Breaking

Sunday, October 27, 2019

''രണ്ട് വര്‍ഷം ജയിലില്‍ കിടന്നതാണ്, ഇനിയും മടിയില്ല''; റോഡില്‍ ഡ്രൈവറുടെ ഷോ

തൃശ്ശൂർ: തിരക്കേറിയ പാതയിൽ രണ്ട് കാറുകൾക്ക് ഒരുമിച്ചുപോകാൻ സ്ഥലമില്ലാത്തയിടത്ത് മറ്റൊരു ബസിനെ മറികടന്ന് സ്വകാര്യബസ്. ഇരുബസിനുമിടയിൽപ്പെട്ടുപോയ ബൈക്ക് യാത്രക്കാരെ തട്ടിയിട്ടിട്ടും കാര്യമാക്കാതെ പാഞ്ഞ് മറികടക്കാനായി തിക്കിത്തിരക്കി ബസ്. അപകടം മണത്ത ആദ്യത്തെ ബസ് നിർത്തിയതിനാൽ അടിയിലേക്ക് വീണ ബൈക്ക് യാത്രക്കാരുടെ തലയിലൂടെ ചക്രങ്ങൾ കയറിയിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിന് സമീപം ദിവാൻജിമൂലയിൽ ശനിയാഴ്ച രണ്ടരയോടെ ഈ അപകടം. കണ്ടവർ ഞെട്ടി നെഞ്ചത്ത് കൈവെച്ചു. അപകടമുണ്ടാക്കിയിട്ടും നിർത്താൻ കൂട്ടാക്കാതെ ബസ് മുന്നോട്ടെടുത്തപ്പോൾ നാട്ടുകാർ ഒച്ചപ്പാടുണ്ടാക്കി നിർത്തിച്ചു. അതിൽനിന്ന് ഇറങ്ങിവന്ന ഡ്രൈവർ ചോദ്യംചെയ്ത നാട്ടുകാർക്ക് മുന്നിൽ മസിൽ പെരുപ്പിച്ചുകാട്ടി, കൂടെ ഒരു ഡയലോഗും-''ഞാൻ രണ്ട് വർഷം ജയിലിൽ കിടന്ന് വന്നതാണ്. ഇനിയും കിടക്കാൻ മടിയില്ല. ബസാകുമ്പോൾ സമയത്തിനെത്താൻ ഒാവർടേക്ക് ചെയ്യും. അപ്പോൾ ചിലപ്പോൾ അപകടവുമുണ്ടാകും. ചോദിക്കാൻ നിങ്ങളാരാ?'' സംഭവം കൈവിട്ട കളിയാണെന്ന് മനസ്സിലാക്കി നാട്ടുകാർ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനോട് കാര്യം പറഞ്ഞു. പോലീസെത്തിയിട്ടും ഡ്രൈവർക്ക് കൂസലില്ലായിരുന്നു. നിങ്ങളേക്കാളും വലിയ പോലീസിന്റെയടുത്ത് പിടിപാടുണ്ടെന്ന മട്ടിൽ, അത് തെളിയിക്കാനായി ആർക്കെല്ലാമോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു ഡ്രൈവർ. ഇതിനിടെ പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന്റെ തിരക്കിൽ നാട്ടുകാരും, ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിൽ പോലീസും മുഴുകിയതോടെ ബസെടുത്ത് പ്രശ്നക്കാരനായ ഡ്രൈവറും പോയി. ബസിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി ബൈക്ക് യാത്രികർ തൃശ്ശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഞായറാഴ്ച ഹാജരാകാനാണ് ഡ്രൈവറോട് പോലീസ് നിർദേശിച്ചത്. മദ്യപിച്ചോയെന്ന് അറിയാൻ അപ്പോൾത്തന്നെ രക്തപരിശോധന നടത്താതെ രക്ഷപ്പെടുത്താനാണ് പോലീസ് ശ്രമിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3687UOZ
via IFTTT