Breaking

Monday, October 28, 2019

ഉദ്ഘാടനത്തിനിടെ ബഹളം; നടി നൂറിൻ ഷെരീഫിന് മൂക്കിന് ഇടിയേറ്റു

മഞ്ചേരി: മഞ്ചേരിയിൽ ഒരു ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ നടി നൂറിൻ ഷെരീഫിന് നേരെ കൈയേറ്റശ്രമം. ബഹളത്തിൽ ജനങ്ങളുടെ കൈ തട്ടി നൂറിന് മൂക്കിന് പരിക്കേറ്റു. ഒടുവിൽ വേദന കടിച്ചുപിടിച്ചാണ് നൂറിൻ ഉദ്ഘാടനത്തിന് എത്തിയ ജനക്കൂട്ടത്തോട് സംസാരിച്ചത്. വൈകീട്ട് നാലു മണിക്കാണ് ചടങ്ങെന്നായിരുന്നു നേരത്തെ സംഘാടകർ തങ്ങളോട് പറഞ്ഞതെന്ന് നടിയുടെ അമ്മ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഇതനുസരിച്ച് നാലു മണിക്ക് തന്നെ നൂറിനും അമ്മയും മഞ്ചേരിയിലെ ഹോട്ടലിൽ എത്തി. എന്നാൽ, ആളുകൾ കൂടുതൽ വരട്ടെ എന്നു പറഞ്ഞ് സംഘാടകർ തങ്ങളോട് വൈകീട്ട് ആറു മണിവരെ ഹോട്ടലിൽ നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. പിന്നീട് ആറു മണിക്ക് നൂറിൻ ഉദ്ഘാടനസ്ഥലത്ത് എത്തിയതോടെ കാത്തിരുന്ന് മുഷിഞ്ഞ ജനക്കൂട്ടം ബഹളം ആരംഭിച്ചു. എത്തിയ ഉടനെ നടിയെയും കൂട്ടരെയും വളഞ്ഞ ആൾക്കൂട്ടം അവർ വന്ന കാറിനെ ഇടിക്കുകയും മറ്റും ചെയ്തു. ഇതിനിടെ ആൾക്കൂട്ടത്തിൽ ചിലരുടെ കൈ കൊണ്ട് നടിയുടെ മൂക്കിന് ഇടിയേറ്റു. ഇടിയുടെ ആഘാതത്തിൽ മൂക്കിന്റെ ഉൾവശത്ത് ചെറിയ ക്ഷതമുണ്ടായതായി അമ്മ പറഞ്ഞു. നൂറിൻ വേദിയിലെത്തിയതോടെ എത്താൻ വൈകിയതായി ആരോപിച്ച് ജനക്കൂട്ടം ബഹളവും ശകാരവർഷവും ആരംഭിച്ചു. ബഹളം അനിയന്ത്രിതമായതോടെ നൂറിൻ തന്നെ മൈക്കെടുത്ത് സംസാരിച്ചുതുടങ്ങി. ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വേദന സഹിച്ച് കണ്ണീർ തുടച്ച് വിതുമ്പിക്കൊണ്ടാണ് നൂറിൻ ജനങ്ങളോട് സംസാരിച്ചുതുടങ്ങിയത്. ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ. കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കൂ. എന്നോട് ഒരു ഇത്തിരി ഇഷ്ടമുണ്ടെങ്കിൽ ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ, ഞാൻ വരുന്ന വഴിക്ക് ആരൊക്കെയോ എന്റെ മൂക്കിന് ഇടിച്ചു. ആ വേദനയും കരച്ചിലും വന്നാണ് ഞാൻ ഇരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് നൂറിൻ സംസാരിച്ചുതുടങ്ങിയത്. എത്താൻ വൈകിയതിന് താനല്ല ഉത്തരവാദിയെന്നും നൂറിൻ പറഞ്ഞു. പിന്നീട് നൂറിൻ തന്നെ ജനങ്ങളെ സമാധാനിപ്പിച്ചാണ് ചടങ്ങ് തുടർന്നത്. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടാണ് നൂറിൻ മടങ്ങിയത്. ഈ സംഭവത്തിന്റെ വീഡിയോ ഷൂട്ട് ചെയ്ത് ചിലർ യൂട്യൂബിൽ അപ്ലോഡ് ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ വലിയ ചർച്ചയാണ് ഈ വീഡിയോയ്ക്ക് താഴെ നടക്കുന്നത്. Content Highlights:Noorin Shereef,Malayalam Actress, Malayalam Movie


from mathrubhumi.latestnews.rssfeed https://ift.tt/2Wi0VP6
via IFTTT