ന്യൂഡൽഹി: മഹാരാഷ്ട്രയിലേയും ഹരിയാണയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തിനിൽക്കവെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി ബാങ്കോക്കിലേക്ക് പോയതായി അഭ്യൂഹം. ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തതാണ് ഇക്കാര്യം. ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിലെയും ഹരിയാണയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകൾ. രാഹുൽഗാന്ധിയുടെ വിശ്വസ്തനും ഹരിയാണ കോൺഗ്രസ് മുൻ അധ്യക്ഷനുമായിരുന്ന അശോക് തൻവാർ പാർട്ടിയിൽനിന്ന് രാജിവച്ചത് കോൺഗ്രസിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രാഹുൽ വളർത്തിക്കൊണ്ടുവന്ന നേതാക്കളെ പാർശ്വവത്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം തൻവാർ ഉന്നയിച്ചിരുന്നു. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമും കഴിഞ്ഞ ദിവസം കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നു. രാഹുൽഗാന്ധിയുടെ വിശ്വസ്തരെ അവഗണിക്കുന്നുവെന്ന ആരോപണമാണ് അദ്ദേഹവും ഉയർത്തിയത്. ഇത്തരത്തിലുള്ള പ്രതിസന്ധികൾ കോൺഗ്രസ് നേരിടുന്നതിനിടെ രാഹുൽ വിദേശത്തേക്ക് പോയെന്നാണ് അഭ്യൂഹങ്ങൾ. വിസ്താര വിമാനത്തിൽ രാഹുൽഗാന്ധി ശനിയാഴ്ച ബാങ്കോക്കിലേക്ക് പോയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. അതിനിടെ, മഹാരാഷ്ട്രയിലും ഹരിയാണയിലും രാഹുൽഗാന്ധി പ്രചാരണം നടത്തുമെന്ന വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തി. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങൾ പൊതുജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് രാഹുലിന്റെ യാത്രയെപ്പറ്റി കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി ട്വീറ്റ് ചെയ്തു. Content Highlights:Ahead Assembly polls, Rahul Gandhi leaves for Bangkok
from mathrubhumi.latestnews.rssfeed https://ift.tt/31RdO4I
via
IFTTT