Breaking

Monday, October 28, 2019

ആധാർ കാർഡിൽ കാമുകി ’സഹോദരി’യായി;വിമാന ജീവനക്കാരനും പെൺസുഹൃത്തും ജയിലിലും

നെടുമ്പാശ്ശേരി:സൗജന്യ നിരക്കിൽ വിമാന ടിക്കറ്റ് തരപ്പെടുത്തുന്നതിനായി ആധാർ കാർഡിൽ കാമുകിയെ 'സഹോദരി'യാക്കി മാറ്റി. കേരളം ചുറ്റാനെത്തിയ വിമാന ജീവനക്കാരനും കാമുകിയും ഒടുവിൽ ജയിലിലായി. ഇൻഡിഗോ ജീവനക്കാരനായ ഭുവനേശ്വർ സ്വദേശി രാഗേഷ് (31), പെൺ സുഹൃത്ത് ഒഡിഷ സ്വദേശിനി രസ്മിത ബരാല (24) എന്നിവരാണ് ജയിലിലായത്. ശനിയാഴ്ച രാത്രിയാണ് ഇരുവരും കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. വിമാന ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വിമാന യാത്രയ്ക്കായി സൗജന്യ നിരക്കിൽ ടിക്കറ്റ് അനുവദിക്കാറുണ്ട്. ഈ ആനുകൂല്യം ലഭിക്കുന്നതിനായാണ് വിമാന ജീവനക്കാരനായ രാഗേഷ് പെൺ സുഹൃത്തുമായി വിമാനയാത്ര നടത്തുന്നതിന് സഹോദരിയുടെ ആധാർ കാർഡിൽ കൃത്രിമം കാട്ടിയത്. സഹോദരി രാധയുടെ ആധാർ കാർഡിൽ രസ്മിതയുടെ ഫോട്ടോ പതിപ്പിച്ച ശേഷം കളർ പ്രിന്റ് എടുക്കുകയായിരുന്നു. ഇതുപയോഗിച്ച് വിമാന ടിക്കറ്റ് തരപ്പെടുത്തി കേരളത്തിലേക്ക് പോന്നു. മൂന്നാറിലെല്ലാം ചുറ്റിക്കറങ്ങി തിരിച്ച് ഇൻഡിഗോ വിമാനത്തിൽ ഡൽഹിക്ക് മടങ്ങുന്നതിനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇരുവരും സി.ഐ.എസ്.എഫിന്റെ പിടിയിലായത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി തിരിച്ചറിയൽ രേഖ പരിശോധിച്ച സി.ഐ.എസ്.എഫിന് യുവതിയുടെ പ്രായത്തിൽ സംശയം തോന്നി. തിരിച്ചറിയൽ രേഖയിൽ ജനന വർഷം 1991 എന്നാണ്. എന്നാൽ, യുവതിക്ക് 28 വയസ്സ് തോന്നിക്കുന്നുമില്ല. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്താകുന്നത്. നെടുമ്പാശ്ശേരി പോലീസിനു കൈമാറിയ ഇവരെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കി. യുവതിയെ ജില്ലാ ജയിലിലേക്കും യുവാവിനെ ആലുവ സബ് ജയിലിലേക്കും റിമാൻഡ് ചെയ്തു. വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും കേസെടുത്തിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2JpBWEe
via IFTTT