകശ്മീർ സന്ദർശിക്കാനും അവസരമൊരുക്കാമെന്നാണ് ഇവർ വാഗ്ദാനം ചെയ്തത്. സന്ദർശനം പൂർണമായും സൗജന്യമായിരിക്കുമെന്നും ഇ-മെയിലിലുണ്ട്. 'ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ഞാൻ അവസരമൊരുക്കുകയാണ്. അതിനായി നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങൾക്കറിയാവുന്നതുപോലെ, ഈയിടെ നടന്ന തിരഞ്ഞെടുപ്പിൽ മോദി വൻവിജയമാണു നേടിയത്. യൂറോപ്യൻ യൂണിയനിലെ സ്വാധീനശക്തിയുള്ള നയരൂപകർത്താക്കളെ കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നു' -മാഡിയുടെ ഇ-മെയിലിൽ പറയുന്നു. മോദിയുമായുള്ള കൂടിക്കാഴ്ച, കശ്മീർസന്ദർശനം, പത്രസമ്മേളനം എന്നിവയ്ക്ക് അവസരമൊരുക്കുമെന്നും മെയിലിലുണ്ട്. വിമാനയാത്ര, താമസം എന്നിവയുൾപ്പെടെ എല്ലാചെലവും ഡൽഹി കേന്ദ്രമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നോൺ അലൈൻഡ് സ്റ്റഡീസ് (ഐ.ഐ.എൻ.എസ്.) വഹിക്കുമെന്നും പറയുന്നു. ഈ മാസം ഏഴിനാണ് ഇവർ ഇ-മെയിൽ ക്ഷണം അയച്ചത്. മാഡി ശർമയുടെ ക്ഷണം നിരസിച്ച ബ്രിട്ടനിലെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി എം.പി. ക്രിസ് ഡേവിസാണ് കത്തു പുറത്തുവിട്ടത്. 27 എം.പി.മാരാണ് ഇന്ത്യയിലെത്തിയത്. മാഡി ശർമയും ഇവർക്കൊപ്പമുണ്ട്. തിങ്കളാഴ്ച ഇവർ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും കണ്ടു. ഇതിൽ 23 എം.പി.മാർ രണ്ടുദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച ജമ്മുകശ്മീരിലേക്കുപോയി. ഇവരിൽ ഭൂരിഭാഗംപേരും തീവ്രവലതുപക്ഷ രാഷ്ട്രീയപ്പാർട്ടികളിലെ അംഗങ്ങളാണ്. ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളുടെ ജമ്മുകശ്മീർ സന്ദർശനം തടയുന്ന സർക്കാർ, ബിസിനസ് ഇടനിലക്കാരി വഴിയെത്തിയ യൂറോപ്യൻ സംഘത്തിന് അനുമതി നൽകിയതാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. വിദേശപ്രതിനിധികൾ വ്യക്തിപരമായ താത്പര്യത്താലാണ് കശ്മീരിലെത്തിയതെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. മാഡി ഗ്രൂപ്പ് സ്വകാര്യമേഖലയിലും സാമൂഹികക്ഷേമകാര്യങ്ങളിലും പ്രവർത്തിക്കുന്ന സ്ഥാപനമാണ് മാഡി ശർമയുടെ മാഡി ഗ്രൂപ്പ്. സന്നദ്ധസംഘടനകളും ലാഭേച്ഛകൂടാതെ കമ്പനികളും നടത്തുന്നു. മാഡിഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ് വെസ്റ്റ്. 'മെയ്ക്ക് എ ഡിഫറൻസ് ഐഡിയാസ്'(വ്യത്യസ്തമായ ആശയങ്ങൾ സൃഷ്ടിക്കുക) എന്നതിന്റെ ചുരുക്കമാണ് മാഡി എന്ന പേരെന്ന് madisharma.org എന്ന വെബ്സൈറ്റ് പറയുന്നു. Content Highlights:Madi Sharma Who Arranged EU Delegation's Kashmir Visit


from mathrubhumi.latestnews.rssfeed https://ift.tt/2NscAqE
via IFTTT