Breaking

Thursday, October 31, 2019

അരിക്ഷാമം: പൊതുവിഭാഗം റേഷൻ അഞ്ചു കിലോയാക്കി കുറച്ചു

ആലപ്പുഴ: പൊതുവിഭാഗം (വെള്ളക്കാർഡ്) കാർഡുടമകളുടെ റേഷൻ ഭക്ഷ്യധാന്യ വിഹിതം നേർപകുതിയാക്കി കുറച്ചു. ഒക്ടോബറിൽ 10 കിലോ ലഭിച്ചവർക്ക് നവംബറിൽ അഞ്ചു കിലോയേ ലഭിക്കു. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലുള്ള പൊതുവിഭാഗങ്ങൾക്ക് രണ്ടുകിലോ മാത്രമായിരിക്കും വിഹിതം. മറ്റുജില്ലകളെക്കാൾ ഈ ജില്ലകളിൽ ഭക്ഷ്യധാന്യനീക്കിയിരിപ്പ് കുറഞ്ഞതാണ് കാരണം.കേരളത്തിൽ കാർഡുടമകളുടെ എണ്ണം ഏറിവരികയും കേന്ദ്രവിഹിതം പഴയപടി തുടരുന്നതുമാണ് അരിക്ഷാമത്തിന് കാരണം. കേരളത്തിന് നേരത്തേ 16.25 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് വർഷം അനുവദിച്ചിരുന്നത്. കുറച്ചുകാലമായി അത് 14.25 ലക്ഷം മെട്രിക് ടൺ മാത്രമാണ്. ഓരോ മാസവും ശരാശരി 10,000 മുതൽ 15,000 വരെ പുതിയ കാർഡുകൾ കേരളത്തിൽ പുതിയതായി നൽകുന്നുണ്ട്. ഇവരെല്ലാം പൊതുവിഭാഗത്തിലാണ് ഉൾപ്പെടുന്നത്. സെപ്റ്റംബറിൽ 86.14 ലക്ഷമായിരുന്നു കേരളത്തിലെ കാർഡുടമകളുടെ എണ്ണം. ഒക്ടോബറായപ്പോൾ ഇത് 86.26 ലക്ഷമായി ഉയർന്നു. നവംബറിലും കാർഡുകളുടെ എണ്ണം ഉയരും. കേന്ദ്രംവിഹിതം പുനഃസ്ഥാപിച്ചിട്ടില്ലെങ്കിലും റേഷൻ വാങ്ങാത്തവരുടെ വിഹിതത്തിൽനിന്നാണ് വാങ്ങുന്ന പൊതുവിഭാഗത്തിന് ഇത്രയുംകാലം നൽകിയിരുന്നത്. എന്നാൽ, മുൻഗണനാ വിഭാഗത്തിലെ റേഷൻ വാങ്ങാത്ത 70,000 കുടുംബങ്ങളെ പട്ടികയിൽനിന്ന് നീക്കി. ഇതിന് പകരമായി മുൻഗണനാ വിഭാഗത്തിൽ അർഹരായവരെ ഉൾപ്പെടുത്തി. ഇവർക്കെല്ലാം ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് റേഷൻ നൽകണം. ഇതാണ് ഭക്ഷ്യഭദ്രതയിൽ ഉൾപ്പെടാത്ത പൊതുവിഭാഗത്തിന്റെ വിഹിതം കുറയ്ക്കാൻ കാരണം. വെട്ടിക്കുറച്ച കേന്ദ്രവിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റേഷൻ വ്യാപാരി സംഘടനകൾ സമരം ശക്തമാക്കിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/331J4yv
via IFTTT