തിരുവനന്തപുരം: ആരോഗ്യസർവകലാശാലാ വൈസ് ചാൻസലർ സ്ഥാനത്തേക്ക് സർക്കാർ നൽകിയ പേര് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെട്ടി. പകരം ആരോഗ്യ സർവകലാശാല ഗവേണിങ് കൗൺസിൽ അംഗവും മെഡിസിൻ ഡീനുമായ ഡോ. മോഹനൻ കുന്നുമ്മലിനെ പുതിയ വൈസ് ചാൻസലറായി നിയമിച്ചു. ഡോ. എം.കെ.സി. നായർ 27-നു വിരമിക്കുന്ന ഒഴിവിലാണ് നിയമനം. വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഡോ. മോഹനൻ അടക്കം മൂന്നുപേരുകളാണ് ഡോ. ബി. ഇക്ബാൽ അധ്യക്ഷനായ സെർച്ച് കമ്മിറ്റി സർക്കാരിന് സമർപ്പിച്ചിരുന്നത്. ഡോ. പ്രവീൺലാൽ കുറ്റിച്ചിറ, ഡോ. വി. രാമൻകുട്ടി എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്നവർ. ഇതിൽ മുൻമെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും നിലവിൽ തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് പ്രൊഫസറുമായ ഡോ. പ്രവീൺലാൽ കുറ്റിച്ചിറയെ വി.സി.യായി നിയമിക്കാനാണ് സർക്കാർ താത്പര്യം അറിയിച്ചത്. സി.പി.എമ്മും അദ്ദേഹത്തിന്റെ പേര് ശുപാർശചെയ്തു. മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ മകനും അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് സീനിയർ ഗ്രേഡ് പ്രൊഫസറുമാണ് ഡോ. വി. രാമൻകുട്ടി. ഈ പേരുകൾ തള്ളിയാണ് പട്ടികയിൽ മൂന്നാമനായ ഡോ. മോഹനനെ ഗവർണർ നിയമിച്ചത്. കേന്ദ്രസർക്കാരിലെ ഉന്നത രാഷ്ട്രീയബന്ധമാണ് മോഹനന്റെ നിയമനത്തിനു പിന്നിലെന്ന് കരുതുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജ് റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ ദീർഘകാലം അധ്യാപകനായിരുന്ന ഡോ. മോഹനൻ 2016-ൽ മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലായി. വിരമിച്ചശേഷം പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജ് റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവിയായി പ്രവർത്തിക്കുകയാണ്. കണ്ണൂർ സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നാണ് റേഡിയോ ഡയഗ്നോസിസിൽ എം.ഡി. നേടിയത്. മെഡിക്കൽ അഡ്മിനിസ്ട്രേഷനിൽ സൂപ്പർവൈസറി ട്രെയിനിങ് കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. 2011 മുതൽ '14 വരെ ഗവൺമെന്റ് മെഡിക്കൽ കോളേജ് അധ്യാപക സംഘടനാ സംസ്ഥാന പ്രസിഡന്റായിരുന്നു. നാഷണൽ റേഡിയോളജിക്കൽ ആൻഡ് ഇമേജിങ് അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ എന്നിവയിലും അംഗമായിരുന്നു. 2016-ൽ സംസ്ഥാന സർക്കാരിന്റെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. എം.ജി.ആർ. മെഡിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലർ ഡോ. മയിൽ വാഹനൻ, യു.ജി.സി. മുൻ ചെയർമാൻ ഡോ. ഹരി ഗൗതം എന്നിവരായിരുന്നു സെർച്ച് കമ്മിറ്റിയിലുണ്ടായിരുന്നത്. content highlights: Kerala University of Health Sciences vice chancellor
from mathrubhumi.latestnews.rssfeed https://ift.tt/2WdTaK6
via
IFTTT