Breaking

Sunday, October 27, 2019

കടുപ്പിച്ച് ശിവസേന; മുഖ്യമന്ത്രിസ്ഥാനം വേണം

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിസ്ഥാനം വേണമെന്ന് ബി.ജെ.പി.യോട് ആവശ്യപ്പെടാൻ ശിവസേന തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണ പ്രകാരം 50:50 ഫോർമുല നടപ്പാക്കണമെന്നും ഇതു പ്രകാരം മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്നുമാണ് ശിവസേനയുടെ ആവശ്യം.ബി.ജെ.പി.യിൽനിന്ന് രേഖാമൂലം വാങ്ങണമെന്നുവരെ ശിവസേന എം.എൽ.എ.മാർ ആവശ്യപ്പെട്ടു. ആദിത്യ താക്കറേ മുഖ്യമന്ത്രിയാവണമെന്നാണ് എല്ലാവരുടേയും ആഗ്രഹമെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറേയുടെ വീടായ മാതോശ്രീയിൽ ചേർന്ന യോഗത്തിൽ പാർട്ടി എം.എൽ.എ.മാർ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ ഉദ്ദവ് താക്കറേയെ യോഗം ചുമതലപ്പെടുത്തി. ആദ്യത്തെ രണ്ടരവർഷം മുഖ്യമന്ത്രിപദം തരണമെന്നാണ് ശിവസേനയുടെ ആവശ്യം. കൂടാതെ മന്ത്രിപദവികളിൽ അമ്പത് ശതമാനവും നല്കണം. എന്നാൽ അഭ്യന്തര വകുപ്പോടെ ഉപമുഖ്യമന്ത്രി പദത്തിന് ശിവസേന വഴങ്ങിയേക്കും എന്നും സൂചനയുണ്ട്. പാർട്ടി സ്ഥാപിച്ചതിനുശേഷം ആദ്യമായാണ് താക്കറേ കുടുംബത്തിൽനിന്ന് ഒരാൾ എം.എൽ.എ. ആകുന്നത്. ശിവസേനയുടെ ശക്തികേന്ദ്രമായ വർളിയിൽ വൻഭൂരിപക്ഷത്തിനാണ് ആദിത്യ താക്കറേ തിരഞ്ഞെടുക്കപ്പെട്ടത്. 288 അംഗ സഭയിൽ കഴിഞ്ഞ തവണ 122 എം.എൽ.എ.മാരുണ്ടായിരുന്ന ബി.ജെ.പി. ഇത്തവണ 105 സീറ്റുകളിൽ ഒതുങ്ങിയതാണ് ശിവസേനയുടെ വിലപേശലിന് ശക്തികൂട്ടിയത്. ശിവസേനയാകട്ടെ, 63 സീറ്റുകളിൽനിന്ന് 56 സീറ്റുകളിലേക്കാണ് താഴ്ന്നത്. ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ശിവസേനയുടെ സമ്മർദം കുറയ്ക്കുക എന്ന ബി.ജെ.പി.യുടെ ലക്ഷ്യവും പാളി. ശിവസേന പിന്തുണയ്ക്കായി സമീപിച്ചാൽ പാർട്ടി ഹൈക്കമാൻഡ് ചർച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് വിജയം വടേത്തിവാർ അഭിപ്രായപ്പെട്ടത് ബി.ജെ.പി.യെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ബി.ജെ.പി.യെ അധികാരത്തിൽനിന്ന് പുറത്തുനിർത്താൻ കോൺഗ്രസ് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുൻ മുഖ്യമന്ത്രിമാരായ അശോക് ചവാനും പൃഥ്വിരാജ് ചവാനും അഭിപ്രായപ്പെട്ടിരുന്നു.എന്നാൽ ശിവസേനയെ പിന്തുണയ്ക്കുന്ന പ്രശ്നമില്ലെന്നാണ് കോൺഗ്രസിന്റെ സഖ്യകക്ഷിയായ എൻ.സി.പി.യുടെ നേതാവ് ശരദ് പവാർ പറഞ്ഞത്. കഴുത്തിൽ ഘടികാരം തൂക്കിയിട്ട പുലി താമര മണക്കുന്ന കാർട്ടൂൺ കഴിഞ്ഞദിവസം ശിവസേന എം.പി. സഞ്ജയ് റാവുത്ത് ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത് പല അഭ്യൂഹങ്ങൾക്കും വകയായിട്ടുണ്ട്. പുലി ശിവസേനയുടെ ചിഹ്നമാണെങ്കിൽ ഘടികാരവും താമരയും എൻ.സി.പി.യുടെയും ബി.ജെ.പി.യുടെയും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളാണ്. ബി.ജെ.പി. യോഗം 30-ന്നിയമസഭാ നേതാവിനെ തിരഞ്ഞെടുക്കാൻ ഒക്ടോബർ 30-ന് ബി.ജെ.പി. എം.എൽ.എ.മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ബി.ജെ.പി.-ശിവസേന ഭരണം ഉറപ്പായ അവസ്ഥയിൽ ഉദ്ധവ് താക്കറെയുമായി കേന്ദ്രമന്ത്രി അമിത് ഷാ ഫോണിൽ സംസാരിച്ചിരുന്നു. മുഖ്യമന്ത്രി പദം കീറാമുട്ടിയാവുകയാണെങ്കിൽ ഉദ്ധവിനെ കാണാൻ അമിത് ഷാ എത്താനുള്ള സാധ്യതയുമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2NeHAdA
via IFTTT