Breaking

Saturday, October 26, 2019

ആർ.സി.ഇ.പി. കരാറിനെതിരേ കോൺഗ്രസ് പ്രക്ഷോഭത്തിന്

ന്യൂഡൽഹി:മേഖലാതല സമഗ്രസാമ്പത്തിക പങ്കാളിത്ത (ആർ.സി.ഇ.പി.) കരാറിൽ ഇന്ത്യ ഒപ്പിടുന്നതിനെതിരേ രാജ്യവ്യാപകപ്രക്ഷോഭം നടത്താൻ കോൺഗ്രസ് തീരുമാനിച്ചു. കർഷകർക്കും തൊഴിലാളികൾക്കും കരാർ ദോഷമാകുമെന്ന് വെള്ളിയാഴ്ച സോണിയാഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസിന്റെ 18 അംഗ ബൗദ്ധികസമിതിയോഗം വിലയിരുത്തി. നവംബർ അഞ്ചുമുതൽ 15 വരെ സംസ്ഥാനങ്ങളിൽ സാമ്പത്തികമാന്ദ്യത്തിനെതിരേ നടക്കുന്ന പ്രക്ഷോഭത്തിനൊപ്പം ആർ.സി.ഇ.പി. കരാറിനെതിരേയും പ്രതിഷേധിക്കും. സാധാരണക്കാരെ കരാറിനെക്കുറിച്ചു ബോധ്യപ്പെടുത്താൻ ബോധവത്കരണ പരിപാടികളും ഉണ്ടാകും. രാജ്യത്തെ മുഴുവൻ മേഖലകളെയും ബാധിച്ച സാമ്പത്തികമാന്ദ്യം കാരണം ജനജീവിതം ദുസ്സഹമായിരിക്കുമ്പോഴാണ് കേന്ദ്രസർക്കാർ കരാർ ഒപ്പിടുന്നതെന്ന് യോഗത്തിനുശേഷം മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പത്രസമ്മേളനത്തിൽ പറഞ്ഞു. സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളെയും മാന്ദ്യം ബാധിച്ചു. കൃഷി, തൊഴിൽ, വ്യവസായം, കച്ചവടം എന്നിവയെല്ലാം തകർന്നു. രാജ്യത്തെ വലിയവിഭാഗം ജനങ്ങൾ നിത്യജീവിതത്തിൽ ബുദ്ധിമുട്ടുന്നു. വിഭവങ്ങളെല്ലാം ഉപയോഗിച്ച് സാമ്പത്തിക ഉണർവ് സൃഷ്ടിക്കേണ്ട സമയത്ത്, മറ്റു കാര്യങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്- ആന്റണി കുറ്റപ്പെടുത്തി. കരാർ കർഷകരുടെയും മീൻപിടിത്തക്കാരുടെയും ക്ഷീരകർഷകരുടെയും ജീവിതം കൂടുതൽ ദുരിതമയമാക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഇതിനെതിരേയുള്ള പ്രക്ഷോഭത്തിന് എല്ലാ പി.സി.സി.കൾക്കും നിർദേശം നൽകിയിട്ടുണ്ട്. കിസാൻ കോൺഗ്രസും ഫിഷർമെൻ കോൺഗ്രസും ഐ.എൻ.ടി.യു.സിയും ഉൾപ്പെടെ ഇതേറ്റെടുക്കും. സമാനചിന്താഗതിയുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും സമരത്തിനു തേടും- വേണുഗോപാൽ പറഞ്ഞു. ജയ്റാം രമേഷ്, രൺദീപ് സിങ് സുർജേവാല എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. ആ വിലയിരുത്തൽ നിലവാരമില്ലായ്മ കോൺഗ്രസ് ജയിക്കുമ്പോൾ സാഹചര്യങ്ങൾ കാരണമാണെന്നും തോൽക്കുമ്പോൾ കുടുംബാധിപത്യം കാരണമാണെന്നും വിലയിരുത്തുന്നത് നിലവാരമില്ലായ്മയാണെന്ന് എ.കെ. ആന്റണി. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Content Highlights:RCEP Congress


from mathrubhumi.latestnews.rssfeed https://ift.tt/31SdTV7
via IFTTT