കോഴിക്കോട്: ചുണ്ടിനും കപ്പിനുമിടയിൽ ഒന്നിലേറെത്തവണ ഉന്നതപദവികൾ നഷ്ടപ്പെട്ട പി.എസ്. ശ്രീധരൻപിള്ളയെത്തേടി ഗവർണർപദവി എത്തിയത് തീർത്തും ആകസ്മികമായി. നാലുദിവസംമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽവിളിച്ച് സംസാരിച്ചപ്പോൾത്തന്നെ സ്ഥാനചലനം പിള്ള പ്രതീക്ഷിച്ചിരുന്നു. കേരളംവിട്ട് പുറത്തു പ്രവർത്തിക്കാൻ താത്പര്യമുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് വിടുന്നു എന്നായിരുന്നു ശ്രീധരൻപിള്ളയുടെ മറുപടി. പൊരുത്തക്കേടുകളും ചേരിപ്പോരുമായി കലങ്ങിമറിഞ്ഞുകിടക്കുന്ന സംസ്ഥാന ബി.ജെ.പി.യുടെ അധ്യക്ഷപദവിയിൽ രണ്ടാംവട്ടവും ശ്രീധരൻപിള്ള എത്തിയത് പാർട്ടിവൃത്തങ്ങളിൽ ഞെട്ടലുണ്ടാക്കിയിരുന്നു. കെ. സുരേന്ദ്രനെ പ്രസിഡന്റായി പ്രഖ്യാപിക്കുമെന്ന് ഉറപ്പിച്ചതിനുപിന്നാലെയാണ് ശ്രീധരൻപിള്ളയ്ക്ക് നറുക്കുവീണത്. ചെങ്ങന്നൂർ വെൺമണിയിലെ വി.ജി. സുകുമാരൻ നായരുടെയും ഭവാനിയമ്മയുടെയും മകനായ ശ്രീധരൻപിള്ള കോഴിക്കോട് ലോകോളേജിൽ നിയമപഠനത്തിനെത്തിയതോടെ കോഴിക്കോട്ടുകാരൻതന്നെയായി. എ.ബി.വി.പി.യുടെ സംസ്ഥാനസെക്രട്ടറിയായിട്ടായിരുന്നു സംഘടനാരംഗത്ത് സജീവമായത്. അടിയന്തരാവസ്ഥയ്ക്കെതിരേ പ്രക്ഷോഭം നയിച്ച വിദ്യാർഥിനേതാവ് പിന്നീട് യുവമോർച്ച സംസ്ഥാനസെക്രട്ടറിയായി. കക്ഷിരാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധം സ്ഥാപിക്കുകയും ന്യൂനപക്ഷസമുദായസംഘടനകളുടെ വേദികളിൽ സ്ഥിരം ക്ഷണിതാവുമായതോടെ ബി.ജെ.പി.ക്കുള്ളിൽ പിള്ളക്കെതിരേ മുറുമുറുപ്പുയർന്നു. എങ്കിലും പാർട്ടിക്കുള്ളിലെ എതിർപ്പിനെ മറികടക്കാൻ പ്രമുഖ അഭിഭാഷകൻ, വാഗ്മി, ഗ്രന്ഥകാരൻ തുടങ്ങിയ നിലകളിലെ അനുഭവസമ്പത്ത് അദ്ദേഹത്തിന് സഹായമായി. മാറാട് കലാപമുണ്ടായപ്പോൾ പാർട്ടി സംസ്ഥാനപ്രസിഡന്റായിരുന്ന പിള്ള അന്ന് സമവായത്തിന്റെ നിലപാട് കൈക്കൊണ്ടുവെന്നത് പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പിന് കാരണമായി. പാർട്ടിയിലെ എതിരാളികൾ ഇത് ഉയർത്തിക്കാട്ടി പിള്ളയെ ഒതുക്കാൻ ശ്രമിച്ചു. അന്ന് പ്രസിഡന്റുസ്ഥാനം ഒഴിഞ്ഞശേഷം ദീർഘകാലം പദവികളൊന്നും വഹിക്കാതെ മാറിനിന്നു. അപ്പോൾ അഭിഭാഷകൻ എന്നനിലയിൽ പ്രാക്ടീസിൽ മുഴുകിയ പിള്ളയെ 13 സുപ്രധാന കേസുകളിൽ യു.ഡി.എഫ്., എൽ.ഡി.എഫ്. സർക്കാരുകൾ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചു. കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിങ് കോൺസലായും പ്രവർത്തിച്ചിട്ടുണ്ട്. ഇതിനിടെ വെങ്കയ്യനായിഡു, അരുൺ ജെയ്റ്റ്ലി തുടങ്ങിയ നേതാക്കളുമായുള്ള അടുപ്പം വീണ്ടും ബി.ജെ.പി. ദേശീയനിർവാഹകസമിതിയിൽ എത്തുന്നതിന് സഹായകമായി. മുമ്പും ഗവർണർ, രാജ്യസഭാ എം.പി. തുടങ്ങിയ സുപ്രധാനസ്ഥാനങ്ങളിലേക്ക് പിള്ളയെ പരിഗണിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ അത് നടക്കാതെപോയി. കുമ്മനത്തെ ഗവർണർപദവിയിലേക്ക് പരിഗണിക്കുന്നതിനുമുമ്പേ ഈ സ്ഥാനത്തേക്ക് പിള്ളയുടെ പേര് ഉയർന്നുവന്നിരുന്നു. ഒടുവിൽ ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ശക്തമായ പ്രകടനം കാഴ്ചവെച്ചതാണ് രണ്ടാംതവണ പ്രസിഡന്റ് പദത്തിലേക്ക് ഉയരാൻ കാരണമായത്. ലോകോളേജ് യൂണിയൻ വൈസ് ചെയർമാൻ, മൂന്നുതവണ സർവകലാശാല സെനറ്റ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച പിള്ള ഇംഗ്ലീഷിലും മലയാളത്തിലുമായി 101 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സി.ബി.ഐ.യുടെ സ്റ്റാൻഡിങ് കോൺസലായും പ്രവർത്തിച്ചിട്ടുണ്ട്. അഭിഭാഷകയായ കെ. റീതയാണ് ഭാര്യ. അഡ്വ. അർജുൻ ശ്രീധർ, ഡോ. ആര്യ അരുൺ എന്നിവർ മക്കളാണ്. മനുഷ്യാവകാശപ്രശ്നങ്ങൾ ചർച്ചചെയ്യുന്ന വിജിൽ ഹ്യുമൺറൈറ്റ്സ് എന്ന സംഘടനയുടെ സ്ഥാപകനായ പിള്ള രാഷ്ട്രീയത്തിലെ സൗമ്യമുഖമാണ്. കുറേ കാലമായില്ലേ ഇങ്ങനെ വിശ്രമമില്ലാതെ ഓടിനടക്കുന്നു, ഇനി കുറച്ചുകാലം സമാധാനമായി പ്രവർത്തിക്കാം എന്നായിരുന്നു അഭിനന്ദനവുമായി കോഴിക്കോട്ടെ തിരുത്തിയാട് പ്രണവംവീട്ടിൽ എത്തിയവരോട് പിള്ളയുടെ പ്രതികരണം. ജനങ്ങൾക്കുവേണ്ടി ഭരണഘടനാ പദവി വിനിയോഗിക്കും -ശ്രീധരൻപിള്ള കോഴിക്കോട്: ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനാണ് തനിക്ക് ലഭിച്ച ഗവർണർ പദവിയും വിനിയോഗിക്കുകയെന്ന് പി.എസ്. ശ്രീധരൻ പിള്ള. പ്രസ്ഥാനത്തിന്റെ ചട്ടക്കൂടോ രാജനൈതിക മര്യാദകളോ ഒരിക്കലും ലംഘിച്ചിട്ടില്ല. എതിരാളികളെ എന്നും മാനിച്ചിട്ടേയുള്ളൂ. ശബരിമല ആചാരസംരക്ഷണ സഹനസമര കാലം പരീക്ഷണമായിരുന്നു. തന്നെ ഏറെപ്പേർ വിമർശിച്ചിട്ടും താൻ ആരെയും നോവിച്ചിട്ടില്ല. സമാജനന്മ ലക്ഷ്യമാക്കിയാണ് രാഷ്ട്രീയത്തിലിറങ്ങിയത്. അഭിഭാഷകനെന്ന നിലയിലും പൊതുപ്രവർത്തകനെന്നനിലയിലും അനേകം പേരെ സഹായിച്ചിട്ടേയുള്ളൂ. ആരെയും ശത്രുവായി കണ്ടിട്ടില്ലെങ്കിലും ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരിക്കെ പലരും തന്നെ നിരന്തരം വേട്ടയാടി. പുതിയ സ്ഥാനത്ത് പ്രവർത്തിക്കുമ്പോഴും കേരളത്തിനുവേണ്ടി കേന്ദ്രനേതാക്കളോട് നിരന്തരം ആവശ്യങ്ങളുന്നയിക്കുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു. content highlights:mizoram governor sreedharan pillai
from mathrubhumi.latestnews.rssfeed https://ift.tt/2MPqqE8
via
IFTTT