Breaking

Tuesday, October 29, 2019

മാറുന്നകാലത്തെ നിലപാട് പഠിപ്പിക്കാൻ ‘പാർട്ടി സ്കൂൾ’

തിരുവനന്തപുരം: പുതിയ ലോകസാഹചര്യത്തിൽ പാർട്ടി പ്രവർത്തിക്കേണ്ടത് എങ്ങനെയെന്നതിൽ വ്യക്തത നൽകാനായി സി.പി.എം. പഠനക്ലാസ് സംഘടിപ്പിക്കുന്നു. സൈദ്ധാന്തിക വിഷയങ്ങൾ കൈകാര്യംചെയ്യുന്നവരെ പങ്കെടുപ്പിച്ചാണ് ഇ.എം.എസ്. അക്കാദമിയിൽ ക്യാമ്പ് നടത്തുക. മാർക്സിസ്റ്റ് സമീപനത്തിന്റെ അടിസ്ഥാനത്തിൽ മാറുന്ന കാലഘട്ടത്തെ വിശകലനംചെയ്യാനുള്ള ശേഷി പാർട്ടി സഖാക്കളിൽ വർധിപ്പിക്കുകയാണ് പാർട്ടി സ്കൂളെന്ന പരിപാടിയുടെ ലക്ഷ്യം. 29 മുതൽ ഒരാഴ്ച ഇ.എം.എസ്. അക്കാദമിയിലാണ് പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവർ നയിക്കുന്ന ക്ലാസുകൾ. കേരളത്തിലെ പാർട്ടിക്കാരിൽ ആകമാനം ആശയവ്യക്തതയുണ്ടാക്കുക, കാലഘട്ടത്തിനനുസരിച്ചുള്ള വിശകലനശേഷി സഖാക്കളിൽ ഉണ്ടാക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യം. പാർട്ടി സ്കൂൾ അധ്യപകർക്കുപുറമേ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ക്ലാസുകളിൽ പങ്കെടുക്കും. അടുത്തഘട്ടമായി ജില്ലാതലത്തിലും തുടർന്ന് താഴെത്തട്ടിലേക്കും ഈ ആശയങ്ങൾ എത്തിക്കും. സഖാക്കളുടെ ആശയബോധ നിലവാരം പുതിയ കാലഘട്ടത്തിലെ ആവശ്യങ്ങൾക്കനുസരിച്ച് വികസിപ്പിക്കണമെന്ന നിർദേശം കഴിഞ്ഞ കൊൽക്കത്ത പാർട്ടികോൺഗ്രസിൽ ഉയർന്നിരുന്നു. പാർട്ടി സംസ്ഥാന സമ്മേളന സംഘടനാ രേഖയിലും ഇക്കാര്യം ഊന്നിപ്പറഞ്ഞു. അത് പ്രാവർത്തികമാക്കാനുള്ള നടപടികൂടിയാണ് ഈ പാർട്ടി സ്കൂളെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രവും ഈ ക്ലാസുകളിലുണ്ടാവും. വർഗീയ, ഫാസിസ്റ്റ് പ്രവണതകൾ ശക്തിപ്പെടുന്ന സാഹചര്യത്തിൽ അവ മറികടക്കാനുള്ള സി.പി.എം. ഇടപെടലുകൾ എങ്ങനെയാവണമെന്ന് വ്യക്തമാക്കുന്ന ക്ലാസുകളും ഉൾപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ഇ.എം.എസ്. അക്കാദമിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലാസ് ഉദ്ഘാടനംചെയ്യും. എസ്. രാമചന്ദ്രൻപിള്ള, വൃന്ദാ കാരാട്ട്, എം.എ. ബേബി, എ. വിജയരാഘവൻ, തോമസ് ഐസക്, പി. രാജീവ് തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ ക്ലാസുകൾ നയിക്കും. Content Highlights:CPIM Party class to cadres


from mathrubhumi.latestnews.rssfeed https://ift.tt/2BWiL0x
via IFTTT