Breaking

Wednesday, October 30, 2019

ശിവസേന ചർച്ച റദ്ദാക്കി; മഹാരാഷ്ട്രയിൽ പ്രതിസന്ധി മൂർച്ഛിക്കുന്നു

മുംബൈ: ബി.ജെ.പി.യുമായി ചൊവ്വാഴ്ച നടത്താനിരുന്ന ചർച്ചയിൽനിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപവത്കരണനീക്കങ്ങൾ അനിശ്ചിതത്വത്തിലായി. മുഖ്യമന്ത്രിപദം പങ്കുവെക്കുന്നതുസംബന്ധിച്ച് ശിവസേനയ്ക്ക് നേരത്തേ ഉറപ്പൊന്നും കൊടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് വ്യക്തമാക്കിയതിനുപിന്നാലെയാണ് ചർച്ചയിൽനിന്ന് പിന്മാറുന്ന കാര്യം ശിവസേന അറിയിച്ചത്. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായുടെ മുംബൈ സന്ദർശനവും മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിപദം രണ്ടരവർഷംവീതം പങ്കുവെക്കണമെന്ന് ശിവസേനയും അതുപറ്റില്ലെന്ന് ബി.ജെ.പി.യും ശഠിക്കുന്നതുകാരണമാണ് തിരഞ്ഞെടുപ്പുഫലം വന്ന് അഞ്ചുദിവസം പിന്നിട്ടിട്ടെങ്കിലും മന്ത്രിസഭാരൂപവത്കരണത്തിലേക്ക് കടക്കാൻ ഭരണമുന്നണിക്ക് കഴിയാതെവന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ മുഖ്യമന്ത്രിപദം 50:50 അനുപാതത്തിൽ പങ്കുവെക്കാമെന്ന് ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ ലോക്സഭാ തിരഞ്ഞടുപ്പുവേളയിൽ ഉറപ്പുനൽകിയിരുന്നു എന്നാണ് ശിവസേന പറയുന്നത്. ഈ ധാരണയിൽനിന്ന് പിന്നോട്ടില്ലെന്ന് ശിവസേനാനേതാക്കൾ ആവർത്തിക്കുന്നു. എന്നാൽ, അങ്ങനെയൊരു ഉറപ്പ് ആരും ശിവസേനയ്ക്ക് നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ചൊവ്വാഴ്ച പറഞ്ഞു. മഹാരാഷ്ട്ര സർക്കാരിന് അടുത്ത അഞ്ചുവർഷത്തേക്ക് ബി.ജെ.പി.തന്നെ നേതൃത്വം നൽകുമെന്നും അഞ്ചുവർഷക്കാലവും ശിവസേന മന്ത്രിസഭയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനയാണ് ശിവസേനയെ പ്രകോപിപ്പിച്ചത്. ഫഡ്നവിസ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ സത്യത്തിന്റെ നിർവചനംതന്നെ മാറ്റേണ്ടിവരുമെന്ന് ശിവസേനാനേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. അമിത് ഷായുടെ സാന്നിധ്യത്തിൽ ഫഡ്നവിസ്തന്നെയാണ് പദവികൾ തുല്യമായി പങ്കുവെക്കാമെന്ന നിർദേശം വെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫഡ്നവിസ് ഇതേക്കുറിച്ച് സംസാരിക്കുന്ന വീഡിയോദൃശ്യവും ശിവസേന പുറത്തുവിട്ടിട്ടുണ്ട്. ഫഡ്നവിസിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച വൈകീട്ട് നടക്കാനിരുന്ന ചർച്ചയിൽനിന്ന് പിന്മാറാൻ ശിവസേനാനേതാവ് ഉദ്ധവ് താക്കറെ നിർദേശം നൽകിയതെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും ബി.ജെ.പി. നേതാവ് ഭൂപേന്ദ്ര യാദവും പങ്കെടുക്കുന്ന യോഗത്തിൽ സുഭാഷ് ദേശായിയും സഞ്ജയ് റാവുത്തും ശിവസേനയെ പ്രതിനിധാനംചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ബുധനാഴ്ച നടക്കുന്ന ബി.ജെ.പി. നിയമസഭാകക്ഷിയോഗത്തിൽ സംബന്ധിക്കാൻ പാർട്ടി അധ്യക്ഷൻ അമിത് ഷാ മുംബൈയിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടാവില്ലെന്ന് ഫഡ്നവിസ് ചൊവ്വാഴ്ച അറിയിച്ചു. മുംബൈയിൽവെച്ച് അമിത് ഷായും ശിവസേനാനേതാവ് ഉദ്ധവ് താക്കറെയും തമ്മിൽ ചർച്ച നടക്കാനുള്ള സാധ്യതയും അതോടെ ഇല്ലാതായി. 45 ശിവസേനാ എം.എൽ.എ.മാർ ഫഡ്നവിസുമായി ബന്ധപ്പെട്ടതായി ബി.ജെ.പി. നേതാവ് മുംബൈ: പുതുതായി തിരഞ്ഞെടുക്കപ്പെട്ട 45 ശിവസേനാ എം.എൽ.എ.മാർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബി.ജെ.പി. രാജ്യസഭാംഗം സഞ്ജയ് കാക്കഡെ അവകാശപ്പെട്ടു. സർക്കാർരൂപവത്കരണത്തിൽ ബി.ജെ.പി.യോട് സഹകരിക്കാൻ ഇവർ സന്നദ്ധത പ്രകടിപ്പിച്ചതായും അദ്ദേഹം പുണെയിൽ പറഞ്ഞു. റിയൽ എസ്റ്റേറ്റ് വ്യവസായിയായ സഞ്ജയ് കാക്കഡെ സ്വതന്ത്രസ്ഥാനാർഥിയായാണ് മഹാരാഷ്ട്രയിൽനിന്ന് രാജ്യസഭയിലെത്തിയത്. പിന്നീട് ബി.ജെ.പി.യിൽ ചേരുകയായിരുന്നു. അതിനിടെ, രണ്ട് സ്വതന്ത്ര എം.എൽ.എ.മാർകൂടി ചൊവ്വാഴ്ച ബി.ജെ.പി.ക്ക് പിന്തുണപ്രഖ്യാപിച്ചു. 10 സ്വതന്ത്രരുടെ പിന്തുണ ബി.ജെ.പി.ക്ക് ഉണ്ടെന്നും അഞ്ചുപേർകൂടി പിന്തുണയുമായെത്തുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. Content Highlights: Amit Shah also cancels mumbai visit


from mathrubhumi.latestnews.rssfeed https://ift.tt/2MX8l7h
via IFTTT