മുംബൈ: യഥാർഥജീവിതത്തിൽ അച്ഛനാണ് തന്റെ സൂപ്പർ ഹീറോയെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. മുംബൈയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ഛൻ ഈ ലോകത്തുണ്ടായിരുന്നത്ര സമയവും എന്റെ സൂപ്പർഹീറോ അദ്ദേഹം തന്നെയായിരുന്നു. പലരും നമ്മെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തേക്കാം. പക്ഷേ, ചിലർ നമുക്കുമുന്നിൽ ഉദാഹരണങ്ങളായി നിലയുറപ്പിക്കും. അവരുണ്ടാക്കുന്ന മാറ്റങ്ങൾ വ്യത്യസ്തമാണ്. എന്റെ കാര്യം നോക്കുക. ചെറുപ്പത്തിൽ ഞാൻ ക്രിക്കറ്റ് കളിക്കാൻ ഇഷ്ടപ്പെട്ടു. അച്ഛനാണ് എന്റെ കരിയറിന്റെ കാര്യത്തിൽ തീരുമാനമെടുത്തത്. വേണമെങ്കിൽ, ക്രിക്കറ്റ് ഉപേക്ഷിച്ച് മറ്റൊരു വഴി തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് എന്നെ നിർബന്ധിക്കാമായിരുന്നു. പക്ഷേ, എന്റെ ആഗ്രഹത്തിനൊപ്പം നിന്നു. അതോടെ, പൂർണമായും ക്രിക്കറ്റിൽ ശ്രദ്ധിക്കാനും കഠിനാധ്വാനം ചെയ്യാനും എനിക്ക് കഴിഞ്ഞു. കാര്യങ്ങൾ ലളിതമായി. മറ്റൊരു വഴി തിരയേണ്ടിവന്നില്ല. ഞാൻ വിജയി ആയെങ്കിൽ ആ വിധി നേരത്തേതന്നെ എഴുതപ്പെട്ടതാണ്. എല്ലാം സംഭവിച്ചത് അച്ഛന്റെ നിശ്ചയദാർഢ്യം കൊണ്ടാണ് -കോലി പറഞ്ഞു. കോലിയ്ക്ക് 18 വയസ്സുള്ളപ്പോഴാണ് അച്ഛൻ പ്രേം കോലി മരിക്കുന്നത്. ഡൽഹി ബാറ്റ്സ്മാനായ കോലി കർണാടകയ്ക്കെതിരേ ഫിറോസ് ഷാ കോട്ലയിൽ കളിക്കുന്നതിനിടെയാണ് ഡ്രസ്സിങ് റൂമിലേക്ക് ദുഃഖവാർത്തയെത്തിയത്. ആ മത്സരത്തിൽ കോലി 90 റൺസടിച്ചു. Content Highlights: Virat Kohli on his father Prem Kohli
from mathrubhumi.latestnews.rssfeed https://ift.tt/346z4nQ
via
IFTTT