വാഷിങ്ടൺ: ആഗോളഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലെ ബാരിഷ ഗ്രാമത്തിൽ യു.എസിന്റെ പ്രത്യേക കമാൻഡോകൾ വളഞ്ഞപ്പോൾ രക്ഷപ്പെടാനാവാതെ ഇയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ലോകത്തെ വിറപ്പിച്ച കൊടുംഭീകരൻ ഭീരുവിനെപ്പോലെയാണ് മരണംവരിച്ചതെന്ന് ട്രംപ് പറഞ്ഞു. സൈന്യം ഇരച്ചെത്തിയപ്പോൾ രക്ഷപ്പെടാനാവാതെ ഒരു തുരങ്കത്തിലൂടെ അലറിവിളിച്ച് കരഞ്ഞുകൊണ്ട് ഓടി, ദേഹത്ത് കെട്ടിവെച്ച സ്ഫോടകവസ്തുക്കൾ പൊട്ടിക്കുകയായിരുന്നു. ചിതറിത്തെറിച്ച മൃതദേഹം ഡി.എൻ.എ. പരിശോധന നടത്തിയാണ് മരിച്ചത് ബാഗ്ദാദി തന്നെയെന്ന് സ്ഥിരീകരിച്ചത്. ഇയാളുടെ രണ്ടു ഭാര്യമാരും മൂന്നു മക്കളും കൊല്ലപ്പെട്ടതായും ട്രംപ് പറഞ്ഞു. 11 മക്കളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്. രാത്രിയിൽ പിഴയ്ക്കാതെ നടത്തിയ ധീരമായ സൈനികനടപടിയെന്നാണ് ട്രംപ് സംഭവത്തെ വിശേഷിപ്പിച്ചത്. യു.എസ്. സൈനികർക്ക് നാശനഷ്ടമൊന്നും സംഭവിച്ചിട്ടില്ല. ബാഗ്ദാദിയുടെ സംഘത്തിലെ ഏതാനും പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഒളിവിൽക്കഴിഞ്ഞത് വ്യാപാരിയെന്ന പേരിൽ|Read More ഒളിയിടത്തെപ്പറ്റി വിവരങ്ങൾ നൽകിയത് തങ്ങളെന്ന് ഇറാഖ്|Read More പിഴവില്ലാത്ത സൈനിക നീക്കം|Read More ലോകം ഏറ്റവും ഭയക്കുന്ന കുറ്റവാളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാഗ്ദാദി കൊല്ലപ്പെട്ടതായി ഞായറാഴ്ച രാവിലെതന്നെ വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ, ഇന്ത്യൻ സമയം വൈകീട്ട് ആറരയ്ക്ക് വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചത്. ''ലോകത്തെ കൊടുംഭീകരനെ കഴിഞ്ഞ രാത്രി യു.എസ്. സൈനികർ നിയമത്തിനുകീഴിൽ കൊണ്ടുവന്നു. അബൂബക്കർ അൽ ബാഗ്ദാദി മരിച്ചു'' -ട്രംപ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ആക്രമണങ്ങൾ നടത്തിയ ഭീകരസംഘടനയാണ് ഐ.എസ്. അതിന്റെ സ്ഥാപകനും നേതാവുമാണ് ബാഗ്ദാദി. വർഷങ്ങളായി യു.എസ്. ഇയാളെ തിരഞ്ഞുവരികയായിരുന്നു. അയാളെ കണ്ടെത്തി നീതിക്കുമുന്നിൽ കൊണ്ടുവരിക എന്നതായിരുന്നു ദേശീയ സുരക്ഷയിൽ യു.എസ്. ഏറ്റവും പ്രധാനമായി കണ്ടിരുന്നതെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇദ്ലിബിലെ ബാരിഷ ഗ്രാമത്തിലെ ബാഗ്ദാദിയുടെ താമസസ്ഥലത്ത് ചെറിയതോതിൽ ഏറ്റുമുട്ടലുണ്ടായതായി പെന്റഗൺ ഉദ്യോഗസ്ഥർ പറഞ്ഞു. സിറിയയിലെ അവസാന ഐ.എസ്. താവളത്തിൽ ആക്രമണത്തിന് യു.എസ്. ഒരുങ്ങിയതുതന്നെ ബാഗ്ദാദിയെ ലക്ഷ്യംവെച്ചായിരുന്നു. ഒരാഴ്ചമുമ്പാണ് ട്രംപ് സൈനികനടപടിക്ക് അനുമതിനൽകിയത്. രക്ഷപ്പെടില്ലെന്നുറപ്പായതോടെ ബാഗ്ദാദി ആത്മഹത്യചെയ്തതോടെ ഒളിത്താവളം വ്യോമാക്രമണത്തിലൂടെ തകർക്കുകയും ചെയ്തു. ഇപ്പോൾ അമ്പതിനോടടുത്ത് പ്രായമുള്ള ബാഗ്ദാദി ഇറാഖിലാണ് ജനിച്ചത്. ഇബ്രാഹിം അൽ ബാദ്രി എന്നാണ് യഥാർഥ പേര്. ആദ്യം അൽഖ്വയ്ദ ഭീകരസംഘടനയിലാണ് അംഗമാവുന്നത്. പിന്നീട് മറ്റു ഗ്രൂപ്പുകളുമായിച്ചേർന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് രൂപവത്കരിച്ചു. 2010-ൽ ബാഗ്ദാദി ഐ.എസിന്റെ നേതാവായി. ഐ.എസിന്റെ ശക്തിക്ഷയിച്ചതോടെ ഇയാൾ സിറിയൻ അതിർത്തിയിലെ കേന്ദ്രത്തിൽ ഒളിച്ചുകഴിയുകയായിരുന്നു. അഞ്ചുവർഷമായി ബാഗ്ദാദി ഒളിവിൽക്കഴിഞ്ഞാണ് സംഘടനയുടെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്. ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് യു.എസ്. 2.5 കോടി ഡോളർ (ഏകദേശം 177 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. തുർക്കിയുടെ പിന്തുണയും സൈനികനീക്കത്തിനുണ്ടായിരുന്നു. ഇറാഖ് രഹസ്യാന്വേഷണ ഏജൻസികളാണ് ആക്രമണത്തിനുള്ള വിവരങ്ങൾ കൈമാറിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇറാഖ് ടെലിവിഷൻ പുറത്തുവിട്ടു. Content highlights:Abu Bakr al-Baghdadi killed
from mathrubhumi.latestnews.rssfeed https://ift.tt/32PAhja
via
IFTTT