Breaking

Tuesday, October 29, 2019

ഒരൊറ്റ നിമിഷം: അഗ്നിഗോളമായി ബാഗ്ദാദി; യു.എസ്. നടപടിയിങ്ങനെ

: ഇരുട്ടിനെ കീറിമുറിച്ചെത്തിയ പരിശീലനം ലഭിച്ച നായ്ക്കളും അതിനുപിന്നിൽ യു.എസിന്റെ പ്രത്യേക കമാൻഡോകളും ഒറ്റവാതിലുള്ള ആ തുരങ്കം വളഞ്ഞപ്പോൾ അയാൾക്ക് രക്ഷപ്പെടാൻ ഒരു പഴുതും അവശേഷിച്ചിരുന്നില്ല. കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ, ബാരിഷ ഗ്രാമത്തെ നടുക്കി ആ കൊടുംഭീകരൻ സ്വയം ചിതറിത്തെറിച്ചു. ഒപ്പം അയാൾ മനുഷ്യകവചങ്ങളായി കൂടെക്കൂട്ടിയിരുന്ന മൂന്നുകുഞ്ഞുങ്ങളും. യു.എസിന്റെ 'കായ്ല മുള്ളർ' ഓപ്പറേഷനിൽ, വർഷങ്ങളോളം ലോകത്തെ വിറപ്പിച്ച ഐ.എസ്. തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ അന്ത്യം ഇങ്ങനെയായിരുന്നു. ഹെലികോപ്റ്ററിലിറങ്ങിയ സൈന്യത്തിന് അയാളെ ജീവനോടെ പിടികൂടാനായില്ല. ബാഗ്ദാദിയെ കണ്ടെത്തുന്നു സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലെ ഉൾനാടൻ ഗ്രാമമായ ബാരിഷയിലായിരുന്നു ബാഗ്ദാദിയുടെ ഒളിത്താവളം. തുർക്കി അതിർത്തിയിൽനിന്ന് അഞ്ചുകിലോമീറ്റർമാത്രം അകലെയാണിത്. ബാഗ്ദാദിയുടെ അടുത്ത സഹായിയായ ഇസ്മയിൽ അൽ ഏതാവിയിൽനിന്ന് ഇറാഖ് ഇൻറലിജൻസിനാണ് ബാഗ്ദാദിയെക്കുറിച്ചുള്ള ആദ്യസൂചന ലഭിക്കുന്നത്. പച്ചക്കറി നിറച്ച ബസുകളിൽ സഞ്ചരിച്ചായിരുന്നു ബാഗ്ദാദി അനുയായികളുമായി ചർച്ച നടത്തുന്നത്. എന്നാൽ ഇസ്മയിൽ തുർക്കിയുടെ പിടിയിലാകുകയും പിന്നീട് ഇറാഖിനു കൈമാറുകയും ചെയ്തതോടെ ബാഗ്ദാദിയുടെ നീക്കങ്ങൾ ഇയാളിൽനിന്ന് മനസ്സിലാക്കി. ഒരുമാസം മുമ്പാണ് ബാഗ്ദാദി ഇഡ്ലിബിലുണ്ടെന്ന് യു.എസ്. ഇന്റലിജൻസിന് വിവരം ലഭിക്കുന്നത്. കുർദ് സൈന്യവും ചില നിർണായകവിവരങ്ങൾ നൽകിയതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. രണ്ടാഴ്ചമുമ്പ് ഒളിത്താവളം ഇന്റലിജൻസ് ഉദ്യോഗസ്ഥർ കൃത്യമായി കണ്ടെത്തി. അതേസമയം, തങ്ങളാണ് വിവരങ്ങൾ നൽകിയതെന്ന് കുർദിഷ് സൈന്യത്തിന്റെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ കമാൻഡർ മസ്ലോം അബ്ദി അവകാശപ്പെട്ടു. ഓപ്പറേഷൻ ഇങ്ങനെ തുർക്കി, റഷ്യ, ഇറാഖ്, സിറിയയിലെ കുർദിഷ് സൈന്യം എന്നിവർക്ക് ഏതാണ്ടൊരു സൂചന നൽകിയിരുന്നു. പദ്ധതിപ്രകാരം റഷ്യയുടെയും തുർക്കിയുടെയും ഇറാഖിന്റെയും വ്യോമപരിധിയിൽക്കൂടിവേണം സിറിയയിൽ കടക്കാൻ. ഇഡ്ലിബിന്റെ വ്യോമപരിധി നിയന്ത്രിക്കുന്നത് റഷ്യയാണ്. ഇതിന് അവരുടെ അനുമതിതേടി. എന്നാൽ, ഓപ്പറേഷനെക്കുറിച്ച് വെളിപ്പെടുത്തിയില്ല. 'നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും' എന്നുമാത്രമാണ് റഷ്യയെ ധരിപ്പിച്ചത്. മൂന്നുദിവസത്തിനുമുമ്പുമാത്രമാണ് ട്രംപിനോടുപോലും ഉദ്യോഗസ്ഥർ നടപടിയെക്കുറിച്ച് പൂർണവിവരം നൽകുന്നത്. പഴുതടച്ച ആസൂത്രണങ്ങൾക്കൊടുവിൽ ശനിയാഴ്ച പുലർച്ചെ പശ്ചിമ ഇറാഖിലെ അജ്ഞാത വ്യോമതാവളത്തിൽനിന്ന് സൈനികരും സൈനികപരിശീലനം ലഭിച്ച നായകളുമുൾപ്പെടുന്ന സംഘം എട്ടു ഹെലികോപ്റ്ററുകളിലായി പറന്നുയർന്നു. ഒരുമണിക്കൂർ പത്തുമിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്ത്. പങ്കെടുത്തവർ ഭീകരവേട്ടയിൽ പ്രത്യേകപരിശീലനം ലഭിച്ച ഡെൽറ്റ ഫോഴ്സാണ് ഓപ്പറേഷൻ കായ്ല മുള്ളറിൽ പങ്കെടുത്തത്. നൂറിൽത്താഴെ മാത്രം സൈനികർ ഹെലികോപ്റ്ററുകൾ അടുത്തപ്പോഴേക്കും അപകടം മണത്ത ഭീകരർ വെടിവെച്ചെങ്കിലും ആക്രമണം ചെറുത്ത് സുരക്ഷിതമായി സൈനികർ നിലത്തിറങ്ങി. ഒളിത്താവളത്തിന്റെ പ്രധാനവാതിലിൽ അത് തുറക്കാൻ ശ്രമിക്കുന്നയാളുടെ തലയിൽവീഴുന്ന തരത്തിൽ കെണിയൊരുക്കിയിരുന്നെങ്കിലും വാതിൽ സ്ഫോടനത്തിൽ തകർത്ത് സൈനികർ ഉള്ളിൽക്കടന്നു. ഭീകരരിൽ ചിലരെ വധിച്ചപ്പോൾ മറ്റുചിലർ കീഴടങ്ങി. കെട്ടിടത്തിന്റെ ഭൂഗർഭ അറയിലെ തുരങ്കത്തിലേക്ക് ബാഗ്ദാദി രക്ഷപ്പെടാൻശ്രമിച്ചു. മൂന്നുകുട്ടികളെയും വലിച്ചിഴച്ചു കൂടെക്കൊണ്ടുപോയി. കീഴടങ്ങാൻ സൈനികർ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ബാഗ്ദാദി അതിനുകൂട്ടാക്കിയില്ല. നായ്ക്കൾ അടുത്തേക്കെത്തിയതോടെ കരയാനും അലറിവിളിക്കാനും തുടങ്ങി. പിന്നീട് ഒറ്റനിമിഷംകൊണ്ട് വസ്ത്രത്തിൽഘടിപ്പിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിച്ചു. ചിന്നിച്ചിതറിയ ശരീരം ബാഗ്ദാദിയുടേതുതന്നെയെന്നുറപ്പിക്കാൻ യു.എസിന്റെ ഫൊറൻസിക് ഉദ്യോഗസ്ഥർക്ക് അവിടെവെച്ചുതന്നെ ഡി.എൻ.എ. പരിശോധന നടത്തേണ്ടിവന്നു. Content Highlights:Operation Kayla Mueller, this is how US killed Bagdadi


from mathrubhumi.latestnews.rssfeed https://ift.tt/2PpmlZ5
via IFTTT