Breaking

Sunday, October 27, 2019

ന്യൂനമർദത്തിന് സാധ്യത; കാറ്റും മഴയും ശക്തിപ്പെടും, സംസ്ഥാനം കരുതലിൽ

തിരുവനന്തപുരം: കേരളത്തിനും ലക്ഷദ്വീപിനും ഇടയിൽ അറബിക്കടലിൽ ബുധനാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്ന് സംസ്ഥാനം കരുതലിൽ. വരുംദിവസങ്ങളിൽ കാറ്റ് ശക്തിപ്പെടും. ഇടിമിന്നലോടെ ഒറ്റപ്പെട്ട കനത്തമഴയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ച കൊല്ലത്തും ഇടുക്കിയിലും അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തെയും തീവ്രതയെയുംപറ്റി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇപ്പോൾ പ്രവചിച്ചിട്ടില്ല. എന്നാൽ, 2017-ലുണ്ടായ ഓഖി ചുഴലിക്കാറ്റിന് ഏകദേശം സമാനമായ പാത ഈ ന്യൂനമർദം സ്വീകരിക്കാൻ സാധ്യതയുണ്ടോ എന്ന ആശങ്കയിലാണ് ദുരന്തനിവാരണ അതോറിറ്റി. ഞായറാഴ്ച ലക്ഷദ്വീപ്, മാലെദ്വീപ് മേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയോടെയുള്ള കാറ്റും ശക്തമായ ഇടിമിന്നലുമുണ്ടാവും. തിങ്കൾ മുതൽ ബുധൻവരെ കേരളതീരം, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, മാലെദ്വീപ് എന്നീ സമുദ്രമേഖലകളിൽ മണിക്കൂറിൽ 50 മുതൽ 60 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റും ശക്തമായ ഇടിമിന്നലും ഉണ്ടാവും. മത്സ്യത്തൊഴിലാളികൾ ഈ ദിവസങ്ങളിൽ കടലിൽ ഇറങ്ങരുതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും നിർദേശിച്ചു. ഞായറാഴ്ച വടക്കൻ കേരളത്തിലും അതിനുശേഷം തെക്കൻ കേരളത്തിലും മഴ ശക്തമാവുമെന്നാണ് പ്രവചനം. അതിനിടെ, മധ്യകിഴക്കൻ അറബിക്കടലിൽ രൂപമെടുത്ത ക്യാർ ചുഴലിക്കാറ്റ് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറായി ഒമാൻ തീരത്തേക്ക് നീങ്ങുകയാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് കൂടുതൽ ശക്തി പ്രാപിക്കാനാണ് സാധ്യത. മഞ്ഞജാഗ്രത പ്രഖ്യാപിച്ച ജില്ലകൾ ഞായർ- പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തിങ്കൾ- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ചൊവ്വ- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ബുധൻ- തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം. Depression in Arabian sea; heavy rain predicted


from mathrubhumi.latestnews.rssfeed https://ift.tt/342kEFd
via IFTTT