Breaking

Thursday, October 31, 2019

മാവോവാദികളെ കൊന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയിൽ നാല് മാവോവാദികളെ പോലീസ് വെടിവെച്ചുകൊന്ന നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചു. റോന്തുചുറ്റിയ പോലീസിന്റെ തണ്ടർബോൾട്ട് സ്ക്വാഡിലുള്ളവരെ അവർ വെടിവെച്ചതുകൊണ്ടാണ് ഈ സംഭവമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാവോവാദികളിൽനിന്ന് എ.കെ. 47, 56 തോക്കുകൾ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെപ്പററി മജിസ്റ്റീരിയൽ തലത്തിലും ക്രൈംബ്രാഞ്ചും അന്വേഷിക്കും. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ മാർഗനിർദേശങ്ങളിൽ പോലീസ് വീഴ്ചവരുത്തിയതായി കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാവോവാദികളെ കൊന്നൊടുക്കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും ഇതേപ്പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ എൻ. ഷംസുദ്ദീൻ അടിയന്തരപ്രമേയത്തിന് അനുമതിതേടി. അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധസൂചകമായി പ്രതിപക്ഷം ഇറങ്ങിപ്പോയില്ല . ഇടതുപക്ഷ സർക്കാർ ഏഴ് മാവോവാദികളെയാണ് വെടിവെച്ചുകൊന്നതെന്ന് ഷംസുദ്ദീൻ പറഞ്ഞു. അല്പം അരിക്കുവേണ്ടി വല്ലപ്പോഴും വനപ്രദേശത്ത് പ്രത്യക്ഷപ്പെടുമെന്നല്ലാതെ മാവോവാദികൾ ആരെയും ആക്രമിച്ചിട്ടില്ല. ഏറ്റുമുട്ടലിലാണ് അവർ കൊല്ലപ്പെട്ടതെന്ന് പറയുന്നത് വ്യാജമാണ്. അങ്ങനെയാണെങ്കിൽ ഇരുപക്ഷത്തും പരിക്കേൽക്കണം. ആദ്യം മുട്ടിനുകീഴെ വെടിവെക്കണമെന്നാണ് നിയമം. എന്നാൽ, മാവോവാദികളുടെ നെഞ്ചത്തും തലയിലുമാണ് വെടിയേറ്റത്. ഗുജറാത്ത് മാതൃകയിലുള്ള വ്യാജ ഏറ്റുമുട്ടലുകളാണ് ഇവിടെയുണ്ടാകുന്നതെന്നും ഷംസുദ്ദീൻ പറഞ്ഞു. മാവോവാദികളെ വെടിവെക്കുകയും ചെഗുവേരയ്ക്ക് മുദ്രാവാക്യംവിളിക്കുകയും ചെയ്യുന്ന സർക്കാരാണ് ഇവിടെയുള്ളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. താൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് മാവോവാദികളെ നേരിടാൻ പ്രത്യേകസേന ഉണ്ടാക്കിയതും അവർക്ക് പരിശീലനം നൽകിയതും. എന്നാൽ, ആരെയും വെടിവെച്ചുകൊല്ലാൻ യു.ഡി.എഫ്. സർക്കാർ അനുവാദംനൽകിയില്ല. ഇക്കാര്യം സി.പി.ഐ. നേതാവ് കാനം രാജേന്ദ്രനെ ബോധ്യപ്പെടുത്താൻപോലും മുഖ്യമന്ത്രിക്കു സാധിക്കുന്നില്ല. മാവോവാദി ആവുന്നത് തെറ്റല്ലെന്ന് ശ്യാംബാലകൃഷ്ണൻ കേസിൽ ഹൈക്കോടതി പറഞ്ഞിട്ടുണ്ട് -രമേശ് പറഞ്ഞു. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ പൊതുപ്രവർത്തകരെ ഉൾപ്പെടെ കൊലപ്പെടുത്തിയ അതേ സംഘടനതന്നെയാണ് ഇവിടെയും പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാവോവാദികൾ പശ്ചിമഘട്ട നോഡൽ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയതായി 2013-ൽതന്നെ റിപ്പോർട്ട് കിട്ടി. മാവോവാദി ആയതുകൊണ്ട് ഒരാളും കൊല്ലപ്പെടില്ല. ഭരണകൂടം അടിച്ചമർത്തിയാൽ ആശയങ്ങൾ തകർന്നുപോവില്ലെന്ന ബോധ്യം ഈ സർക്കാരിനുണ്ട്. ഈസംഭവം അത്യന്തം നിർഭാഗ്യകരമാണ്. വീഴ്ചയുണ്ടായെങ്കിൽ തുറന്ന മനസ്സോടെ പരിശോധിക്കും. കീഴടങ്ങുന്ന മാവോവാദികൾക്ക് സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. അതവർ പ്രയോജനപ്പെടുത്തി മുഖ്യധാരയിലേക്ക് വരണം- അദ്ദേഹം പറഞ്ഞു. Content Highlights:Chief Minister justifies Maoists encounter


from mathrubhumi.latestnews.rssfeed https://ift.tt/36lDnO3
via IFTTT