Breaking

Tuesday, October 29, 2019

എൻ.പി.എസിലേക്ക് മാറിയാൽ പി.എഫിൽ നിന്ന് പുറത്ത്

ന്യൂഡൽഹി:: പ്രോവിഡന്റ്ഫണ്ട് പെൻഷൻ പദ്ധതിയിൽനിന്ന് (ഇ.പി.എസ്.) ദേശീയ പെൻഷൻ പദ്ധതിയിലേക്കു (എൻ.പി.എസ്.) മാറുന്നതോടെ പ്രോവിഡന്റ്ഫണ്ടിൽനിന്നും ഇൻഷുറൻസ്പദ്ധതിയിൽനിന്നും തൊഴിലാളി പുറത്താകും. എന്നാൽ, പുതിയ നിയമപ്രകാരം ഉണ്ടാക്കുന്ന പദ്ധതിയിൽ തൊഴിലാളിക്കു ചേരാം. പുതിയ സാമൂഹിക സുരക്ഷാ കോഡിന്റെ നാലാം കരടിലാണ് ഈ നിർദേശമുള്ളത്. ഇ.പി.എഫ്., ഇ.എസ്.ഐ, ഗ്രാറ്റ്വിറ്റി, മെറ്റേണിറ്റി തുടങ്ങിയ എട്ടു നിയമങ്ങൾ ദുർബലമാക്കുന്നതാണ് പുതിയ കരട്. ആ നിയമങ്ങൾ പേരിനു നിലനിൽക്കുമെങ്കിലും ക്രമേണ തീർത്തും ഇല്ലാതാക്കുന്ന വ്യവസ്ഥകളാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. സാമൂഹികസുരക്ഷാ കോഡിന്റെ കരട് ചർച്ചചെയ്യാൻ നവംബർ അഞ്ചിന് ട്രേഡ്യൂണിയനുകളുടെ യോഗം തൊഴിൽമന്ത്രാലയം വിളിച്ചിട്ടുണ്ട്. ബി.ജെ.പി. അനുകൂല സംഘടനയായ ബി.എം.എസ്. അടക്കം എല്ലാ യൂണിയനുകളും പുതിയ നിയമത്തെ ഒറ്റക്കെട്ടായി എതിർക്കുകയാണ്. ഓപ്ഷൻ നൽകുന്നതോടെ പി.എഫിൽനിന്ന് പുറത്താകും പ്രോവിഡന്റ് ഫണ്ടും ഇ.എസ്.ഐ.യും മറ്റും ലയിപ്പിക്കാനായിരുന്നു ആദ്യ നിർദേശം. എതിർപ്പിനെത്തുടർന്ന് അതൊഴിവാക്കിയെങ്കിലും ഫലത്തിൽ ഈ രണ്ടു പ്രധാന ക്ഷേമനിയമങ്ങളും ഇല്ലാതാകുമെന്നാണ് ആശങ്ക. ദേശീയ പെൻഷൻ പദ്ധതിയിലേക്കു മാറാനുള്ള ഓപ്ഷൻ (താത്പര്യം) നൽകാനുള്ള വ്യവസ്ഥകളും പദ്ധതിയിലേക്കു വിഹിതം പിടിക്കാനുള്ള ശമ്പളപരിധിയും സർക്കാർ നിശ്ചയിക്കും. ഓപ്ഷൻ അപേക്ഷ നൽകുന്ന അന്നുമുതൽ പ്രോവിഡന്റ് ഫണ്ട്, ഇ.പി.എസ്. ഇൻഷുറൻസ് എന്നിവയിൽനിന്ന് തൊഴിലാളി പുറത്തായതായി കണക്കാക്കും. പുതിയ വ്യവസ്ഥകളടങ്ങളിയ ഇ.പി.എഫ്.പദ്ധതിയും പെൻഷൻ പദ്ധതിയും നിലവിൽവരും. ഇപ്പോഴുള്ളതുപോലെ തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതം അതിലും പന്ത്രണ്ടു ശതമാനമായിരിക്കും. ഇൻഷുറൻസിലേക്ക് തൊഴിലുടമയുടെ ഒരു ശതമാനവും. തൊഴിലുടമയുടെ വിഹിതത്തിന്റെ 8.33 ശതമാനം(അല്ലെങ്കിൽ പിന്നീട് സർക്കാർ നിശ്ചയിക്കുന്ന ശതമാനം), സ്വന്തമായി പി.എഫ്.ട്രസ്റ്റ് നടത്തുന്ന എക്സംപ്റ്റഡ് സ്ഥാപനങ്ങളുടെ വിഹിതം, കേന്ദ്രം പിന്നീടു നിശ്ചയിക്കുന്ന വിഹിതം എന്നിവകൊണ്ടാണ് പെൻഷൻ ഫണ്ട് പ്രവർത്തിക്കുക. നിലവിൽ ഇ.പി.എസിലേക്ക് സർക്കാരിന്റെ വിഹിതമായ 1.16 ശതമാനം തുടർന്ന് നൽകില്ല. ഇപ്പോൾത്തന്നെ 9115 കോടിയുടെ കുടിശ്ശിക ഇ.പി.എസിലേക്കു കേന്ദ്രം നൽകാനുണ്ട്. ഇ.എസ്.ഐ. ആനുകൂല്യങ്ങളും കുറയും ഇ.എസ്.ഐ. പ്രകാരം നിലവിലുള്ള ആനുകൂല്യങ്ങളും കുറയ്ക്കുന്നതാണ് കരടിലെ നിർദേശങ്ങൾ. ഇ.എസ്.ഐ.യിൽനിന്ന് വേണമെങ്കിൽ തൊഴിലാളിക്ക് ഒഴിവാകുകയും സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ പദ്ധതികളിലേക്ക് മാറുകയും ചെയ്യാമെന്ന് വ്യവസ്ഥ കരടിൽ ഉണ്ട്. അംഗീകരിക്കില്ലെന്ന് ബി.എം.എസ്. തികച്ചും തൊഴിലാളിവിരുദ്ധമായ സാമൂഹികസുരക്ഷാ കോഡിനെ അംഗീകരിക്കില്ലെന്ന് ബി.എം.എസ്. അഖിലേന്ത്യാ അധ്യക്ഷൻ സജി നാരായണൻ പറഞ്ഞു. ഇ.പി.എഫ്., ഇ.എസ്.ഐ. ആനുകൂല്യങ്ങൾ ഇല്ലാതാക്കാൻ അനുവദിക്കില്ല. ഗ്രാറ്റ്വിറ്റിക്ക് പ്രത്യേക ഫണ്ട് രൂപവത്കരിക്കുമെന്ന് ആദ്യ കരടിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. ഗ്രാറ്റ്വിറ്റി ലഭിക്കാൻ ചുരുങ്ങിയത് അഞ്ചുകൊല്ലം ജോലി ചെയ്യണമെന്നാണ് നിർദിഷ്ട വ്യവസ്ഥ. അത് ഒരു കൊല്ലമാക്കണം- അദ്ദേഹം ആവശ്യപ്പെട്ടു. Content highlights:National Pension Scheme; employees will exempt from Provident fund


from mathrubhumi.latestnews.rssfeed https://ift.tt/2JvFfKb
via IFTTT