Breaking

Monday, October 28, 2019

ഉമാമന്ദിരം: തെളിയുന്നത് പ്രതാപം നിറഞ്ഞ ഭൂതകാലത്തിൽനിന്ന്‌ ഒറ്റപ്പെടലിലേക്ക്

തിരുവനന്തപുരം: പ്രതാപം നിറഞ്ഞ ഭൂതകാലത്തിൽനിന്നു സ്വയമൊരുക്കിയ ഒറ്റപ്പെടലിന്റെ ലോകത്തേക്കു നീങ്ങിയ അന്തേവാസികളായിരുന്നു കൂടത്തിൽ ഉമാമന്ദിരത്തിലേത്. അയൽവാസിയും കാലടി എൻ.എസ്.എസ്. കരയോഗം പ്രസിഡന്റുമായ എസ്.ബി.ശംഭുനായരുടെ ഓർമ്മകളിൽ ഉമാമന്ദിരത്തിലെ കുടുംബകാരണവർ വേലുപ്പിള്ള ഇന്നുമുണ്ട്. അച്ഛന്റെ സുഹൃത്തായിരുന്ന വേലുപ്പിള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സഹോദരങ്ങളായ ഗോപിനാഥൻനായരും നാരായണൻനായരുമാണ് വസ്തുവകകൾ നോക്കിനടത്തിയിരുന്നത്. വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ കുടുംബത്തിനുണ്ടായിരുന്നു. കോടതിവ്യവഹാരങ്ങളിൽപ്പെട്ട ഭൂമികൾ അദ്ദേഹം വാങ്ങിയിരുന്നു. കേസ് നടത്തിപ്പിനായി എന്നും കാറിൽ കോടതിയിലേക്കു പോകുമായിരുന്നു. കോട്ടും തലപ്പാവും കാലൻ കുടയുമായി നടന്നിരുന്ന ഗോപിനാഥൻനായർ നാട്ടുകാർക്ക് ഗോപി അണ്ണൻ ആയിരുന്നു. വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടു നടന്ന കേസുകളിൽ അച്ഛനെ സഹായിക്കാൻ മകൻ ജയബാലകൃഷ്ണനും കൂടി. പഠിത്തത്തിൽ മിടുക്കനായ ജയബാലകൃഷ്ണൻ പിന്നീട് ഡ്രൈവറായി, അച്ഛന്റെ സഹായിയുമായി മാറി. ഇതോടെ പഠിത്തം നിർത്തി. ഗോപിനാഥൻനായരുടെ മരണശേഷം കേസ് നടത്തിപ്പിന്റെ ചുമതല ജയബാലകൃഷ്ണൻ ഏറ്റെടുത്തു. സഹോദരി ജയശ്രീയുടെ മരണം പെട്ടെന്നായിരുന്നു. മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന സമയത്തായിരുന്നു മരണം. ഗോപിനാഥൻ നായരുടെ മരണശേഷം അദ്ദേഹം ഉപയോഗിച്ചിരുന്ന വേഷവിധാനങ്ങളോടെ ജയബാലകൃഷ്ണൻ പൊതുചടങ്ങുകൾക്ക് എത്തിയിരുന്നതായി സഹപാഠി വേണു എൻ.കുമാറും അയൽവാസി എസ്.ജി.അജിത്കുമാറും പറയുന്നു. കേസുകളിൽ തിരിച്ചടി നേരിട്ടതോടെ ജയബാലകൃഷ്ണൻ വീട്ടിൽ മാത്രമായി ഒതുങ്ങി. വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻനായർ ഡെപ്യൂട്ടി കളക്ടറായിട്ടാണ് വിരമിച്ചത്. വിവാഹമോചിതനായ അദ്ദേഹം പിന്നീട് വീട്ടിൽത്തന്നെ ഒതുങ്ങി. ഗോപിനാഥൻനായരുടെ മരണത്തിനു ശേഷമാണ് കുടുംബാംഗങ്ങൾ വീട്ടിൽ ഒതുങ്ങിക്കൂടി തുടങ്ങിയത്. ചില സിവിൽ കേസുകൾ സാമ്പത്തികനിലയും മോശമാക്കി. വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നസമയത്താണ് സുമുഖി അമ്മയുടെ മരണം. കുടുംബത്തിൽ നടന്ന മരണങ്ങളിൽ അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ലെന്ന് അയൽവാസികൂടിയായ വേണു പറയുന്നു. കരയോഗം ഭാരവാഹികളാണ് ജയമാധവൻനായരുടെ സംസ്കാരച്ചടങ്ങുകൾ നടത്തിയത്. ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ബന്ധുക്കൾ എത്തിയത്. പത്തിൽതാഴെ ബന്ധുക്കൾ മാത്രമാണുണ്ടായിരുന്നത്. അന്ന് ആരും സംശയം ഉന്നയിച്ചില്ല. മരണത്തിനു തൊട്ടുമുമ്പ് തികച്ചും ഒറ്റപ്പെട്ട ജീവിതമാണ് ജയബാലകൃഷ്ണൻ നയിച്ചിരുന്നത്. സ്വത്ത് കരസ്ഥമാക്കിയതിന്റെ പേരിൽ ആരോപണവിധേയനായ രവീന്ദ്രൻനായരാണ് അദ്ദേഹത്തെ പരിചരിച്ചിരുന്നതെന്ന് ഉമാമന്ദിരത്തിന്റെ അയൽവാസികളായ കുന്നത്തുവിളാകം വീട്ടുകാർ പറയുന്നു. അതേസമയം മരണത്തിനു ശേഷം നടന്ന വസ്തു ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന് ഇവർ പറയുന്നു. ഹാസ്യനടനായ ജയമാധവൻ തിരുവനന്തപുരം: ഉമാമന്ദിരത്തിലെ ജയമാധവൻനായർ നല്ലൊരു ഹാസ്യനടനായിരുന്നു. നർമരംഗങ്ങൾ കൈയടക്കത്തോടെ കൈകാര്യംചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സരസനായ വ്യക്തി. 1971ൽ അമച്വർ നാടക അവതരണത്തിനായി കൂടത്തിൽ ഉമാമന്ദിരത്തിലെ നാടക പരിശീലനം ഇന്നലത്തെപ്പോലെ ഓർത്തെടുത്തുകൊണ്ട് സീരിയൽ നടനും അയൽവാസിയുമായ കാലടി ജയൻ പറഞ്ഞു. ഉമാമന്ദിരത്തിൽനിന്നു വിളിപ്പാടകലെയാണ് കാലടി ജയന്റെ വീടായ പൈലിങ്ങൽ. കുട്ടിക്കാലം മുതലേ പരിചയമുള്ള കുടുംബം. ഒറ്റപ്പെട്ട ജീവിതം നയിച്ച് ദുരൂഹമായി മരണപ്പെട്ടുവെന്ന് പറയപ്പെടുന്ന ജയമാധവന്റെ ഭൂതകാലം ഇപ്പോൾ പറഞ്ഞുകേൾക്കുന്നതിൽനിന്നു വ്യത്യസ്തമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തം. ചെറുപ്പകാലത്ത് അയൽവാസികളുമായി അദ്ദേഹം നല്ല ബന്ധം പുലർത്തിയിരുന്നു. നാടകാവതരണത്തിനു മുൻകൈയെടുത്തത് കിളി ചേട്ടൻ എന്നു വിളിപ്പേരുള്ള ജയമാധവനായിരുന്നു. അദ്ദേഹത്തിന്റെ പിതൃസഹോദരനായ ഗോപിനാഥൻ നായരാണ് നാടക പരിശീലനത്തിന് ഉമാമന്ദിരത്തിൽ അവസരം നൽകിയത്. ഗോപിനാഥൻനായരുടെ മകൾ ജയശ്രീക്ക് ട്യൂഷൻ എടുത്തിരുന്നു. മിടുക്കിയായ കുട്ടി. ഡിഗ്രിക്കു മുമ്പേ പഠനം നിർത്തി. പിന്നെ വീട്ടിൽ ഒതുങ്ങി. പെട്ടെന്നായിരുന്നു ജയശ്രീയുടെ മരണം. മാതാപിതാക്കൾ ജീവിച്ചിരിക്കെയാണ് മകൾ മരിച്ചത്. അതിനു ശേഷമാണ് ഗോപിനാഥൻനായർ മരിച്ചത്. നല്ല സുഹൃദ്വലയമുണ്ടായിരുന്ന ഗോപിനാഥൻ നായരുടെ മരണത്തിനു വൻ ജനസഞ്ചയമാണ് ഉമാമന്ദിരത്തിൽ എത്തിയത്. അവിടെ നടന്ന മരണങ്ങളിൽ ബന്ധുക്കൾ ആരോപിക്കുന്നതുപോലെ ദുരൂഹതയുള്ളതായി തോന്നിയിട്ടില്ല. content highlights:Umamandiram serial death


from mathrubhumi.latestnews.rssfeed https://ift.tt/31U6PXM
via IFTTT