Breaking

Thursday, October 31, 2019

ഈ സർക്കാർ വന്നശേഷം ബാറുകൾ 29-ൽനിന്ന് 565 ആക്കി

തിരുവനന്തപുരം: ബാറുകളും ബിയർ ആൻഡ് വൈൻ പാർലറുകളും കുറയ്ക്കലല്ല ഇടതുസർക്കാരിന്റെ നയമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ 29 ബാറുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 565 ബാറുകളും 365 ബിയർ ആൻഡ് വൈൻ പാർലറുകളും പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഘട്ടംഘട്ടമായി മദ്യത്തിന്റെ അളവ് കുറയ്ക്കുമെന്ന് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പരസ്യംനൽകിയത് ഇടതുമുന്നണിയായിരുന്നില്ലേയെന്ന് കെ.സി. ജോസഫ് ചോദിച്ചു. ഇടതുമുന്നണി പ്രകടനപത്രികയിൽ പറഞ്ഞത് സർക്കാരിന്റെ നയമല്ലേയെന്നും അദ്ദേഹം ചോദിച്ചു. മദ്യശാലകളുടെ എണ്ണം കുറയ്ക്കലല്ല, മദ്യാസക്തി ഇല്ലാതാക്കാനുള്ള ബോധവത്കരണമാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 2016 ജൂലായ് മുതൽ 2019 സെപ്റ്റംബർവരെ 689.56 ലക്ഷം കെയ്സ് വിദേശമദ്യവും 401.77 ലക്ഷം കെയ്സ് ബിയറുമാണ് കേരളത്തിൽ വിറ്റത്. യു.ഡി.എഫ്. സർക്കാരിന്റെ ആദ്യകാലത്തെ അപേക്ഷിച്ച് വിദേശ മദ്യവിൽപ്പനയിൽ 26 ലക്ഷം കെയ്സിന്റെ കുറവുണ്ടെന്നും മന്ത്രി പറഞ്ഞു. യു.ഡി.എഫ്. സർക്കാരിന്റെ ആദ്യകാലമല്ല, അവസാനകാലമാണ് കണക്കാക്കേണ്ടതെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. എല്ലാം യു.ഡി.എഫ്. സർക്കാരിന്റെ കാലമായിരുന്നില്ലേയെന്നായിരുന്നു മന്ത്രിയുടെ മറുപടി. എക്സൈസ് എൻഫോഴ്സ്മെന്റിന്റെ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേസുകളുടെ എണ്ണം കൂടി. എൻ.ഡി.പി.എസ്. നിയമപ്രകാരം 21,363 കേസുകളും കോട്പ പ്രകാരം 2,42,611 കേസുകളും ഈ സർക്കാരിന്റെ കാലത്ത് രജിസ്റ്റർ ചെയ്തു. യു.ഡി.എഫിന്റെ കാലത്ത് 4880 എൻ.ടി.പി.സി. കേസുകളാണ് രജിസ്റ്റർ ചെയ്തത്. വി.ടി. ബൽറാം, അനിൽ അക്കര, ഐ.സി. ബാലകൃഷ്ണൻ, ടി.ജെ. വിനോദ് തുടങ്ങിയവരുടെ ചോദ്യങ്ങൾക്കാണ് മന്ത്രി മറുപടിനൽകിയത്. content highlights:bar numbers increased from 29 to 565


from mathrubhumi.latestnews.rssfeed https://ift.tt/2PEmJTX
via IFTTT