തിരുവനന്തപുരം: ദക്ഷിണശ്രീലങ്കാ തീരത്തിനടുത്തായി തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമേഖല ചൊവ്വാഴ്ചയോടെ കന്യാകുമാരി മേഖലയ്ക്കുമുകളിൽ കൂടുതൽ ശക്തിപ്രാപിക്കും. വ്യാഴാഴ്ച ലക്ഷദ്വീപ്, മാലദ്വീപ് മേഖലയ്ക്കുമുകളിൽ അതിതീവ്ര ന്യൂനമർദമാകാനും സാധ്യതയുള്ളതായി കാലാവസ്ഥാവിഭാഗം അറിച്ചു. ന്യൂനമർദത്തിന്റെ പ്രഭാവത്തിൽ കേരള, ലക്ഷദ്വീപ് തീരത്തിനിടയിൽ വരുംമണിക്കൂറുകളിൽ കടൽ പ്രക്ഷുബ്ധമാകും. മത്സ്യത്തൊഴിലാളികൾ ഒരുകാരണവശാലും കേരളതീരത്തും കന്യാകുമാരി, മാലദ്വീപ്, ലക്ഷദ്വീപ് തീരത്തും മീൻപിടിക്കാൻ പോകരുത്. പോയവർ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയുംവേഗമെത്തണമെന്നും മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപ്, മാലദ്വീപ് മേഖല, തെക്കുകിഴക്കൻ അറബിക്കടൽ, തെക്കൻ കേരളതീരം, മാന്നാർ കടലിടുക്ക്, തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി മേഖല എന്നിവിടങ്ങളിൽ ബുധനാഴ്ചവരെ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ചില അവസരങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 70 കിലോമീറ്റർ വരെയാകാം. 31-ന് ലക്ഷദ്വീപ് മേഖലയിലും തെക്കുകിഴക്കൻ അറബിക്കടലിലും കേരളതീരത്തും കാറ്റുവീശും. വെള്ളിയാഴ്ച കർണാടക തീരത്ത് മഴയ്ക്കും 80 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, മധ്യകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ക്യാർ ചുഴലി ഒമാൻ തീരത്തേക്ക് നീങ്ങുകയാണ്. ബുധനാഴ്ചയോടെ ഇത് പടിഞ്ഞാറ്-തെക്കുപടിഞ്ഞാറേക്ക് തിരിഞ്ഞ് ഒമാൻ-യെമെൻ തീരത്തേക്ക് നീങ്ങും. പടിഞ്ഞാറ് മധ്യ അറബിക്കടലിൽ തിങ്കളാഴ്ച കാറ്റിന്റെ വേഗം 260 കിലോമീറ്റർ വരെയായിരുന്നു. ചൊവ്വാഴ്ചയോടെ ശക്തി ക്ഷയിച്ചുതുടങ്ങുമെങ്കിലും നവംബർ രണ്ടോടെ മാത്രമേ ദുർബലമാകാനിടയുള്ളൂ. content highlights:depression in south west bay of bengal today
from mathrubhumi.latestnews.rssfeed https://ift.tt/34aPH1u
via
IFTTT