Breaking

Saturday, October 26, 2019

സുരേന്ദ്രനും രമേശിനും വേണ്ടി ഗ്രൂപ്പുകള്‍ രംഗത്ത്

തിരുവനന്തപുരം: പുനഃസംഘടനയ്ക്ക് ഒരുമാസം മാത്രം ബാക്കിനിൽക്കെ പി.എസ്. ശ്രീധരൻ പിള്ളയെ മിസോറം ഗവർണറാക്കുമ്പോൾ സംസ്ഥാനത്ത് ബി.ജെ.പി.യുടെ പുതിയ അധ്യക്ഷൻ ആരെന്ന ചോദ്യമുയരുന്നു. ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രനും എം.ടി. രമേശിനും വേണ്ടി ഇതിനകംതന്നെ ഗ്രൂപ്പുകൾ രംഗത്തെത്തി. 14 മാസത്തിനിടെ ലോക്സഭാ തിരഞ്ഞടുപ്പിലും ആറു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിലും ശബരിമല പ്രക്ഷോഭത്തിലും പാർട്ടിയെ നയിച്ച ശ്രീധരൻ പിള്ളയുടെ പിൻഗാമിയാരെന്ന ചോദ്യത്തിന് വൈകാതെ ഉത്തരമുണ്ടാകുമെന്നാണ് ദേശീയനേതൃത്വം നൽകുന്ന സൂചന. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റി കുമ്മനത്തെ മിസോറം ഗവർണറാക്കിയത്. തുടർന്ന് ആരാകും അധ്യക്ഷനെന്ന തർക്കം മാസങ്ങളോളം നീണ്ടു. വി. മുരളീധരൻ പക്ഷം കെ. സുരേന്ദ്രനും പി.കെ. കൃഷ്ണദാസ് പക്ഷം എം.ടി. രമേശിനും വേണ്ടി നിലയുറപ്പിച്ചതോടെ തർക്കം രൂക്ഷമായി. ഇതോടെയാണ് ഗ്രൂപ്പുകൾക്ക് അതീതനായ ശ്രീധരൻ പിള്ളയെ അധ്യക്ഷനാക്കിയതും 2018 ഓഗസ്റ്റ് രണ്ടിന് അദ്ദേഹം ചുമതലയേറ്റതും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽപ്പോലും ജയിക്കാനാവാത്തതും ഉപതിരഞ്ഞെടുപ്പുകളിൽ നേരിട്ട തിരിച്ചടിയും അദ്ദേഹത്തിനെതിരേ വിമർശനങ്ങൾ ഉയർത്തി. എന്നാൽ, പുനഃസംഘടനയോടെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അടുത്തമാസം പുനഃസംഘടന വരുമ്പോൾ ശ്രീധരൻ പിള്ളയ്ക്കു പകരം പുതിയ ആൾ വരുമെന്നുറപ്പായിരുന്നു. അധ്യക്ഷസ്ഥാനത്തേക്ക് സുരേന്ദ്രനും രമേശിനും വേണ്ടി ഗ്രൂപ്പുതിരിഞ്ഞ് ആവശ്യം ശക്തമാകും. എന്നാൽ, കേന്ദ്രനേതൃത്വത്തോട് ഏറെ അടുപ്പമുള്ള വി. മുരളീധരന്റെ ഡൽഹിയിലെ സാന്നിധ്യം സുരേന്ദ്രന് അനുകൂലമാവും. കഴിഞ്ഞതവണ ആർ.എസ്.എസിന്റെ സഹസർകാര്യവാഹ് ദത്താത്രേയ ഹോസബളെ സുരേന്ദ്രനെ അധ്യക്ഷനാക്കാൻ നിർദേശിച്ചതാണെങ്കിലും ഗ്രൂപ്പുപോര് ശക്തമാകുമെന്നുകണ്ട് സമവായമെന്നനിലയിൽ പിള്ളയെ പരിഗണിക്കുകയായിരുന്നു. രണ്ടു ദിവസംമുമ്പ് കൊച്ചിയിൽ ആർ.എസ്.എസ്.-ബി.ജെ.പി. സംയുക്തയോഗം നടന്നിരുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിൽ പുതിയ അധ്യക്ഷൻ വരുമെന്ന് സന്തോഷ് അറിയിച്ചതാണ്. പകരം ആരെന്ന ചോദ്യത്തിന് ഉടൻ തീരുമാനമാകുമെന്നാണ് മറുപടിയുണ്ടായത്. ഈ യോഗത്തിൽ എം.ടി. രമേശും പങ്കെടുത്തിരുന്നു. ആർ.എസ്.എസിന്റെ മനസ്സ് പൂർണമായും രമേശിനൊപ്പമാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ഉറപ്പിച്ചുപറയുന്നത്. ഇനി തർക്കം മൂത്താൽ സമവായമെന്നനിലയിൽ കുമ്മനത്തെ പരിഗണിച്ച് ഗ്രൂപ്പിന് തടയിടും എന്നു കരുതുന്നവരുമുണ്ട്. content highlights:k surendran, mt ramesh bjp kerala


from mathrubhumi.latestnews.rssfeed https://ift.tt/32OzgYy
via IFTTT