Breaking

Tuesday, October 29, 2019

കായ്‍ല മുള്ളർ, ഈ ദൗത്യം നിനക്കുവേണ്ടി

വാഷിങ്ടൺ: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ വധിക്കാനുള്ള ദൗത്യത്തിന് യു.എസ്. തിരഞ്ഞെടുത്ത പേര് 'ഓപ്പറേഷൻ കായ്ല മുള്ളർ' എന്നായിരുന്നു. ഐ.എസ്. ബന്ദിയാക്കുകയും പിന്നീട് കൊലപ്പെടുത്തുകയുംചെയ്ത മനുഷ്യാവകാശപ്രവർത്തക കായ്ല മുള്ളറുടെ സ്മരണാർഥമാണ് ഈ പേര്. “എത്രനാളെടുത്താലും കായ്ലയുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തുകയും അവൾക്ക് നീതിലഭിക്കുകയും ചെയ്യും” -2015-ൽ കായ്ലയുടെ മരണം സ്ഥിരീകരിച്ച് അന്നത്തെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ പ്രസ്താവനയിലെ വരികളാണിത്. ശനിയാഴ്ച യാഥാർഥ്യമായതും ഇതാണ്. അരിസോണയിൽനിന്നുള്ള മനുഷ്യാവകാശപ്രവർത്തകയായിരുന്നു കായ്ല. ഡാനിഷ് അഭയാർഥി കൗൺസിൽ, സപ്പോർട്ട് ടു ലൈഫ് തുടങ്ങിയ സംഘടനകൾക്കൊപ്പം ചേർന്ന് 2012 ഡിസംബർമുതൽ തുർക്കി അതിർത്തിയിലെ സിറിയൻ അഭയാർഥികൾക്കായി പ്രവർത്തിച്ചുവരുകയായിരുന്നു. മുമ്പ് വെസ്റ്റ് ബാങ്കിലും ഇസ്രയേലിലും സന്നദ്ധപ്രവർത്തനങ്ങൾ നടത്തി. ഉത്തരേന്ത്യയിലെ അനാഥാലയങ്ങൾ കേന്ദ്രീകരിച്ചുപ്രവർത്തിച്ചിരുന്നെങ്കിലും കാലാവസ്ഥയുമായി പൊരുത്തപ്പെടാനാകാത്തതോടെ മടങ്ങി. പിന്നീട് ടിബറ്റൻ അഭയാർഥികൾക്ക് ഇംഗ്ലീഷ് പരിശീലനം നൽകുന്നതിനിടെയാണ് സിറിയയിൽ ആഭ്യന്തരയുദ്ധമാരംഭിക്കുന്നതും അവിടേക്ക് ശ്രദ്ധമാറുന്നതും. എന്നാൽ, 2013 ഓഗസ്റ്റിൽ അവൾ ഐ.എസിന്റെ പിടിയിലായി. തുർക്കി അതിർത്തിയിൽനിന്ന് സിറിയയിലെ അലെപ്പോയിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അത്. തടവിൽവെച്ച് ക്രൂരമായ പീഡനങ്ങൾക്കിരയായി. ബാഗ്ദാദിയുൾപ്പെടെയുള്ള ഭീകരർ അവളെ ശാരീരിക-ലൈംഗിക പീഡനങ്ങൾക്കിരയാക്കി. 2015 ഫെബ്രുവരിയിൽ കായ്ല കൊല്ലപ്പെട്ടതായി ഐ.എസ്. പ്രഖ്യാപിച്ചു. അന്നവൾക്ക് പ്രായം വെറും 26. ജോർദാൻ നടത്തിയ വ്യോമാക്രമണത്തിൽ അവൾ കൊല്ലപ്പെട്ടുവെന്നാണ് ഐ.എസ്. അറിയിച്ചത്. ജോർദാൻ ഇക്കാര്യം നിഷേധിച്ചെങ്കിലും അന്നത്തെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ കായ്ലയുടെ മരണം സ്ഥിരീകരിച്ചു. എന്നാൽ, അവളുടെ മൃതദേഹം ഇതുവരെയും കണ്ടെടുക്കാനായിട്ടില്ല. കായ്ലയ്ക്കുപുറമേ 2014-ൽ ഐ.എസ്. വധിച്ച മാധ്യമപ്രവർത്തകരായ ജെയിംസ് ഫോളി, സ്റ്റീവൻ സോട്ട്ലോഫ്, മനുഷ്യാവകാശപ്രവർത്തകൻ പീറ്റർ കാസിഗ് എന്നിവർക്കും നീതികിട്ടിയതായി യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാൻ പറഞ്ഞു. Content Highlights:Kayla Mueller; This mission is for you


from mathrubhumi.latestnews.rssfeed https://ift.tt/2WlYmvm
via IFTTT