തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബി.ടെക് പാഠ്യപദ്ധതിയുടെ ഉള്ളടക്കവും ഘടനയും പരിഷ്കരിക്കാൻ അക്കാദമിക് കൗൺസിൽ തീരുമാനിച്ചു. 25 ബി.ടെക് കോഴ്സുകളുടെയും മൊത്തം ക്രെഡിറ്റുകൾ 182 ൽ നിന്നും 162 ആയി കുറച്ചു. ഇതോടെ തിയറി വിഷയങ്ങൾ 45 ൽ നിന്നും 38 ആകും. 150 മാർക്കുള്ള തിയറി വിഷയങ്ങൾക്ക് 100 മാർക്ക് യൂണിവേഴ്സിറ്റിയുടെ സെമസ്റ്റർ പരീക്ഷകൾക്കും 50 മാർക്ക് ആഭ്യന്തര മൂല്യ നിർണയത്തിനുമായിരിക്കും. രണ്ടിനുംകൂടി കുറഞ്ഞത് 75 മാർക്ക് ലഭിച്ചാൽ മാത്രമേ ജയിക്കൂ. ഇനിമുതൽ ആഭ്യന്തര മൂല്യനിർണയത്തിന് മിനിമം മാർക്ക് നിർബന്ധമില്ല. ആഭ്യന്തര മൂല്യനിർണയം വഴി ലഭിക്കുന്ന മാർക്കുകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് ലഭിക്കുന്ന മാർക്കുകൾക്ക് ആനുപാതികമായി ഏകീകരിക്കപ്പെടും. യൂണിവേഴ്സിറ്റി പരീക്ഷ എഴുതുവാൻ മൊത്തം 75 ശതമാനം ഹാജരുണ്ടാകണം. പ്രാക്ടിക്കലിനും ഇനിമുതൽ യൂണിവേഴ്സിറ്റി പരീക്ഷകളുണ്ടാകും. 75 മാർക്കിന് നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷയിൽ കുറഞ്ഞത് 30 മാർക്ക് നേടിയാൽ മാത്രമേ വിജയിക്കൂ. ഇന്ത്യൻ ഭരണഘടന, തൊഴിൽ നൈതികത, വ്യാവസായിക സുരക്ഷ, സുസ്ഥിര വികസനം, ദുരന്ത നിവാരണം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ എല്ലാ എൻജിനീയറിങ് ശാഖകളിലും നിർബന്ധമായും വിജയിക്കേണ്ട നോൺ ക്രെഡിറ്റ് കോഴ്സുകളാക്കി. ഒരു പ്രത്യേക എൻജിനീയറിങ് ശാഖയിലെ ആഴത്തിലുള്ള വിജ്ഞാനം ലക്ഷ്യമാക്കി ആരംഭിച്ച ബി.ടെക് ഹോണേഴ്സ് ഡിഗ്രിക്കുള്ള രജിസ്ട്രേഷൻ വ്യവസ്ഥകൾ ഉദാരമാക്കി. 2019 സ്കീം പ്രകാരം എല്ലാ കോളേജുകളിലെയും 8.5 ഗ്രേഡിന് മുകളിൽ മാർക്ക് ലഭിക്കുന്ന സമർത്ഥരായ വിദ്യാർഥികൾക്ക് ഹോണേഴ്സിനു രജിസ്റ്റർ ചെയ്യാം. അഞ്ചാം സെമസ്റ്റർ മുതൽ ഈ വിദ്യാർഥികൾ അഞ്ച് വിഷയങ്ങൾ അധികമായി പഠിച്ച് 20 ക്രെഡിറ്റുകൾ നേടണം. ഇവയിൽ രണ്ടെണ്ണം യൂണിവേഴ്സിറ്റി അംഗീകരിച്ച ഓൺലൈൻ കോഴ്സുകൾ ആയിരിക്കണം. സാങ്കേതിക ശാസ്ത്രരംഗത്തെ വിജ്ഞാന വൈവിധ്യങ്ങൾ ഉൾക്കൊള്ളുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ബി.ടെക് മൈനർ ബിരുദവും 2019 സ്കീമിൽ ആരംഭിക്കും. സാങ്കേതിക വ്യവസായ മേഖലയിലെയും, ഐ.ടി. അനുബന്ധ വിവരസാങ്കേതിക, നൈപുണ്യ വികസന, സ്റ്റാർട്ട് അപ്പ് രംഗങ്ങളിലെയും സ്ഥാപനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും കമ്പനികൾക്കും മൈനർ കോഴ്സുകൾ നടത്തുവാനുള്ള അനുവാദമുണ്ടാവും. ബി.ടെക് മൈനറിന് രജിസ്റ്റർ ചെയ്യാൻ ഗ്രേഡ് നിബന്ധനകളില്ല. മൂന്നാം സെമസ്റ്റർ മുതൽ അഞ്ച് കോഴ്സുകളിൽ നിന്നായി 20 ക്രെഡിറ്റുകൾ അധികമായി നേടണം. മൂന്നാം സെമസ്റ്റർ എം.സി.എ. കോഴ്സിന്റെ രജിസ്ട്രേഷന് 27 ക്രെഡിറ്റുകൾ വേണമെന്ന നിബന്ധന അഞ്ചാം സെമസ്റ്ററിലേക്ക് മാറ്റും. കലാകായിക മത്സരങ്ങളിൽ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന ഡ്യൂട്ടി ലീവുകൾ, ഗ്രേസ് മാർക്കുകൾ എന്നിവയ്ക്കുള്ള പുതിയ നിബന്ധനകൾ നിലവിലുള്ള എല്ലാ ബാച്ചുകൾക്കും ബാധകമാക്കി. ഹാജർ നിബന്ധനകൾ ബി.ടെക്, എം.ടെക്, എം.സി.എ. തുടങ്ങിയ എല്ലാ കോഴ്സുകൾക്കും ഏകീകരിക്കും. Content Highlights: Kerala Technological University to Revise Engineering Curriculum
from mathrubhumi.latestnews.rssfeed https://ift.tt/2BPZuy7
via
IFTTT