Breaking

Saturday, October 26, 2019

മൺസൂൺ ബമ്പർ ലോട്ടറി തട്ടിയെടുത്തതായി പരാതി; പോലീസ് കേസെടുത്തു

മുനിയൻ തളിപ്പറമ്പ്: സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പർ ഒന്നാംസമ്മാനമായ അഞ്ചുകോടി രൂപ ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതായി പരാതി. കോഴിക്കോട് പുതിയങ്ങാടി പുത്തൂരിൽ താമസിക്കുന്ന കക്കഷ്ണപറമ്പിൽ മുനികുമാർ പൊന്നുച്ചാമി എന്ന മുനിയൻ ഡിവൈ.എസ്.പി. ടി.കെ.രത്നകുമാറിന് നൽകിയ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ലോട്ടറി ടിക്കറ്റ് കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങി ഫൊറൻസിക് പരിശോധനയ്ക്കയക്കാനാണ് പോലീസിന്റെ തീരുമാനം. ബമ്പർ സമ്മാനത്തിനർഹമായ ടിക്കറ്റ് പറശ്ശിനിക്കടവിൽ വിറ്റതാണെന്ന് വ്യക്തമായിട്ടും ദിവസങ്ങൾക്കുശേഷമാണ് സമ്മാനാർഹമായ ടിക്കറ്റ് കൈവശമുള്ള ആളെ വ്യക്തമായത്. പറശ്ശിനിക്കടവിലെ പി.എം.അജിതനാണ് ടിക്കറ്റ് ബാങ്കിൽ നൽകിയത്. പോലീസിൽ പരാതിലഭിച്ചതിനാൽ ലോട്ടറിവകുപ്പിനെ വിവരമറിയിച്ച് സമ്മാനത്തുക നൽകുന്നത് തടഞ്ഞു. അജിതനിൽനിന്നും ടിക്കറ്റ് വിറ്റ ഏജന്റിൽനിന്നും പോലീസ് മൊഴിയെടുത്തു. സംഭവത്തിൽ ദുരൂഹതകളേറെയുള്ളതിനാൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് മുനിയൻ പറയുന്നതിങ്ങനെ: പരിചയക്കാരനായ പാവങ്ങാട്ടെ ഉണ്ണിയുടെ കുടുംബത്തിനൊപ്പം 2019 ജൂൺ 16-ന് പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തി. കാറിലായിരുന്നു യാത്ര. ക്ഷേത്രപരിസരത്തുവെച്ച് മൺസൂൺ ബമ്പർ(എം.ഇ.174253) ടിക്കറ്റെടുത്തു. ടിക്കറ്റിന് മുൻഭാഗത്ത് 'Muniyan' എന്നും മൊബൈൽ നമ്പറും എഴുതി. പിന്നീട് 29-ന് വീണ്ടും പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തി. പാന്റ്സിന്റെ പോക്കറ്റിലുള്ള പേഴ്സിലാണ് ലോട്ടറി ടിക്കറ്റും പണവും സൂക്ഷിച്ചത്. ഈ യാത്രയിൽ ലോട്ടറി ടിക്കറ്റും പണവുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. ആരോ പോക്കറ്റടിച്ചതാണ്. ജൂലായ് 18-നായിരുന്നു ലോട്ടറിയുടെ നറുക്കെടുപ്പ്. തീയതി വീട്ടിലെ കലണ്ടറിൽ എഴുതിയിടുകയും ചെയ്തു. ഇതിനിടെ പനിവന്ന് കിടപ്പിലായി. ഒരാഴ്ചകഴിഞ്ഞാണ് ഫലംനോക്കിയത്. ഒന്നാംസമ്മാനം ഈ ടിക്കറ്റിന് ലഭിച്ചുവെന്ന് മനസ്സിലായി. തുടർന്നുള്ള അന്വേഷണത്തിൽ അറിയാനായത് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റ് കണ്ണൂർ പുതിയതെരുവിലെ കനറാ ബാങ്കിൽ എൽപ്പിച്ചിട്ടുണ്ടെന്നാണ്. പരാതിക്കാരനിൽനിന്ന് വെള്ളിയാഴ്ച പോലീസ് വിശദമായ മൊഴിയെടുത്തു. സി.ഐ. സത്യനാഥനാണ് കേസന്വേഷിക്കുന്നത്. ഒരുമാസം മുൻപാണ് മുനിയൻ ഡിവൈ.എസ്.പി.ക്ക് പരാതിനൽകിയത്. സമ്മാനാർഹമായ ടിക്കറ്റ് പുതിയതെരുവിലെ ബാങ്ക് ശാഖയിൽ നൽകിയ അജിതന് ഏതാനും വർഷം മുൻപ് 40 ലക്ഷം രൂപയും 50 പവനും ലോട്ടറിയടിച്ചിട്ടുണ്ട്. content highlights:monsoon bumper lottery fraud


from mathrubhumi.latestnews.rssfeed https://ift.tt/2MKvp9c
via IFTTT