Breaking

Monday, October 28, 2019

വേദനയറിയാത്ത വിധികള്‍

വാളയാറിൽ രണ്ടു പെൺകുട്ടികൾ തൂങ്ങി മരിച്ചു. ബലാത്സംഗത്തിന് ഇരയായതിനാലാണ് കുട്ടികൾ മരിച്ചതെന്ന് പിന്നീട് തെളിഞ്ഞു. രണ്ടരക്കൊല്ലം കഴിഞ്ഞു. പ്രതികളായ വി മധു, എം മധു, ഷിബു, പ്രദീപ് എന്നിവരെ കോടതി വെറുതേ വിട്ടു. പീഡനകഥകൾ വരുമ്പോൾ പണ്ട് സാറാ ജോസഫ് എഴുതിയ കഥയാണ് എപ്പോഴും ഓർമ്മയിൽ. മൂത്ത കട്ടിക്ക് പതിമൂന്നും രണ്ടാമത്തെ കുട്ടിക്ക് ഒമ്പതും വയസ്സേ ഉണ്ടായിരുന്നുള്ളൂ പ്രായം. ദൈവമേ, ഒമ്പതു വയസ്സുള്ള കുട്ടി ആത്മഹത്യ ചെയ്യുന്ന നാട്ടിൽ പിറക്കാതിരിക്കുന്നതാണ് നല്ലത്. തർക്കങ്ങളൊക്കെ തുടരുമ്പോഴും ആ കുട്ടി എന്തറിഞ്ഞു, പാവം. ആ പഴയ തമിഴ് സിനിമയില്ലേ. നാഗേഷ് പൊട്ടിക്കരയുന്ന ചിത്രം. ചിരിച്ചുല്ലസിച്ച് കടന്നു പോകുന്ന കുട്ടിയെ നോക്കിക്കൊണ്ട്. ഈശ്വരാ, എത്രയെത്ര ദുര്യോഗങ്ങളിലൂടെ ഈ കുട്ടി കടന്നുപോകണമല്ലോ എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഓരോ കുട്ടിയും നമ്മെ ഇപ്പോൾ അതേ പോലെ കരയിപ്പിക്കുന്നു. ഒന്നു മാത്രം പറഞ്ഞോട്ടെ. ഇത് ഏതെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു പുകിൽ? കരച്ചിലും കവിതയും മെഴുതിരിനാളവും അലയടിക്കുമായിരുന്നു കായൽപ്പരപ്പിലും കടലോരത്തും. പാളയത്തും വഞ്ചി സ്ക്വയറിലും തേക്കിൻകാട്ടിലും മാനാഞ്ചിറയിലും. ഇവിടെയും ഉണ്ടാകുമായിരുന്നു. ഇടതുപക്ഷം പ്രതിപക്ഷത്ത് ആയിരുന്നെങ്കിൽ. പിച്ചിച്ചീന്തപ്പെട്ട കുഞ്ഞുമക്കളുടെ ഇറച്ചിത്തുണ്ടങ്ങളിലും രാഷ്ട്രീയം ചുവയ്ക്കുന്ന നാണക്കേട്. അതെ നമ്മൾ കണ്ണാടി കാണുകയാണ്, വാളയാർ കേസ് വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുഞ്ഞുങ്ങൾക്ക് നേരേ ലൈംഗിക ഉദ്ദേശ്യത്തോടെ നീളുന്ന ഏതു കയ്യും കുറ്റവാളിയുടേതാണ്. അതിനു ന്യായീകരണം ചമയ്ക്കുന്നവരും കുറ്റമാണ് ചെയ്യുന്നത്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് കർശന ശിക്ഷ വാങ്ങിക്കൊടുക്കും അട്ടപ്പള്ളത്തെ ഒറ്റമുറി വീടാണ്. ശേഷിയറ്റ കാലുമായി അച്ഛൻ. പണിക്ക് പോയി വന്ന അമ്മ. ഉറ്റബന്ധുവിന്റെ നികൃഷ്ടാവയവങ്ങളാണ് കുഞ്ഞുങ്ങൾക്ക് നേരേ നീണ്ടത്. അമ്മ സാക്ഷിയാണ്. നിയമങ്ങൾ ശക്തമാണ്. സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നിട്ടും സംഭവിച്ചത് നോക്കൂ. മൂന്നാം പ്രതി പ്രദീപിനെ ആദ്യം വിട്ടു. ബാക്കി പ്രതികളെ പിന്നാലെ വിട്ടു. ശിശുക്ഷേമ സമിതി അധ്യക്ഷൻ പ്രതി പ്രദീപിന് വേണ്ടി ഹാജരായി. അത് വാർത്തയായി. അപ്പോൾ കേസ് ജൂനിയറിന് വിട്ടു. പിന്നേയും വിവാദം. പഴയ ജൂനിയർ കേസിനെത്തി. പ്രതികൾ രക്ഷപ്പെട്ടു. അമ്മ പലവട്ടം മൊഴി മാറ്റി എന്നാണ് ന്യായം. സ്വന്തം മകളുടെ ദുർവിധി കോടതിയിൽ പറഞ്ഞില്ലേ ആ അമ്മ? അന്യായക്കോടതികളിലെ നിയമക്കുരുക്കുകളും ദുർവ്യാഖ്യാനങ്ങളും അവർക്ക് അറിഞ്ഞുകൂടാ. പ്രതികൾക്ക് താങ്ങായി കൂട്ടുകാർ. പുതിയ അടവുകൾ. പുതിയ ആയുധങ്ങൾ. പഠിപ്പ് തികയാത്ത ദോഷം. അപ്പോഴും മറക്കല്ലേ, ആ മക്കളെ. നമ്മുടെ മക്കളും കടന്നു പോന്നതല്ലേ അതേ പ്രായം? എത്രയെത്ര കേസുകളിലാണ് സംസ്ഥാന പോലീസ് തികഞ്ഞ പരാജയമാവുന്നത്. നമ്മുടെ നികുതിപ്പണമല്ലേ ശമ്പളം? ഉപതിരഞ്ഞെടുപ്പിന് മുമ്പ് ജോളി കേസ് ആഘോഷിച്ചപ്പോഴേ പറഞ്ഞു. പോലീസിന് അവസാനത്തെ ചിരിക്ക് നേരമായിട്ടില്ല. ആ കേസിലും പൊരുത്തക്കേടുകളുണ്ട്. അതെന്തുമാകട്ടെ. സ്വന്തം പാർട്ടിയുടെ അണികൾക്ക് മാത്രം നീതി മതിയോ? ആ അമ്മ പറയുന്നു. പ്രതികൾ അരിവാൾ ചുറ്റികക്കാരാണ്. ഈയുള്ളവൾ വിശ്വസിക്കുന്നില്ല. അവർ കുറ്റവാളികളാണ്. അത് മാത്രമാണ്. മുമ്പേ പറഞ്ഞല്ലോ. ഇറച്ചിക്കണ്ടങ്ങളിൽ തിരയേണ്ടതല്ല കൊടിയുടെ നിറം. ആ അമ്മ അറിഞ്ഞില്ല കേസിൽ വിധി വരാറായി എന്നു പോലും. കേസിന്റെ നാൾ വഴികൾ ഒന്നും അറിഞ്ഞില്ല. പറഞ്ഞവർ തെറ്റിദ്ധരിപ്പിച്ചിരിക്കാം. അന്നന്നത്തെ അന്നം അന്വേഷിക്കുന്നവന്റെ പെടാപ്പാടുകളിൽ കോടതിയുടെ വെളിപാടുകൾക്ക് ഇടിമിന്നലിന്റെ നിറമാണ്. പാലക്കാട് ആത്മഹത്യ ചെയ്ത പോലീസുകാരന്റെ കാര്യത്തിലും നീതി ഇനിയും അകലെയാണ്. ആദിവാസി മധുവിന്റെ കാര്യത്തിലെന്ന പോലെ. വംശീയതയേയും വർണവെറിയേയും പറ്റി സൈബർ തെരുവിൽ ഓരിയിട്ടിട്ട് കാര്യമില്ല. നീതി കേഴുന്നുണ്ട് ഈ കേരളത്തിലും. വിപ്ലവകാരികൾ ഭരിക്കുന്ന കാലഘട്ടത്തിലും. പറഞ്ഞല്ലോ. സെലക്ടീവാണ് നമ്മുടെ വിവാദങ്ങൾ. മരടിലെ ഫ്ളാറ്റുടമകൾക്ക് വേണ്ടി വാദിക്കുന്നവർക്ക് അറിയാനാവില്ല. പാവങ്ങൾ മരിച്ചുവീഴുന്നത്. രണ്ടുനാൾ കഴിഞ്ഞപ്പോഴേ അപ്പീൽ പോകണം എന്നെങ്കിലും പറയാൻ മന്ത്രി എകെ ബാലന് നാവ് പൊന്തിയുള്ളൂ. എത്ര പ്രതീക്ഷ പകർന്നിരുന്നു പണ്ട് സഖാവ് ബാലൻ. മുതിരുമ്പോൾ എല്ലാ ബാലന്മാരും മരിച്ചു പോകുന്നു. അധികാരത്തിന്റെ വ്യാകരണങ്ങൾ വഴികളെ കയ്പുറ്റതാക്കുന്നു. ഇല്ല, ഇനി ഒന്നും പറയാനില്ല. ശവക്കുഴികൾ സങ്കടപ്പെടുത്തുന്നതാണ്. കുഞ്ഞുങ്ങളുടേതാവുമ്പോൾ പ്രത്യേകിച്ചും. യു.പിയിൽ ആയാലും ഗുജറാത്തിൽ ആയാലും ഇങ്ങ് കേരളത്തിൽ ആയാലും. സ്വന്തം മുഖം വ്യത്യസ്തമെന്ന് ബോധ്യപ്പെടുത്തേണ്ടത് അധികാരികളാണ്. അതും ഒരു തിരഞ്ഞെടുപ്പാണ്. Content highlights:Walayar rape case dr M Sumithra opinion


from mathrubhumi.latestnews.rssfeed https://ift.tt/32VqRT2
via IFTTT